ഇനി മലപ്പുറത്ത് വന്നാല്‍ മടിച്ചു നില്‍ക്കാതെ ഭക്ഷണം കഴിക്കാം; മലപ്പുറം നഗരസഭ 10 രൂപ ഹോട്ടല്‍ തുടങ്ങുന്നു

single-img
10 July 2014

idly_2ഇനി മലപ്പുറത്ത് വന്നിറങ്ങുന്നവര്‍ക്ക് 10 രൂപയ്ക്ക് പ്രഭാതഭക്ഷണവും 10 രുപയ്ക്ക് ഉച്ചയൂണും കഴിക്കാം. ഞെട്ടേണ്ട…. മലപ്പുറത്തു തന്നെയാണ്. ഊണിന് അമ്പത് രൂപയ്ക്ക് മുകളിലും പ്രഭാതഭക്ഷണത്തിന് തോന്നിയതു പോലെയും ഈടാക്കുന്ന നമ്മുടെ കേരളത്തിലാണ് ഇങ്ങനെയൊരു സംഭവമെന്നത് അവിശ്വസനീയമായി തോന്നാം. പക്ഷേ സത്യമാണ്. മലപ്പുറം നഗരസഭയുടെ നേതൃത്വത്തില്‍ ഭക്ഷണം കഴിക്കാന്‍ പണമില്ലാതെ ബുദ്ധിമുട്ടുന്നവരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ 10 രൂപാ ഹോട്ടല്‍ തുടങ്ങുന്നത്. ഒരു ഹോട്ടല്‍ ആദ്യഘട്ടത്തില്‍ തുടങ്ങി തുടര്‍ന്നു വ്യാപിപ്പിക്കാനാണു നഗരസഭയുടെ പദ്ധതി. ആദ്യ 10 രൂപാ ഹോട്ടല്‍ മൂന്നുമാസത്തിനുള്ളില്‍ മലപ്പുറം മുന്‍സിപ്പല്‍ ബസ്റ്റാന്റ് കെട്ടിടത്തില്‍ യാഥാര്‍ത്ഥ്യമാകും. അഞ്ച് ഇഡ്ഡലിയും ഇതിലേക്കുള്ള സാമ്പാറും ചട്‌നിയുമാണ് പത്തു രൂപയുടെ പ്രഭാത ഭക്ഷണത്തില്‍ മുണ്ടാകും. അതുപോലെ ഉച്ചയൂണില്‍ രണ്ടുതരം ഉപ്പേരിയും രണ്ടു തരം കറിയുമുണ്ടായിരിക്കും. മറ്റു ഹോട്ടലുകളില്‍ 50 രൂപയ്ക്ക് മുകളില്‍ വാങ്ങുന്ന ഭക്ഷണ സാധനങ്ങളാണ് ഇതു വഴി ഇത്രയും കുറഞ്ഞ തുകയ്ക്ക് നല്‍കുന്നത്. രണ്ടു വര്‍ഷമായി മലപ്പുറം നഗസരഭയുടെ നേതൃത്വത്തില്‍ ‘വിശപ്പില്ലാ നഗരം’ എന്ന പദ്ധതിയുടെ ഭാഗമായി ഓരോ ദിവസവും 600 ഓളം പേര്‍ക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്തുവരുന്നുണ്ട്. ബസ്റ്റാന്റുകളിലും തെരുവോരങ്ങളിലും അലഞ്ഞുതിരിഞ്ഞു നടക്കുന്നവര്‍, സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ എന്നിങ്ങനെ ഭക്ഷണത്തിനു ബുദ്ധിമുട്ടുന്നവര്‍ എന്നിവരുള്‍പ്പെടെ പാവപ്പെട്ടവരെ കണ്ടെത്തി അവര്‍ക്കാണു സൗജന്യ ഭക്ഷണം വിതരണം ചെയ്തുവരുന്നത്. ഒരു വര്‍ഷം 32 ലക്ഷത്തോളം രൂപയാണു ഇതിനു ചെലവുവരുന്നത്. 16 ലക്ഷം രൂപാ വിതംവെച്ചു നഗരസഭയും സോഷ്യല്‍ സെക്യൂരിറ്റി മിഷനും ചേര്‍ന്നാണു 32 ലക്ഷംരൂപാ കണ്ടെത്തിയത്. 10 രൂപാ ഹോട്ടല്‍ വ്യാപിപ്പിക്കാന്‍ സോഷ്യല്‍ സെക്യൂരിറ്റി മിഷന്റെ സഹകരണം ലഭിക്കുമെന്ന പ്രതീക്ഷയിലാണു നഗരസഭാധികൃതര്‍. ഹോട്ടലിന്റെ പ്രാരംഭ പ്രവര്‍ത്തികള്‍ക്കായി നഗരസഭയുടെ വാര്‍ഷിക ബജറ്റില്‍ നിന്നും 25 ലക്ഷം രൂപാ മാറ്റിവെച്ചിട്ടുണ്ട്. ഈ പണംകൊണ്ടാണു പ്രാഥമിക സൗകര്യങ്ങളൊരുക്കുന്നത്. കുടുംബശ്രീ പ്രവര്‍ത്തകരായിരിക്കും ഹോട്ടലിലെ സപ്ലൈര്‍മാര്‍ . ഇവര്‍തന്നെയായിരിക്കും ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും. ആദ്യഘട്ടത്തില്‍ ആയിരംപേര്‍ക്കുള്ള ഭക്ഷണമായിരിക്കും ഓരോ സമയത്തും ഉണ്ടാക്കുക. ആവശ്യക്കാര്‍ വര്‍ധിക്കുകയാണെങ്കില്‍ വര്‍ധിപ്പിക്കാനുള്ള സൗകര്യമുണ്ടാക്കുമെന്നും അധികൃതര്‍ പറഞ്ഞു.