മന്ത്രിയോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും; ഉദ്ഘാടനം പ്രമാണിച്ച് ക്ലാസുമുടക്കി കുട്ടികളെ പൊരിവെയിലത്ത് നിര്‍ത്തിയതിനെ വേദിയില്‍ ചോദ്യം ചെയ്ത പ്രധാനാദ്ധ്യാപികയെ സ്ഥലം മാറ്റി; മന്ത്രി വന്നപ്പോള്‍ സ്‌കൂള്‍ ഗേറ്റ് അടഞ്ഞുകിടന്നതിനാണ് നടപടിയെന്ന് വിശദീകരണം

single-img
25 June 2014

Abduമന്ത്രി ഉദ്ഘാടനത്തിന് വരാന്‍ താമസിച്ചതു കാരണം വിദ്യാര്‍ത്ഥികള്‍ പഠിപ്പുമുടക്കി പൊരിവെയിലത്ത് നില്‍ക്കേണ്ടി വന്ന അവസ്ഥ മന്ത്രിയിരിക്കുന്ന വേദിയില്‍ പറഞ്ഞ പ്രധാനാദ്ധ്യാപികയ്ക്ക് സ്ഥലം മാറ്റം. കോട്ടന്‍ഹില്‍ സ്‌കൂളിലെ പ്രധാനദ്ധ്യാപികയും പട്ടികജാതിക്കാരിയുമായ ഊര്‍മ്മിളാ ദേവിയെയാണ് അയിലം ഗവ. സ്‌കൂളിലേക്ക് സ്ഥലം മാറ്റിയിരിക്കുന്നത്. കഴിഞ്ഞ പതിനാറാം തീയതി മന്ത്രി പി.കെ അബ്ദുറബ്ബ് പങ്കെടുത്ത ജില്ലാതല ഇംഗ്ലീഷ് ക്ലബ്ബിന്റെ ഉദ്ഘാടന ചടങ്ങിലാണ് പ്രധാനദ്ധ്യാപിക മന്ത്രിയെ പ്രതിഷേധമറിയിച്ചത്.

കോട്ടന്‍ഹില്‍ സ്‌കൂളിലെ 8, 9, 10 ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെ രാവിലെ 11 മണിക്ക് നടക്കേണ്ട ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് വേദിയിലിരുത്തിയിരുന്നു. എന്നാല്‍ ഉദ്ഘാടനം നടത്തേണ്ട മന്ത്രി വരാന്‍ താമസിച്ചതു കാരണം 12.30 നെ ചടങ്ങ് തുടങ്ങാറായുള്ളൂ. മാത്രമല്ല യോഗം കഴിഞ്ഞപ്പോള്‍ മണി 1.30 കഴിഞ്ഞിരുന്നു. ഈ കാരണം കൊണ്ടുതന്നെ കുട്ടികളുടെ ഉച്ചവരെയുള്ള പഠനം മുടങ്ങിയിരുന്നു. മത്രമല്ല ഈ സമയമത്രയും കുട്ടികള്‍ വെള്ളംപോലും കുടിക്കാനാകാതെ മന്ത്രിയെ പ്രതീക്ഷിച്ചിരിക്കുകയുമായിരുന്നു. ഇത്തരത്തില്‍ പലപല ഉദ്ഘാടനങ്ങള്‍ ദിവസവും നടത്തി കുട്ടികളുടെ ക്ലാസു മുടങ്ങുന്നതിനെതിരെ പ്രധാനദ്ധ്യാപിക ഊര്‍മ്മിള ദേവി സൂചനനല്‍കിയതാണ് മന്ത്രിയെ പ്രകോപിപ്പിക്കാന്‍ കാരണം.

എന്നാല്‍ മന്ത്രിയ്‌ക്കെതിരെയല്ല, ചടങ്ങ് സംഘടിപ്പിച്ച ഡിസ്ട്രിക്ട് സെന്റര്‍ ഓഫ് ഇംഗ്ലീഷിലെ ഓഫീസര്‍മാരോടാണ് തന്റെ പ്രതിഷേധമെന്നും ഊര്‍മ്മിളാ ദേവി എടുത്തു സൂചിപ്പിച്ചിരുന്നു. എന്നാല്‍ യോഗത്തില്‍ വെച്ച് ഇക്കാര്യത്തെപ്പറ്റി ഒന്നും മന്ത്രി സംസാരിച്ചിരുന്നില്ല. എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ തന്നെ ഊര്‍മ്മിളാ ദേവിക്ക് ഡി.പി.ഐയുടെ വകയായി മെമ്മോയെത്തി. മന്ത്രി താമസിച്ച് വന്നതിനെക്കുറിച്ച് പ്രതികരിച്ചത് എന്തിനായിരുന്നെന്നും അതിന് 15 ദിവസത്തിനകം മറുപടി നല്‍കണമെന്നും കാട്ടിയാണ് അധ്യാപികയ്ക്ക് മെമ്മോ നല്‍കിയത്.

മെമ്മോയില്‍ മറുപടിക്കായി 15 ദിവസം പറഞ്ഞിരുന്നെങ്കിലും മെമ്മോകിട്ടി നാലു ദിവസം കഴിഞ്ഞപ്പോള്‍ തന്നെ സ്ഥലംമാറ്റ ഓര്‍ഡറും കിട്ടുകയായിരുന്നു. കുട്ടികളുടെ പഠിത്തം മുടങ്ങുന്നതുകരണമാണ് താന്‍ പൊതു വേദിയില്‍ പ്രതികരിച്ചതെന്ന് മന്ത്രിയെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അതിനു കഴിഞ്ഞില്ലെന്ന് ഊര്‍മ്മിളാ ദേവി പറഞ്ഞു.

സ്ഥലമാറ്റ ഉത്തരവിന് കാരണമായി പറയുന്ന കാര്യമാണ് വളരെ രസകരം. മന്ത്രിയെത്തുമ്പോള്‍ സ്‌കൂള്‍ ഗേറ്റ് അടഞ്ഞുകിടന്നെന്ന കാരണത്തിനാണ് അധ്യാപികയെ സ്ഥലം മാറ്റിയിരിക്കുന്നത്. പ്രഥമാധ്യാപികയുടെ നിരുത്തരവാദപരമായ നടപടി കാരണമാണ് ഗേറ്റ് അടഞ്ഞുകിടന്നതെന്നാണ് സ്ഥലമാറ്റ ഉത്തരവില്‍ പറയുന്നത്. സ്ഥലംമാറ്റത്തിനെതിരെ പരാതി നല്‍കുമെന്നും ഊര്‍മ്മിളാ ദേവി സൂചിപ്പിച്ചു.