കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് മികച്ച തുടക്കം; ആദ്യ ദിവസം വനിതകളുടെ ഭാരോദ്വഹനത്തില്‍ സഞ്ജിതക്ക് സ്വര്‍ണം

single-img
25 July 2014

sanjithaഗ്ലാസ്‌ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ആദ്യ ദിവസം വനിതകളുടെ ഭാരോദ്വഹനത്തില്‍ സഞ്ജിത ഖുമുഖം സ്വര്‍ണവും മീരാഭായ് സായിഖോം ചാനു വെള്ളിയും നേടി. കൂടാതെ ജൂഡോയില്‍ ഇന്ത്യന്‍ താരങ്ങള്‍ രണ്ട് വെള്ളി ഉറപ്പാക്കി.

വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തില്‍ സ്‌നാച്ചിലും ജെര്‍ക്കിലും കൂടി 173 കിലോഗ്രാം ഉയര്‍ത്തിയാണ് സഞ്ജിത സ്വര്‍ണം നേടിയത്. ഇതേയിനത്തില്‍ 170 കിലോഗ്രാം ഉയര്‍ത്തിയാണ് മീരാഭായ് വെള്ളി നേടിയത്.

വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തില്‍ 19കാരിയായ സുശീല ലിക്മാബാമും പുരുഷന്മാരുടെ 50 കിലോഗ്രാം വിഭാഗത്തില്‍ നവ്‌ജോത് ചാനയുമാണ് ജൂഡോ ഫൈനലിലേക്ക് യോഗ്യത നേടി മെഡലുകള്‍ ഉറപ്പാക്കിയത്.

ബാഡ്മിന്റണ്‍ മിക്‌സഡ് ടീം ഇനത്തില്‍ ഇന്ത്യ ഘാനയെ കീഴടക്കി. പി.വി. സിന്ധു ഘാനയുടെ അമാസയെയും പി. കശ്യപ് ഡി. സാമിനെ തോല്‍പ്പിച്ചു.

സ്‌ക്വാഷ് പുരുഷ വിഭാഗം സിംഗ്ള്‍സില്‍ ഹരീന്ദര്‍ പാല്‍ സന്ധു വടക്കന്‍ അയര്‍ലന്‍ഡിന്റെ ക്രെയ്ഗിനെ കീഴടക്കി രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു.

വനിതാഹോക്കിയില്‍ ഇന്ത്യ കാനഡയെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തോല്പിച്ചു.അതേസമയം നീന്തലിലും സൈക്‌ളിങ്ങിലും ഇന്ത്യന്‍താരങ്ങള്‍ നിരാശപ്പെടുത്തി.