ഭവനവായ്പ തിരിച്ചടവ് തെറ്റി:ധനകാര്യസ്ഥാപനം ഭീഷണിപ്പെടുത്തിയതില്‍ മനംനൊന്ത് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു

single-img
22 July 2014

download (1)ഭവനവായ്പ തിരിച്ചടവ് തെറ്റിയതിന് ധനകാര്യസ്ഥാപനം ഭീഷണിപ്പെടുത്തിയതില്‍ മനംനൊന്ത് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു. സി.പി.ഐ നെല്ലിശ്ശേരി ബ്രാഞ്ച് സെക്രട്ടറി ഗിരീഷ് (34) ആണ് മരിച്ചത്.

 

നെല്ലിശ്ശേരി കോളനിയിലെ നാല് സെന്റ് ഭൂമിയിലുള്ള വീട്ടിലാണ് ഗിരീഷും കുടുംബവും താമസിക്കുന്നത്. ഗ്രാമപ്പഞ്ചായത്തിന്റെ ഭവനനിര്‍മ്മാണ സഹായത്തോടെയാണ് വീടുനിര്‍മ്മിച്ചത്. തുക തികയാഞ്ഞ് തിരൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് പത്തു മാസം മുമ്പ് ഒന്നരലക്ഷം രൂപ വായ്പയെടുത്തിരുന്നു. മൂന്നു മാസമായി ഇതിന്റെ അടവുതെറ്റി.

 
ഇതു സംബന്ധിച്ച് കഴിഞ്ഞദിവസം ധനകാര്യ സ്ഥാപനത്തില്‍ നിന്ന് ചിലര്‍ വിളിച്ച് ഇദ്ദേഹത്തെ ഭീഷണിപ്പെടുത്തിയിരുന്നു . അടവ് അടച്ചില്ലെങ്കില്‍ വീടും പറമ്പും തങ്ങള്‍ കൊണ്ടുപോകുമെന്നായിരുന്നു ഭീഷണി. ഇതിനെത്തുടര്‍ന്ന് വിഷമത്തിലായിരുന്നു ഗിരീഷെന്ന് ഭാര്യ പറഞ്ഞു. മാത്രമല്ല, ഗിരീഷ് മോശം സ്വഭാവക്കാരനാണെന്ന രീതിയിലും ഇവര്‍ ആക്ഷേപിച്ചിരുന്നതായാണ് പരാതി.

 

ഭാര്യയും കുട്ടികളും തൊട്ടടുത്തുള്ള ഗിരീഷിന്റെ സഹോദരന്റെ വീട്ടിലേക്ക് പോയി രാത്രി 9.30 മണിയോടെ തിരിച്ചു വന്നപ്പോഴാണ് വീട്ടിനുള്ളില്‍ ഗിരീഷ് തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടത്. എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ഈശ്വരമംഗലം പൊതു ശ്മശാനത്തില്‍ സംസ്‌കരിച്ചു.