ശബരിമല തീര്‍ഥാടനംകഴിഞ്ഞ് മടങ്ങിയ ഭക്തന്റെ പ്രസാദവും തുണികളും തീവണ്ടിയില്‍ എലികരണ്ട കേസ്:റെയില്‍വേ 10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃകോടതി

single-img
26 July 2014

imagesശബരിമല തീര്‍ഥാടനംകഴിഞ്ഞ് മടങ്ങിയ ഭക്തന്റെ പ്രസാദവും തുണികളും തീവണ്ടിയില്‍ എലികരണ്ട കേസില്‍ റെയില്‍വേ 10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃകോടതിയുടെ വിധി. കുന്താപുരത്തെ പ്രദീപ്കുമാര്‍ ഷെട്ടിയുടെ പരാതിയിലാണ് ഈ വിധി. ദക്ഷിണ കന്നഡ ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര വേദിയാണ് ദക്ഷിണ റെയില്‍വേയോട് നഷ്ടപരിഹാരം നല്‍കാന്‍ ആവശ്യപ്പെട്ടത്.

 

ശബരിമല തീര്‍ഥയാത്രകഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ പ്രദീപും സുഹൃത്തുക്കളും ചെങ്ങന്നൂരില്‍നിന്നാണ് മംഗലാപുരത്തേക്ക് വണ്ടികയറിയത്. ബാഗില്‍ ശബരിമലയിലെ പ്രസാദവും കുട്ടികള്‍ക്കും ബന്ധുക്കള്‍ക്കുമുള്ള തുണികളും വാങ്ങിവെച്ചിരുന്നു. എന്നാല്‍, മംഗലാപുരത്തെത്തി നോക്കിയപ്പോള്‍ ബാഗ് കരണ്ട് ഉള്ളില്‍ക്കയറിയ എലി പ്രസാദം മുഴുവന്‍ തിന്നിരുന്നു.

 

സ്റ്റേഷനിലിറങ്ങി സ്റ്റേഷന്‍ മാനേജര്‍ക്ക് പരാതി നല്‍കിയെങ്കിലും തങ്ങള്‍ നിസ്സഹായരാണെന്നായിരുന്നു ലഭിച്ച മറുപടി. എങ്കിലും പരാതി നല്‍കിയതിന്റെ രസീത് പ്രദീപിന് നല്‍കി. തുടര്‍ന്നാണ് ഉപഭോക്തൃ തര്‍ക്കപരിഹാരക്കോടതിയെ സമീപിച്ചത്.
കേസ് പരിഗണിച്ച ഉപഭോക്തൃ ഫോറം യാത്രക്കാരന്റെ ആവശ്യം ന്യായമാണെന്ന് കണ്ടെത്തി. റെയില്‍വേയോട് നഷ്ടപരിഹാരമായി 10,000 രൂപ നല്‍കാന്‍ ആവശ്യപ്പെട്ടതിനു പുറമെ കോടതിച്ചെലവിനായി 2,000 രൂപകൂടി അടയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തുക നല്‍കാന്‍ വീഴ്ചവരുത്തിയാല്‍ വര്‍ഷം പന്ത്രണ്ട് ശതമാനം പലിശ ഉപഭോക്താവിന് നല്‍കണം.