ബ്രസീൽ സ്കൊളാരിക്ക് പകരക്കാരനെ തേടുന്നു

single-img
11 July 2014

scolariറിയോ ഡെ ജനീറോ: ലോകകപ്പ് ഫുട്ബാളിലെ കനത്ത പരാജയത്തെ തുടർന്ന് പൂര്‍ണമായും അഴിച്ചുപണിക്കൊരുങ്ങുന്ന ബ്രസീല്‍ ഫുട്ബാള്‍ ടീമില്‍ കോച്ച് ലൂയിസ് ഫിലിപ്പ് സ്കൊളാരിക്ക് പകരക്കാരനെ തേടുന്നു. കൊറിന്ത്യന്‍സിന്‍െറ മുന്‍ കോച്ച് ടൈറ്റിനാണ് അവസരം ലഭിക്കുമെന്ന് സൂചന.

ബ്രസീലിലെ ആഭ്യന്തര ഫുട്ബാള്‍ ലീഗായ കോപ്പ ലിബറോട്ടാറസ് ചാമ്പ്യന്‍ പട്ടം, 2012 ലെ ഫിഫ ക്ളബ്ബ് വേള്‍ഡ്കപ്പ് എന്നിവ കൊറിന്ത്യന്‍സിന് ടൈറ്റ് നേടിക്കൊടുത്തിരുന്നു.  2013 ഡിസംബറില്‍ കൊറിന്ത്യന്‍സില്‍ നിന്നും വിരമിച്ച  ടൈറ്റ് ഇപ്പോള്‍ വിശ്രമ ജീവിതത്തിലാണ്.
സാവോപോളോ ക്ളബ്ബ് കോച്ച് മുറിസി റമല്‍ഹോ, മുന്‍ ബ്രസീലിയന്‍ താരവും റയല്‍ മാഡ്രിഡ് മുന്‍ ക്യാപ്റ്റനുമായ വാന്‍ഡര്‍ലൈ ലക്സംബര്‍ഗ്ഗ് എന്നിവരാണ് സാധ്യതാ പട്ടികയിലെ മറ്റുള്ളവര്‍.

അതോടൊപ്പം തന്നെ ലോകകപ്പിലെ ലൂസേസ്സ് ഫൈനൽ മത്സരത്തിനു ശേഷം ബ്രസീല്‍ കോച്ച് പദവിയില്‍ നിന്ന് സ്കൊളാരി വിരമിക്കുമെന്നാണ് സൂചന. ശനിയാഴ്ച ഹോളണ്ടിനെതിരെ ബ്രസീലിയയില്‍ വെച്ചാണ് മത്സരം നടക്കുന്നത്. ഇതിനോടകം തന്നെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത അദ്ദേഹം വിരമിക്കല്‍ തീരുമാനം  കുടുംബത്തോടും സുഹൃത്തുക്കളോടും ചര്‍ച്ച ചെയ്തു കഴിഞ്ഞു. മുന്‍ നിര താരങ്ങളെ കളിപ്പിക്കാതിരുന്നതടക്കം സ്കൊളാരിയുടെ തീരുമാനങ്ങള്‍ക്കെതിരെ വ്യാപക വിമര്‍ശമുയരുകയും ചെയ്തിരുന്നു.

2002 ലെ കൊറിയ-ജപ്പാന്‍ ലോകകപ്പില്‍ ജര്‍മനിയെ തോല്‍പിച്ച് ബ്രസീല്‍ കിരീടം നേടിയപ്പോള്‍ സ്കൊളാരിയായിരുന്നു ടീം കോച്ച്.