അന്ന് കാണാതായ മലേഷ്യന്‍ വിമാനത്തിലെ ഡ്യൂട്ടി അവസാന നിമിഷം കൈമാറി ഭാര്യ രക്ഷപ്പെട്ടു; ഇന്ന് തകര്‍ന്നുവീണ മലേഷ്യന്‍ വിമാനത്തിലെ ഡ്യുട്ടി അവസാന നിമിഷം ഏറ്റെടുത്ത് ഭര്‍ത്താവ് മരണപ്പെട്ടു.

single-img
19 July 2014

victimആംസ്റ്റര്‍ഡാമില്‍ നിന്നും ക്വാലലംപൂരിലേക്ക് പോകുന്ന വഴിയില്‍ തകര്‍ന്നുവീണ മലേഷ്യന്‍ വിമാനത്തിലെ ഡ്യൂട്ടി സഹപ്രവര്‍ത്തകനുമായി അവസാന നിമിഷം മാറ്റിയെടുത്ത ഭര്‍ത്താവ് വിമാനത്തോടൊപ്പം ഓര്‍മ്മയായി. ഭാര്യ നാലുമാസങ്ങള്‍ക്ക് മുമ്പ് കാണാതായ മലേഷ്യന്‍ വിമാനത്തിലെ ഡ്യുട്ടി അവിചാരിതമായിട്ടാണെങ്കിലും അവസാന നിമിഷം മറ്റൊരാള്‍ക്ക് കൈമാറി രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിനിടയിലാണ് പ്രിയപ്പെട്ടവന്റെ ഈ ദുരന്തം.

മലേഷ്യന്‍ എയര്‍ലൈന്‍സ് ഉദ്യോഗസ്ഥരായ ഇന്ത്യന്‍ വംശജന്‍ സഞ്ജീദ് സിംഗിനും ഭാര്യയ്ക്കുമാണ്ഈ ദുര്യോഗം. അന്ന് സഞ്ജീദ് സിംഗിന്റെ ഭാര്യയ്ക്ക് മാര്‍ച്ച് 8 ന് കാണതായ മലേഷ്യന്‍ വിമാനം എം.എച്ച് 370 ലായിരുന്നു ഡ്യൂട്ടി. വിമാനം പുറപ്പെടുന്നതിന് കുറച്ചു മുമ്പാണ് അന്ന് അവരുടെ സ്ഥാനത്ത് മറ്റൊരാള്‍ പോകാന്‍ തീരുമാനമായത്. ഇന്നും ലോകം തകര്‍ന്നു വീണ് എല്ലാപേരും മരിച്ചുവെന്ന് തന്നെ വിശ്വസിക്കുന്ന വിമാനത്തിലെ ജോലി അവസാന നിമിഷം മാറ്റിയെടുത്തതിലൂടെ അവര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

എന്നാല്‍ വിധി അവരെ വെറുതെ വിട്ടില്ല. കഴിഞ്ഞ ദിവസം യുക്രൈന്‍ വിമതരുടെ ആക്രമണത്തില്‍ തകര്‍ന്നുവീണ വിമാനത്തിലെ ഡ്യൂട്ടിക്ക് പോകേണ്ടിയിരുന്നത് വേറൊരാള്‍ ആയിരുന്നു. എന്നാല്‍ അവസാന നിമിഷം സഞ്ജീദ് സിംഗ് ആ ഡ്യുട്ടി മാറ്റിയെടുക്കുകയായിരുന്നു. അതുവഴി അദ്ദേഹം ആ ദുരന്തത്തില്‍ പെടുകയായിരുന്നു.