സമരത്തിനു ആളെ എത്തിക്കാൻ സംഘടനാ നേതാവിന്റെ പുതിയ പരീക്ഷണം;മൃഗശാലയില്‍ അനക്കോണ്ടയെ കാണിക്കാൻ കൊണ്ടുവന്ന വിദ്യാർഥിനികളെ സെക്രട്ടറിയേറ്റ് നടയിൽ സമരത്തിനു ഇരുത്തിയ സമരക്കാർ പുലിവാലു പിടിച്ചു

single-img
12 July 2014

rtjurthurthഅനക്കോണ്ടയെ കാണിക്കാനായി എന്നു പറഞ്ഞ് തലസ്ഥാനത്തെത്തിച്ച നഴ്‌സിങ് വിദ്യാര്‍ത്ഥിനികളെ സെക്രട്ടേറിയറ്റിന് മുന്നിലെ ധര്‍ണ പന്തലില്‍ ഇരുത്തി.അനാക്കോണ്ടയെകാണാനെത്തിയ വിദ്യാർഥിനികൾ സമര പന്തലും മാധ്യമ പ്രവർത്തകരേയും കണ്ടതോടെ കരയാന്‍ തുടങ്ങി. സംഭവം വഷളാകുന്നത് കണ്ട് പോലീസ് വിവരം തിരക്കിയതോടെയാണു സംഗതി പുറത്തായത്.ഒടുവില്‍ കുട്ടികളെ കന്റോണ്‍മെന്റ് വനിതാ പോലീസ് സ്റ്റേഷനില്‍ എത്തിച്ചശേഷം മൃഗശാല കാണാനായി അധികൃതര്‍ക്കൊപ്പം വിട്ടു.
മൃഗശാലയിൽ കൊണ്ടുപോയി അനക്കോണ്ടയെ കാണിപ്പിക്കാമെന്ന് പറഞ്ഞുകൊണ്ട് വന്ന നെയ്യാറ്റിന്‍കര ഭാരത് ഇന്‍സ്റ്റിറ്റിയൂട്ടിലെ 24 വിദ്യാര്‍ത്ഥിനികളെയാണ് പ്രൈവറ്റ് പാരാമെഡിക്കല്‍ അസോസിയേഷന്റെ സമരപ്പന്തലില്‍ ഇരുത്തിയത്.

സെക്രട്ടേറിയറ്റിനു മുന്നിലെത്തിയപ്പോള്‍ ഭാരത് ഇന്‍സ്റ്റിറ്റിയൂട്ട് ഉടമ എല്‍.എസ്.പ്രസാദും സുഹൃത്തും ഇനി കുറച്ചു സമയം നമുക്കിവിടെ വിശ്രമിച്ചിട്ടു പോകാം എന്ന് പറഞ്ഞ് കുട്ടികളുടെ കൈയിലേക്ക് ബാനര്‍ നല്‍കിയത്. ചെറുകിടക്ലിനിക് ലാബുകളെ ഇല്ലായ്മ ചെയ്യുന്ന ആരോഗ്യവകുപ്പ് നടപടിക്കെതിരെ പ്രൈവറ്റ് പാരാമെഡിക്കല്‍ അസോസിയേഷന്റെ കൂട്ടധര്‍ണ എന്നെഴുതിയ ബാനറാണ് കുട്ടികള്‍ക്ക് നല്‍കിയത്. ഈ സമയം ധര്‍ണ പകര്‍ത്താന്‍ ഫോേട്ടാഗ്രാഫര്‍മാരും എത്തി. ക്യാമറകള്‍ കണ്ടതോടെ കുട്ടികള്‍ കരയാന്‍ തുടങ്ങി. അപ്പോഴാണ് മാധ്യമപ്രവര്‍ത്തകരും സംഘടനാ നേതാവിന്റെ തന്ത്രം അറിഞ്ഞത്.

ഒടുവിൽ പോലീസെത്തി പ്രസാദിനേയും സുഹൃത്ത് സോമനേയും കന്‍േറാണ്‍മെന്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തങ്ങള്‍ക്ക് മൃഗശാലയില്‍ പോയാല്‍ മതിയെന്നും പരാതിയില്ലെന്നും കുട്ടികള്‍ അറിയിച്ചു. ഇതിനെത്തുടര്‍ന്ന് അധ്യാപകര്‍ക്കൊപ്പം കുട്ടികളെ മൃഗശാലയില്‍ പോകാനായി അനുവദിക്കുകയായിരുന്നു. ഒടുവിൽ അനാക്കോണ്ടയെ കണ്ടിട്ടാണു വിദ്യാർഥികൾ തിരികെ പോയത്