മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലുള്ള പലര്‍ക്കും അറിയില്ല മലയാളം എന്താണെന്ന്; പക്ഷേ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിക്ക് അറിയാം മലയാളം കേരളത്തിലെ ഭാഷയാണെന്ന്

single-img
23 August 2014

Prime Ministerഇന്ത്യയിലെ 30 സ്ഥാനങ്ങളില്‍ പലസംസ്ഥാനങ്ങളിലേയും പലര്‍ക്കുമറിയില്ല മലയാളം എന്നത് എന്താണെന്ന്? മലയാളം ഒരു ഭാഷയാണെന്ന് പറയുമ്പോള്‍ മലേഷ്യയിലെ ഭാഷയാണോ എന്നു ചോദിക്കുന്നവരും കുറവല്ല. പക്ഷേ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി ആബറ്റിന് അറിയാം മലയാളം കേരളത്തിലെ ഭാഷയാണെന്ന്.

കഴിഞ്ഞദിവസമാണ് ഓസ്‌ട്രേലിയന്‍ മലയാളികളെ ഞെട്ടിച്ച പ്രസ്തുത സംഭവമുണ്ടായത്. എസ്.ബി.എസ് റേഡിയോ മലയാളത്തിന്റെ റിപ്പോര്‍ട്ടര്‍ ഡീജുവിനോടാണ് ആ ചോദ്യം പ്രധാനമന്ത്രി ചോദിച്ചത്. സിഡ്‌നിയില്‍ പ്രധാനമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തിന് ശേഷം എസ്.ബി.എസ് റേഡിയോ മലയാളത്തിന്റെ പ്രതിനിധിയായി ഡീജു അദ്ദേഹത്തെപരിചയപ്പെടുകയായിരുന്നു. പരിചയപ്പെടുമ്പോള്‍, തീര്‍ത്തും ഔപചാരികമായ ഒരു സംഭാഷണം മാത്രമേ ഡീജു പ്രതീക്ഷിച്ചുള്ളൂ. താങ്കള്‍ എവിടെ നിന്നുമാണെന്ന ചോദ്യത്തിന് എസ് ബി എസ് മലയാളത്തില്‍ നിന്നാണെന്ന് ഡീജു മറുപടി പറഞ്ഞു.

”മലയാളം, അപ്പോള്‍ നിങ്ങള്‍ കേരളത്തില്‍ നിന്നാണല്ലേ?”. ആദ്യമൊന്ന് ഞെട്ടിയ ഡീജു താങ്കള്‍ക്കെങ്ങനെ മലയാളത്തെക്കുറിച്ച് അറിയാമെന്ന് ആരാഞ്ഞു. പക്ഷേ അവിടെയും ഞെട്ടിയത് ഡീജുവാണ്. പഠനകാലത്ത് ഇന്ത്യയില്‍ വന്നതിന്റെ ഒട്ടേറെ ഓര്‍മ്മകളുണ്ടെന്ന് അദ്ദേഹം ചിരിച്ചുാെണ്ട് വ്യക്തമാക്കി. മാത്രമല്ല താന്‍ സ്‌നേഹിക്കുന്ന കേരളത്തെക്കുറിച്ചും ചില ഓര്‍മ്മകളുണ്ടെന്ന് ടോണി ആബറ്റ് പറഞ്ഞു. ഈ ഓര്‍മ്മകള്‍ പിന്നീടൊരിക്കല്‍ താങ്കളുടെ ചാനലിനു വേണ്ടി പങ്കുവയ്ക്കാമെന്ന ഉറപ്പും പ്രധാനമന്ത്രി നല്‍കി.

ഒട്ടേറെ മലയാളികള്‍ വസിക്കുന്നിടമാണ് ഓസ്‌ട്രേലിയ. മലയാളികള്‍ക്ക് ദേശീയ പുരസ്‌കാരങ്ങള്‍ ലഭിക്കുന്നതും, ദേശീയ റേഡിയോയില്‍ മലയാളം പ്രക്ഷേപണം അനുവദിച്ചതും മാത്രമല്ല, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിക്ക് മലയാള ഭാഷയെക്കുറിച്ച് അറിയാമെന്നതും മലയാളികള്‍ക്ക് വിശിഷ്യ ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക് ലഭിക്കുന്ന ഒരു അംഗീകാരമാണ്.