ജഡേജയും ആന്‍ഡേഴ്‌സണും കുറ്റക്കാരല്ലെന്നു ഐ.സി.സി

single-img
2 August 2014

ICCസതാംപ്‌ടണ്‍: നോട്ടിങ്ഹാം ടെസ്റ്റില്‍ പരസ്‌പരം വാക്കേറ്റം നടത്തിയ ഇന്ത്യയുടെ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും ഇംഗ്ലണ്ടിന്റെ പേസ്‌ ബൗളര്‍ ജെയിംസ്‌ ആന്‍ഡേഴ്‌സണും കുറ്റക്കാരല്ലെന്നു ഐ.സി.സി. വീഡിയോ കോണ്‍ഫറന്‍സ്‌ വഴി നടന്ന വാദം കേള്‍ക്കലിനു ശേഷമാണ്‌ ഐ.സി.സി. നിയോഗിച്ച ജുഡീഷ്യല്‍ കമ്മിഷണര്‍ ഗോര്‍ഡന്‍ ലൂയിസ്‌ ഇരുവരും കുറ്റക്കാരല്ലെന്നു പ്രഖ്യാപിച്ചത്‌. ഇതോടെ ജഡേജക്കെതിരെ മാച്ച് റഫറി ഡേവിഡ് ബൂണ്‍ ഒന്നാം ലെവല്‍ കുറ്റത്തിന് ചുമത്തിയിരുന്നു പിഴ നല്‍കേണ്ടതില്ല.വിധിക്കെതിരേ ഇരുരാജ്യങ്ങള്‍ക്കും അപ്പീല്‍ നല്‍കാനാകില്ലെന്നും ജുഡീഷ്യല്‍ കമ്മിഷണര്‍ വ്യക്‌തമാക്കി. ആറു മണിക്കൂറു കൊണ്ടാണു വാദം അവസാനിച്ചത്‌. ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും കളിക്കാരുള്‍പ്പെടെയുള്ള ദൃക്‌സാക്ഷികളാണു മൊഴി നല്‍കിയിരുന്നത്‌.

ഇരുവരും തമ്മില്‍ വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടതിന്‍െ ദൃശ്യങ്ങള്‍ സ്റ്റേഡിയത്തിലെ സിസി ടിവിയില്‍ പതിഞ്ഞിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് ഇരുഭാഗങ്ങളില്‍ നിന്നും വാദം കേള്‍ക്കുന്നതിന് ഐസിസി തയാറായത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് പോലും വിലക്കാവുന്ന തെറ്റാണ് ആന്‍ഡേഴ്സണ്‍ ചെയ്തതെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.