സ്വന്തം അമ്മയെ പിച്ചയെടുക്കാന്‍ വിട്ട് പണം സമ്പാദിക്കുന്ന ഭിക്ഷാടന കരാറുകാരനായ മകന്‍

single-img
19 July 2014

301ae2bd04f56613fdf09f1fecb2521dഭിക്ഷാടന കരാറുകാരനായ മകന് പണത്തിനു വേണ്ടി വൃദ്ധമാതാവ് ഭിക്ഷയെടുക്കുന്നു. പഴയങ്ങാടി താവം റെയില്‍വേ ഗേറ്റിന് സമീപത്താണ് ദാരുണമായ ഈ കാഴ്ച. ആന്ധ്ര സ്വദേശി ഗംഗുലമ്മ (82) യെയാണ് മകന്‍ കണ്ണസ്വാമി ഇത്തരത്തില്‍ പിച്ചയെടുപ്പിക്കുന്നത്.

എന്നും റെയില്‍വേ ഗേറ്റ് അടച്ചാല്‍ റോഡിലേക്ക് ഊന്നുവടിയുമായി മുടന്തിനടന്ന് വാഹനങ്ങളിലുള്ളവരോട് വൃദ്ധ യാചിക്കും. കാലിനും കൈക്കും പഴുത്തൊലിക്കുന്ന മുറിവുമായാണ് വൃദ്ധ ഭിക്ഷയാചിച്ചിരുന്നത്. ഒരാള്‍ രാവിലെ റെയില്‍വേ ഗേറ്റിനടുത്ത് വൃദ്ധയെ എത്തിക്കും. സന്ധ്യയോടെ തിരികെ കൊണ്ടുപോകുകയും ചെയ്യും.പഴയങ്ങാടി റെയില്‍വേ സ്‌റ്റേഷനടുത്തെ വാടകക്കെട്ടിടത്തില്‍ താമസിക്കുന്ന വൃദ്ധക്ക് ബന്ധുക്കളായി ആരുമില്ലെന്നാണ് ആദ്യം നാട്ടുകാരോട് പറഞ്ഞിരുന്നത്.

ഭിക്ഷയെടുക്കുന്ന പണം വാങ്ങിക്കൊണ്ടുപോകുന്നതല്ലാതെ കൃത്യമായി ഭക്ഷണം നല്‍കാറില്ല. സ്വന്തമായി ഭക്ഷണം വാങ്ങിക്കഴിക്കാനുള്ള അനുമതിയും ഈ വൃദ്ധമാതാവിനില്ല. തളര്‍ന്നുവീഴുമ്പോള്‍ നാട്ടുകാരും യാത്രക്കാരുമാണ് ഭക്ഷണവും വെള്ളവും നല്‍കുന്നത്.

ഒടുവില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ വൃദ്ധയെ പിന്തുടര്‍ന്നപ്പോഴാണ് സത്യം വെളിച്ചത്തു വന്നത്. വൃദ്ധ ഭിക്ഷയാചിച്ച് കിട്ടിയ 750 രൂപ കൈമാറുന്നതിനിടെ നാട്ടുകാര്‍ മകനെ പിടികൂടുകയായിരുന്നു. എന്നാല്‍ താന്‍ ആരാണെന്ന് കണ്ണസ്വാമി വെളിപ്പെടുത്തിയില്ല. നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കാന്‍ ശ്രമിച്ചപ്പോഴാണ് അയാള്‍ താന്‍ വൃദ്ധയുടെ മകനാണെന്നുള്ള കാര്യം വെളിപ്പെടുത്തിയത്.

ഗംഗുലമ്മക്ക് കണ്ണസ്വാമിയെ കൂടാതെ നാല് മക്കളുണ്ട്. കേരളത്തിലെ താമസസ്ഥലത്തേക്കാണെന്നുപറഞ്ഞ് മറ്റുമക്കളെ കബളിപ്പിച്ചാണ് സ്വന്തം അമ്മയെ കേരളത്തിലെത്തിച്ച് കണ്ണസ്വാമി ഭിക്ഷയെടുപ്പിച്ചത്. ഇയാള്‍ അമ്മക്ക് രാവിലെയും രാത്രിയുമേ ഭക്ഷണം നല്‍കാറുള്ളുവെന്നാണ് വൃദ്ധ പറഞ്ഞത്. നാട്ടുകാരെ ഭയന്ന് ശനിയാഴ്ച വൈകിട്ട് അമ്മയെ ആന്ധ്രയിലേക്ക് മറ്റുമക്കളുടെ വീട്ടില്‍ എത്തിക്കുമെന്ന് കണ്ണസ്വാമി സമ്മതിച്ചിട്ടുണ്ട്. കണ്ണസ്വാമിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.