ഇന്ത്യക്ക് ദയനീയ പരാജയം

single-img
18 August 2014

Jimmiലണ്ടന്‍:  അത്ഭുതങ്ങൾ സംഭവിച്ചില്ല, അവസാനത്തേയും അഞ്ചാമത്തേയും ടെസ്റ്റില്‍ ഇന്നിങ്‌സിനും 244 റണ്‍സിനും തകര്‍ന്ന് ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനു മുന്നില്‍ ഇന്ത്യയുടെ സമ്പൂർണ്ണ പതനം. തുടര്‍ച്ചയായി രണ്ടാം ടെസ്റ്റിലും ഇന്നിങ്‌സിനു തോറ്റ ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തങ്ങളുടെ മൂന്നാമത്തെ വലിയ തോല്‍വിയാണ് ഏറ്റുവാങ്ങിയത്.  ഒന്നാമിന്നിങ്‌സില്‍ 148 റണ്‍സിന് പുറത്തായ ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ മൂന്നക്കം തികയ്ക്കാതെ (94 റണ്‍സ്) പുറത്താവുകയായിരുന്നു. അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ആദ്യം തോല്‍വി സമ്മതിച്ചെങ്കിലും പിന്നീട് തുടരെ മൂന്നു ടെസ്റ്റുകള്‍ ജയിച്ച് ആതിഥേയരായ ഇംഗ്ലണ്ട് പരമ്പര 3-1 കൈയടക്കി.

149 റണ്‍സ് നേടി പുറത്താകാതെ നിന്ന് ആതിഥേയര്‍ക്ക് 486 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോര്‍ സമ്മാനിച്ച ജോ റൂട്ടാണ് കളിയിലെ കേമന്‍. സ്‌കോര്‍: ഇന്ത്യ 148, 94; ഇംഗ്ലണ്ട് 486.

സ്വിങ് ബൗളിങ്ങിനും പേസ് ബൗളിങ്ങിനും അനുയോജ്യമായ സാഹചര്യങ്ങളില്‍ ഇന്ത്യന്‍ ടീമിന്റെ ദൗര്‍ബല്യങ്ങള്‍ തുറന്നു കാട്ടുന്നതായിരുന്നു പിന്നീടുള്ള മൂന്നു ടെസ്റ്റുകള്‍. ഓരോ മത്സരം കഴിയും തോറും കേമന്മാരെന്ന് വാഴ്ത്തപ്പെട്ട ബാറ്റ്‌സ്മാന്മാര്‍ വെറും ലോക്കല്‍ താരങ്ങളെപ്പോലെ പോരാടാന്‍ ശക്തിയില്ലാതെ തലകുനിച്ചു മടങ്ങുന്ന ദയനീയ കാഴ്ചയായിരുന്നു കഴിഞ്ഞ മൂന്നു ടെസ്റ്റുകളിലും.  29.2 ഓവറില്‍ വെറും 94 റണ്‍സിനാണ് അവര്‍ അവസാന ഇന്നിങ്‌സില്‍ തകര്‍ന്നടിഞ്ഞത്.

1977ന് ശേഷം ഇന്ത്യ തുടരെ അഞ്ച് ഇന്നിങ്‌സുകളില്‍ 200 റണ്‍സില്‍ താഴെ പുറത്തായിട്ടില്ല. സതാംപ്ടണില്‍ രണ്ടാമിന്നിങ്‌സില്‍ 178 റണ്‍സിന് പുറത്തായ ഇന്ത്യയുടെ പിന്നീടുള്ള നാല് ഇന്നിങ്‌സുകള്‍ ഇപ്രകാരമാണ് 152, 161, 148, 94.

മൂന്നാം ദിനം ഏഴിന് 385 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ട് അതിവേഗം റണ്‍ അടിച്ചുകൂട്ടുന്നതാണ് കണ്ടത്. രാവലെ 11.3 ഓവറില്‍ 101 റണ്‍സ് കൂടി ചേര്‍ത്താണ് അവര്‍ പുറത്തായത്. 165 പന്തുകളില്‍ 18 ബൗണ്ടറിയും ഒരു സിക്‌സറും പറത്തി റൂട്ട് 149 റണ്‍സുമായി പുറത്താവാതെ നിന്നു. ഇന്ത്യന്‍ നിരയില്‍ ഇഷാന്ത് ശര്‍മ നാലു വിക്കറ്റെടുത്തു.

സ്‌കോര്‍ബോര്‍ഡ്

ഇന്ത്യ ഒന്നാമിന്നിങ്‌സ് 148

ഇംഗ്ലണ്ട് ഒന്നാമിന്നിങ്‌സ് 486

ഇന്ത്യ രണ്ടാമിന്നിങ്‌സ്
വിജയ് എല്‍ബിഡബ്ല്യു ആന്‍ഡേഴ്‌സണ്‍ 2, ഗംഭീര്‍ റണ്ണൗട്ട് 3, പുജാര സി ബട്‌ലര്‍ ബി ആന്‍ഡേഴ്‌സണ്‍ 11, കോലി സി കുക്ക് ബി ജോര്‍ഡന്‍ 20, രഹാനെ സി ബാലന്‍സ് ബി ബ്രോഡ് 4, ധോനി സി റോബ്‌സണ്‍ ബി വോക്‌സ് 0, ബിന്നി നോട്ടൗട്ട് 25, അശ്വിന്‍ സി ബെല്‍ ബി ജോര്‍ഡന്‍ 7, ഭുവനേശ്വര്‍ സി ബെല്‍ ബി ജോര്‍ഡന്‍ 4, ആറോണ്‍ റണ്ണൗട്ട് 1, ഇഷാന്ത് സി അലി ബി ജോര്‍ഡന്‍ 2, എക്‌സ്ട്രാസ് 15, ആകെ 29.2 ഓവറില്‍ 94ന് പുറത്ത്.
വിക്കറ്റുവീഴ്ച: 1-6, 2-9, 3-30, 4-45, 5-46, 6-62, 7-70, 8-74, 9-84, 10-94.
ബൗളിങ്: ആന്‍ഡേഴ്‌സണ്‍ 8-3-16-2, ബ്രോഡ് 10-2-22-1, വോക്‌സ് 7-0-24-1, ജോര്‍ഡന്‍ 4.2-0-18-4.