ആകാശവാണിയിലെ ഹലോ ഇഷ്ടഗാനം ഒരു ജീവിതമായ കഥ അഥവാ ഫൈസലും സീനത്തും പ്രതിസന്ധികളില്‍ തളരാതെ ജീവിതം പടുത്തുയര്‍ത്തിയ കഥ

single-img
15 July 2014

FaisalSനാലു വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കഥയാണ്. കോഴിക്കോട് ആകാശവാണിയിലെ ‘ഹലോ ഇഷ്ടഗാനം’ പരിപാടിയിലേക്ക് ഒരു ദിവസം ഒരു ഫോണ്‍കോളെത്തുന്നു. കോള്‍ അറ്റന്‍ഡ് ചെയ്ത അവതാരകന്‍ ആര്‍. കനകാംബരന്‍ വിളിച്ചയാളോട് ഏത് പാട്ടാണ് വേണ്ടെതെന്ന് ചോദിച്ചറിയുന്നു. കൂട്ടത്തില്‍ അയാളുടെ വിവരങ്ങളും.

28 വയസ്സുള്ള പെരുവള്ളൂര്‍ പൂതംകുറ്റിക്കടുത്ത കുഴയ്ക്കല്‍കുണ്ട് വീട്ടില്‍ മുഹമ്മദ് ഫൈസലാണ് ആ ശ്രോതാവെന്ന് അദ്ദേഹത്തിന്റെ വെളിപ്പെടുത്തലിലൂടെ അവതാരകന് മനസ്സിലാകുന്നു. പക്ഷേ തുടര്‍ന്നുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ പരിപാടി അവതരിപ്പിച്ച കനാകംബരനൊപ്പം ആ പരിപാടി ശ്രവിച്ചിരുന്ന ആയിരക്കണക്കിന് ശ്രോതാക്കളെയും ഒരു നിമിഷം നിശബ്ദമാക്കുകയായിരുന്നു. നാലാം വയസ്സിലെ ഒരു ബൈക്ക് അപകടത്തെ തുടര്‍ന്ന് കാലുകള്‍ തളര്‍ന്ന് ഫൈസല്‍ വീല്‍ച്ചെയറില്‍ ജീവിതം തള്ളിനീക്കുകയാണെന്നുള്ള തിരിച്ചറിവായിരുന്നു അതിന് കാരണം.

ആ ഫോണ്‍വിളിയിലൂടെ ഫൈസലിനെ അറിഞ്ഞ കനകാംബരന്‍ കോള്‍ അവസാനിക്കുന്നതിന് മുമ്പ് ഫൈസലിന്റെ നമ്പര്‍ കൂടി ചോദിച്ചു വാങ്ങിയിരുന്നു. പിറ്റേ ദിവസം മുതല്‍ ഫൈസലിന്റെ ഫോണിലേക്ക് കോളുകളുടെ പ്രവാഹമായിരുന്നു. ആശ്വസിപ്പിക്കാനും സൗഹൃദം പങ്കിടാനുമായി നൂറുകണക്കിന് പേരാണ് ഫോണിലൂടെ ഫൈസലിനെ തേടിയെത്തിയത്. ഇതിനിടയില്‍ ജീവിതത്തിന് താങ്ങാകാമെന്നുള്ള വാഗ്ദാനങ്ങളുമായി ഇരുപതോളം വിവാഹാലോചനകളുമെത്തി. വീല്‍ചെയറിലിരുന്ന് ഇതുവരെ ജീവിതം തള്ളിനീക്കിയ, ഇനിയും ജീവിതം തള്ളിനീക്കേണ്ടി വരുമെന്ന് വിശ്വസിക്കുന്ന തന്റെ ജീവിതത്തില്‍ വിവാഹത്തിന് യാതൊരു സ്ഥാനവുമില്ലെന്ന് പറഞ്ഞ് ആ വാഗ്ദാനങ്ങളെ ഫൈസല്‍ മടക്കി അയച്ചു.

പ്രാഥമികാവശ്യങ്ങള്‍ക്കുപോലും മറ്റൊരാളെ ആശ്രയിക്കേണ്ടി വരുന്ന തന്റെ ജീവിതം മറ്റൊരാള്‍ക്ക് താങ്ങാകില്ലെന്ന് ഫൈസലിന് അറിയാമായിരുന്നു. തുടര്‍ന്നാണ് ഫൈസലിന്റെ മൊബൈലിലേക്ക് പരുത്തിക്കാട് നമ്പ്രേത്ത് വീട്ടില്‍ സീനത്തിന്റെ കോള്‍ വന്നത്. എന്തു പ്രയാസങ്ങളുണ്ടെങ്കിലും താങ്ങായി നില്‍ക്കാമെന്ന ഉറച്ച ശബ്ദമായിരുന്നു സീനത്തിന്റേത്. ഫൈസലിന്റെ മറുപടി പഴയതു തന്നെ. പക്ഷേ കാര്യങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും സംസാരിക്കുന്ന കൂട്ടത്തിലാണ് കുട്ടിക്കാലത്ത് പോളിയോ ബാധിച്ച് തളര്‍ന്ന ഒരു പെണ്‍കുട്ടിയാണെന്നുള്ള സത്യം ഫൈസല്‍ മനസ്സിലാക്കിയത്.

സീനത്തിന്റെ കഥ കേട്ടതോടെ ഫൈസലിന്റെ ജീവിതത്തില്‍ സന്തോഷത്തിന്റെ തിരി തെളിയുകയായിരുന്നു. ഒപ്പം സീനത്തിന്റെ ജീവിതത്തിലും. പണവും പൊന്നും ഒന്നുമില്ലാതെ വീട്ടുകാരുടെയെല്ലാം സമ്മതത്തോടെ വൈലിശ്ശേരി സിദ്ദിക്കിന്റെ മൂന്ന് പെണ്‍മക്കളടക്കമുള്ള നാലുമക്കളില്‍ ഒരാളായ സീനത്ത് ഫൈസലിന്റെ ജീവിതത്തിലേക്ക് കടന്നുവന്നു.

ഇന്ന്, നാലുവര്‍ഷങ്ങള്‍ക്ക് ശേഷം യുക്തിയുടെ പേരില്‍ ഉയര്‍ന്ന ഒരുപാട് ചോദ്യങ്ങളെ നിഷ്ഫലമാക്കിക്കൊണ്ട് ഫൈസലും സീനത്തും വിധിചേര്‍ത്തുവെച്ച ജീവിതം ആഘോഷത്തോടെ ജീവിച്ചു തീര്‍ക്കുന്നു. രണ്ടു വയസ്സുകാരി ‘ഹിദ’യും അവരുടെ ആഘോഷങ്ങള്‍ക്കൊപ്പമുണ്ട്. സുഹൃത്തുക്കളും വീട്ടുകാരും നാട്ടുകാരും അവര്‍ക്കൊപ്പമുണ്ട്. അവരെല്ലാപേരും ചേര്‍ന്ന് ഫൈസലിനും സീന്നതിനും ഹിദമോള്‍ക്കും കൂടി ഒരു ചെറിയ വീട് കെട്ടാനുള്ള ശ്രമത്തിലാണ്.

പ്രതിസന്ധികളില്‍ കാലിടറി വീഴാതെ ഇണയ്ക്ക് തുണയായ് മകള്‍ക്ക് നല്ല മതാപിതാക്കളായ് അവര്‍ സന്തോഷത്തോടെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നു.