പിതാവിന്റെ വേര്‍പാട് ഉള്ളിലൊതുക്കി ഷെഫീന നേടിയെടുത്തത് ഒന്നാംറാങ്ക്

single-img
31 July 2014

Shefeenaപിതാവിന്റ മരണം നലകിയ വേദന ഉള്ളിലൊതുക്കി എംജി യൂണിവോഴ്‌സിറ്റി കംപ്യൂട്ടര്‍ സയന്‍സ് എംടെക്ക് പരീക്ഷയെഴുതി ഷെഫീന നേടിയെടുത്തത് പൊന്‍തിളക്കമുള്ള ഒന്നാം റാങ്ക്. തമിഴ്‌നാട്ടിലെ ഒട്ടംഛത്രത്ത് കഴിഞ്ഞ ഡിസംബര്‍ പത്തിന് കാറില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ ഫര്‍ണിച്ചര്‍ വ്യാപാരിയായ ബഷീര്‍ മരണപ്പെട്ടപ്പോള്‍ തകര്‍ന്ന മനസ്സിശന പുനരുജ്ജീവിപ്പിച്ച് ചുമലില്‍ വന്നുവീണ ജീവിതഭാരത്തിനെ വെല്ലുവിളിയായി ഏറ്റെടുത്താണ് ഷെഫീന ഈ നേട്ടം സ്വന്തമാക്കിയത്.

പുതിയ വീടിന്റെ നിര്‍മ്മാണത്തിന് സാധനങ്ങള്‍ വാങ്ങുവാന്‍ കോയമ്പത്തൂരിലേക്ക് പോകവേയാണ് ഷെഫീനയുടെ പിതാവ് ബഷീര്‍ മരണപ്പെട്ടത്. തന്നെ തേടിവന്ന ഒന്നാം റാങ്കിന്റെ സന്തോഷം പങ്കിടാന്‍ തന്റെ ‘അത്തച്ചി’യില്ലല്ലോയെന്നതാണ് ഷെഫീനയുടെ ദുഃഖം.

പത്താം ക്ലാസിലും പ്ലസ്ടുവിനും ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ച ഷെഫീന ബിടെക്കും എംടെക്കും പഠിച്ചത് കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജില്‍ നിന്നാണ് . സോഫ്റ്റ് വെയര്‍ എന്‍ജിനിയറായി തിരുവനന്തപുരത്ത് ഐബിഎസ് കമ്പനിയില്‍ ജോലി ചെയ്യുകയാണ് ഷെഫീന ഇപ്പോള്‍.

പെരുവന്താനത്ത് വാടകവീട്ടിലാണ് മാതാവ് ഷൈലജയും രണ്ടു സഹോദരിമാരും താമസിക്കുന്നത്. സഹോദരി ഷാഹിന മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായി ജോലിനോക്കുന്നു. മറ്റൊരു സഹോദരി ഷെമീറ ബികോമിന് പഠിക്കന്നു. തന്റെ ബാപ്പയുടെ സ്വന്തം വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുവാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ ഈ മിടുക്കി.