കാടിനുള്ളില്‍ ഏതുവഴിയും സഞ്ചരിച്ച് മാവോയിസ്റ്റുകളെ വേട്ടയാടാന്‍ ഇറക്കിയ 25 ലക്ഷത്തിന്റെ അമേരിക്കന്‍ നിര്‍മ്മിത വാഹനം പോളാരിസ് കട്ടപ്പുറത്തായി

single-img
7 August 2014

Polariseകാടിനുള്ളില്‍ ഏതുവഴിയും സഞ്ചരിച്ച് മാവോയിസ്റ്റുകളെ വേട്ടയാടാന്‍ ഇറക്കിയ അമേരിക്കന്‍ നിര്‍മ്മിത വാഹനം പോളാരിസ് കട്ടപ്പുറത്തായി. ഒന്നിന് ഇരുപത്തിനാലര ലക്ഷം വിലമതിക്കുന്ന പോളാരിസ് റേഞ്ചര്‍ 800 ന്റെ നാലു വാഹനങ്ങളാണു സംസ്ഥാനത്ത് മാമവായിസ്റ്റ് വേട്ടയ്ക്കു വേണ്ടി ഇറക്കുമതി ചെയ്തത്.

കാട്ടില്‍ പരിശീലനത്തിനായി ഇറക്കിയ ആദ്യദിവസംതന്നെ ആധുനിക വാഹനം കട്ടപ്പുറത്തായിരുന്നു. തുടര്‍ന്ന് ഏറെ നാള്‍ പോലീസ് സ്റ്റേഷന്‍ പരിസരത്തു വിശ്രമിക്കുകയായിരുന്ന വാഹനം കഴിഞ്ഞദിവസം നിലമ്പൂരില്‍നിന്നു പൂക്കോട്ടുംപാടം പോലീസ് സ്റ്റേഷനിലേക്കു പോകും വഴി നരിപ്പൊയിലെത്തിയപ്പോള്‍ വാഹനം നിന്നുപോയി. പിന്നെ നാട്ടുകാര്‍ തള്ളിയാണ് ഒരുവിധം ഒതുക്കിയിട്ടത്.

മാവോയിസ്റ്റ് ഭീഷണിയുള്ള നാലു ജില്ലകളിലേക്കായി മാര്‍ച്ച് അവസാനത്തോടെയാണ് വിദേശത്തുനിന്നും പോളാരിസ് റേഞ്ചറുകള്‍ ഇറക്കുമതി ചെയ്തത്. ഇറക്കുമതിയും മറ്റും ഉള്‍പ്പെടെ ഒരു കോടിയോളം രൂപയാണു ചെലവ്. ഉള്‍ക്കാട്ടില്‍ താവളമടിച്ചിട്ടുള്ള മാവോയിസ്റ്റുകളെ കണെ്ടത്താന്‍ വനത്തിലൂടെ ഓടിക്കാനാണു വിദേശ വാഹനമെന്നായിരുന്നു ആഭ്യന്തരവിഭാഗത്തിന്റെ അറിയിപ്പ്.

45 ഡിഗ്രി ചെരിവുള്ള വഴിയിലൂടെ സഞ്ചരിക്കാനാവും. കല്ലും മുള്ളും വീണുകിടക്കുന്ന മരങ്ങളും ചെങ്കുത്തായ പ്രദേശങ്ങളും തുടങ്ങി ഏതു തരത്തിലുള്ള തടസങ്ങളും തട്ടിയകറ്റി കാട്ടുവഴികളിലൂടെ സഞ്ചരിക്കാം. ആറു യാത്രക്കാര്‍ക്കിരിക്കാം. അഞ്ഞൂറ് കിലോ ഭാരം വഹിക്കാം. ഇതൊക്കെയായിരുന്നു കമ്പനിയുടെ അവകാശവാദം. ഇതിന്റെ ഭാഗമായി ഡ്രൈവര്‍മാരും ടെക്‌നീഷന്‍മാരുമുള്‍പ്പെടെ 15 പേര്‍ക്കു ചെന്നൈയില്‍നിന്നു പരിശീലനവും നല്‍കിയിരുന്നു.

ഒരു ലിറ്റര്‍ പെട്രോളിനു പരമാവധി പത്തു കിലോമീറ്റര്‍ മൈലേജാണ് അവകാശപ്പെട്ടതെങ്കിലും ആറു കിലോമീറ്റര്‍ മാത്രമേ ലഭിക്കുന്നുള്ളു. എന്നാല്‍, ഇറക്കുമതി ചെയ്ത ഈ വാഹനം ഒരിക്കല്‍ പോലും മാവോയിസ്റ്റ് വേട്ടയ്ക്ക് ഉപയോഗിക്കാന്‍ പോലീസിനു കഴിഞ്ഞില്ല. ടിപ്പര്‍ ലോറിയില്‍ കെട്ടി വലിച്ചാണു വാഹനം നിലമ്പൂര്‍ സര്‍ക്കിള്‍ ഓഫീസ് പരിസരത്തേക്ക് കൊണ്ടുപോയത്.