രാജസ്ഥാന്‍ സര്‍ക്കാരും നരേന്ദ്രമോദിയുടെ വഴിയേ; ബജറ്റ് സമ്മേളനത്തില്‍ വൈകിയെത്തിയ എം.എല്‍.എമാര്‍ക്ക് 500 രൂപ പിഴ

single-img
15 July 2014

vasuബി.ജെ.പി ഭരിക്കുന്ന രാജസ്ഥാനില്‍ ബജറ്റ് സമ്മേളനത്തിന് വൈകിയെത്തിയ എം.എല്‍.എമാരോട് മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യ 500 രൂപ പിഴ ചുമത്തി. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്ന കൃത്യനിഷ്ഠത തന്റെ സംസ്ഥാനത്തും നടപ്പില്‍ വരുത്തുന്നതിന്റെ തുടക്കമായാണ് എം.എല്‍.എമാര്‍ക്ക് മുഖ്യമന്ത്രി 500 രൂപ പിഴ ചുമത്തിയത്.

ലാദ്പുര എം.എല്‍.എയായ ഭവാനി സിംഗ് രാജവത്താണ് ബജറ്റ് സമ്മേളനത്തിന് വൈകിയെത്തിയതിന്റെ പേരില്‍ 500 രൂപ പിഴയടക്കേണ്ടി വന്ന ആദ്യ എം.എല്‍.എ. സമ്മേളനത്തില്‍ എം.എല്‍.എമാര്‍ കൃത്യസമയത്ത് അസംബ്ലിയില്‍ എത്തിയില്ലെങ്കില്‍ പിഴയടക്കേണ്ടി വരുമെന്ന് വസുന്ധര രാജ സിന്ധ്യ നേരത്തെ പറഞ്ഞിരുന്നു.

ബമന്‍വാസ് എം.എല്‍.എ കുഞ്ഞിലാല്‍, ഹനുമാന്‍ഗഡ് എം.എല്‍.എ രാംപ്രതാപ്, റാംഗഞ്ച്മാണ്ടി എം.എല്‍.എ ചന്ദ്രകാന്ത തുടങ്ങിയവരും വൈകിയെത്തിയതിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ പിഴശിക്ഷ ഏറ്റുവാങ്ങിയവരാണ്. ഇതില്‍ എം.എല്‍.എ ചന്ദ്രകാന്ത 500 രൂപയ്ക്കുപകരം 1000 രൂപ നല്‍കുകയും ഇനി അസംബ്ലിയില്‍ വൈകിയെത്തില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.