കടുത്ത ദാരിദ്ര്യത്തിനിടയിലും മുന്‍പരിചയമില്ലാത്ത ഷാഫിനവാസിന് സ്വന്തം വൃക്ക ദാനം നല്‍കിയ ലേഖ എം. നമ്പൂതിരിക്ക് സുമനസ്സുകളുടെ സഹായത്താല്‍ കിടപ്പാടമൊരുങ്ങുന്നു

single-img
19 August 2014

lEKHAമനുഷ്യത്വത്തിന്റേയും മതേതരത്വത്തിന്റേയും ഉദാത്ത പ്രതീഷമായി, കടുത്ത ദാരിദ്ര്യത്തിനിടയിലും അപരിചിതനായ ഒരാള്‍ക്ക് വൃക്ക ദാനം നല്‍കി മാതൃകയായ യുവതിക്ക് സ്വന്തമായ സ്ഥലവും വീടും ഒരുക്കി നല്‍കാന്‍ മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകരുടെ ശ്രമം പുരോഗമിക്കുന്നു.

വൃക്കരോഗം ബാധിച്ച് മരണത്തെ മുഖാമുഖം കണ്ട പാലക്കാട് സ്വദേശിയായ ഷാഫി നവാസി(35)നു ജീവന്റെ ദേവതയായെത്തി വൃക്ക നല്‍കിയ മാവേലിക്കര സ്വദേശി ലേഖ.എം.നമ്പൂതിരി(31)ക്കു വേണ്ടിയാണ് ഈ ഒന്നിക്കല്‍. തട്ടാരമ്പലത്ത് വാടക വീട്ടില്‍ രോഗിയായ ഭര്‍ത്താവിനൊപ്പം കടുത്ത ദാരിദ്ര്യത്തിലാണ് ലേഖയുടെ വാസം. മക്കളായ മിഥുനും മധുകൃഷ്ണനും പോറ്റാന്‍ മാര്‍ഗമില്ലാത്തതിനാല്‍ അനാഥാലയത്തില്‍ നിന്നാണ് പഠിക്കുന്നത്. ഈ ദുരിത ജീവിതത്തിനിടയിലും മുന്‍പരിചയമൊന്നുമില്ലാത്ത ഷാഫി നവാസിനു വൃക്ക നല്‍കാന്‍ ലേഖ രണ്ടാമതൊന്ന് ആലോചിച്ചില്ല.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ 2012 നവംബര്‍ 15നു നടന്ന വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രകിയ ആരുമറിയാതെ ആയിരിക്കണമൊന്നാണു ലേഖ ആഗ്രഹിച്ചതെങ്കിലും വിധിനിശ്ചയം പോലെ അത് ലോകമറിഞ്ഞു. ലേഖയുടെ സത്പ്രവര്‍ത്തി അറിഞ്ഞ ചിലര്‍ 15 ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്‌തെങ്കിലും സ്‌നേഹപൂര്‍വ്വം അവര്‍ അതെല്ലാം നിരസിക്കുകയായിരുന്നു. ഇതിനിടെയാണ് ഇവരെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാനായി സുമനസ്സുകളുടെ സഹായം തേടി മനുഷ്യാവകാശ സംഘടന രംഗത്തു വന്നത്.
ലേഖയ്ക്കുവേണ്ടി വാങ്ങുന്ന പുരയിടവും വീടും ഡിസംബര്‍ 10ന് ലോക മനുഷ്യാവകാശ ദിനത്തില്‍ കൈമാറാനാണ് ലക്ഷ്യമിടുന്നതെന്ന് സംഘടനാ പ്രസിഡന്റ് എം.ജയമോഹന്‍, ട്രഷറര്‍ സുനില്‍കുമാര്‍ കൈമള്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സുമനസ്സുകളുടെ സഹായത്തിനായി എസ്.ബി.ടി. ഹരിപ്പാട് ഡാണാപ്പടി ബ്രാഞ്ചില്‍ ലേഖാ.എം.നമ്പൂതിരിയുടെ പേരില്‍ ഒരു അക്കൗണ്ടും തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ 67286750448. ഐ.എഫ്.എസ്.സി. കോഡ് 0000440, ബ്രാഞ്ച് കോഡ് 70440.