തോമസ് ഈ ലോകത്തു നിന്നും വിടവാങ്ങി, നാലുപേര്‍ക്ക് ജീവനും രണ്ടുപേര്‍ക്ക് വെളിച്ചവും നല്‍കിക്കൊണ്ട്

single-img
18 August 2014

Thomasചുറ്റുമുള്ളവരുടെ എന്താവശ്യങ്ങളിലും സഹായവുമായി ഓടിയെത്തിയിരുന്ന, റോഡപകടങ്ങളില്‍പ്പെടുന്നവരെ രക്ഷപ്പെടുത്താന്‍ മുന്‍കൈയെടുത്തിരുന്ന തോമസ് ഇനിയില്ല. പക്ഷേ ജീവനായി നാലുപേരിലും വെളിച്ചമായി രണ്ടുപേരിലും ഓര്‍മ്മയായി ആയിരങ്ങളിലും തോമസ് ജീവിക്കും.

കട്ടപ്പന പാണ്ടിപ്പാറ കാഞ്ഞിരക്കാട്ട് വീട്ടില്‍ വര്‍ഗീസിന്റെ മകനും എറണാകുളം പോളിമര്‍ ആന്‍ഡ് പോള്‍ കെം ബില്‍ഡേഴ്‌സ് ഉടമയുമായ തോമസ്(38) സ്വാതന്ത്ര്യദിനത്തില്‍ പാടിവട്ടം ജംഗ്ഷനില്‍ സ്വകാര്യബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ജീവിതത്തിലേക്ക് തിരിച്ചുവരാനാകാത്തവിധം തലയ്ക്കു പരിക്കേല്‍ക്കുകയായിരുന്നു. തോമസിനെ എറണാകുളം മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ച ബന്ധുക്കള്‍ അവയവദാന സന്നദ്ധത അറിയിച്ചതിനെത്തുടര്‍ന്നു പിറ്റേന്നു വൈകുന്നേരം ലേക്‌ഷോര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ഡയറക്ടര്‍ ഡോ. ഫിലിപ്പ് ജി. തോമസും സംഘവും അവയവങ്ങള്‍ കേടുകൂടാതെ ശേഖരിച്ചു.

ലിസി ആശുപത്രിയില്‍ ചികിത്സയിലുള്ള 45 വയസുള്ള പെരുമ്പാവൂര്‍ സ്വദേശിക്കു തോമസിന്റെ ഹൃദയം നല്‍കി. ലേക്‌ഷോര്‍ ആശുപത്രിയില്‍ കരള്‍രോഗത്തിനു ചികിത്സയിലായിരുന്ന 60 വയസുള്ള തിരുവനന്തപുരം സ്വദേശിക്കാണു തോമസിന്റെ കരള്‍ വച്ചുപിടിപ്പിച്ചത്. ലേക്‌ഷോറില്‍ ചികിത്സയിലുള്ള 59കാരനായ കണ്ണൂര്‍ സ്വദേശിക്ക് ഒരു വൃക്ക നലകിയപ്പോള്‍ മറ്റൊരു വൃക്ക പാന്‍ക്രിയാസിന് അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ള 35കാരനായ പാലക്കാട് സ്വദേശിക്കും നല്‍കി.

”എനിക്ക് അപകടമരണം സംഭവിച്ചാല്‍ എന്റെ അവയവങ്ങള്‍ ദാനം ചെയ്‌തേക്കണം; ആരെങ്കിലുമൊക്കെ രക്ഷപ്പെടുമല്ലോ” എന്ന തോമസിന്റെ ഇടയ്ക്കിടയ്ക്കുള്ള ഓര്‍മ്മപ്പെടുത്തല്‍ അക്ഷരം പ്രതി നടപ്പിലാക്കുകയായിരുന്നു ഭാര്യ ലിജിയും അച്ഛന്‍ വര്‍ഗീസും കൂട്ടുകാരും. കഴിഞ്ഞ ഡിസംബറില്‍ ബാംഗളൂരില്‍ നടന്ന ദേശീയ ടെന്‍പിന്‍ ബൗളിംഗ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ചിരുന്നു. ലുലുവിലെ ടെന്‍പിന്‍ ബൗളിംഗ് ടീമില്‍ അംഗമാണ്.

വിവരമറിഞ്ഞ് ലേക്‌ഷോര്‍ ആശുപത്രിയിലെത്തിയ മന്ത്രി ആര്യാടന്‍ മുഹമ്മദ് തോമസിന്റെ അച്ഛനെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിക്കുകയും അവയവങ്ങള്‍ ദാനം ചെയ്തതിന് അഭിനന്ദിക്കുകയും ചെയ്തു. തോമസിന്റെ ഏകമകള്‍ ആറു വയസുകാരി ആന്‍ റോസ് ഇടപ്പള്ളി കാംപെയ്ന്‍ സ്‌കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. മൂത്ത സഹോദരന്‍ കെ.വി. ജോസഫ് കട്ടപ്പന എസ്പി ഓഫീസില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറാണ്.