നല്ല നാളുകള്‍ സ്വപ്‌നം കണ്ട് വഞ്ചിതരായ ജനങ്ങള്‍ പ്രതികരിച്ചു; ഉത്തരാഖണ്ഡില്‍ ബി.ജെ.പിയുടെ കോട്ട ഉലഞ്ഞു

single-img
26 July 2014

Doiwalaനല്ല നാളെകള്‍ വാഗ്ദാനം ചെയ്തു അധികാരത്തിലേറിയ പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്നും ട്രെയിന്‍ചാര്‍ജ്ജ് വര്‍ദ്ധനയും വിലക്കയറ്റവും ഉള്‍പ്പെടെയുള്ള ജനദ്രോഹ നടപടികള്‍ ണ്ടായപ്പോള്‍ ജനങ്ങള്‍ ആദ്യം ഒന്നു ഞെട്ടി. കഴിഞ്ഞ പ്രാവശ്യം യു.പി.എ സര്‍ക്കാരിന്റ തകര്‍ച്ചയ്ക്ക് കാരണമായ ആ പ്രതികരണശേഷി ജനങ്ങള്‍ പുറത്തെടുത്തപ്പോള്‍ ഉത്തരാഖണ്ഡിലെ പരമ്പരാഗത ബി.ജെ.പി കോട്ട തകര്‍ന്നടിഞ്ഞു.

ബി.ജെ.പി നേതാക്കളായ രമേഷ് പൊഖ്‌റിയാല്‍, അജയ് താംത എന്നിവര്‍ ലോക്‌സഭയിലേക്കു ജയിച്ചതിനെത്തുടര്‍ന്നാണു ഉത്തരാഖണ്ഡ് നിയമസഭയിലേക്കുള്ള രണ്ടു സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ പരമ്പരാഗതമായി ബിജെപിയുടെ ഉറച്ചകോട്ടയായി അറിയപ്പെടുന്ന ഡോയിവാലയില്‍ കോണ്‍ഗ്രസിന്റെ ഹിരാ സിംഗ് ബിഷ്ത് 6,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണു ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ തറപറ്റിച്ചത്. ബിജെപിയുടെ മുന്‍ മുഖ്യമന്ത്രിയും എംപിയുമായ രമേഷ് പൊഖ്‌റിയാലിന്റെ സിറ്റിംഗ് സീറ്റായ ഡോയിവാലയില്‍ 20 വര്‍ഷത്തിനു ശേഷമാണു കോണ്‍ഗ്രസ് ജയം കാണുന്നത്.

തങ്ങളുടെ മറ്റൊരു ഉറച്ച കോട്ടയായ സോമേശ്വറില്‍ കോണ്‍ഗ്രസിലെ രേഖ ആര്യ 9,000 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണു വിജയിച്ചത്. ട്രെയിന്‍ ചാര്‍ജ് മുതല്‍ പച്ചക്കറികള്‍ വരെയുള്ളവയുടെ വിലക്കയറ്റവും കോണ്‍ഗ്രസിനെ കടത്തി വെട്ടിയ സാമ്പത്തിക നയസമീപനങ്ങളുമാണു ജനത്തെ മാറ്റി ചിന്തിപ്പിക്കാന്‍ കാരണമായതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.