കുട്ടികളെ കടത്തിയ കേസിൽ ഹൈക്കോടതി സിബിഐയെ കക്ഷിചേര്‍ത്തു

single-img
19 June 2014

kerala-high-courtകൊച്ചി: ജാര്‍ഖണ്ഡില്‍ കുട്ടികളെ കേരളത്തിലേയ്ക്ക് കൊണ്ടുവന്നത് ലാഘവത്തോടെ കാണാനാവില്ലെന്ന് ഹൈക്കോടതി. സംഭവത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും സിബിഐ അന്വേഷണമാണ് ഉചിതമെന്നും ഹൈക്കോടതി പറഞ്ഞു.

മറ്റെല്ലാ കാര്യങ്ങള്‍ക്കും സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും ചീഫ് ജസ്റ്റീസ് മഞ്ജുള ചെലൂര്‍ അധ്യക്ഷയായ ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.

കേസില്‍ കക്ഷിചേര്‍ത്ത് സിബിഐയ്ക്ക് കോടതി നോട്ടീസ് അയച്ചു. ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ ഹൈക്കോടതി നേരത്തെ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

എന്നാല്‍ കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഝാര്‍ഖണ്ഡില്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടികളെ കടത്തിയത് വ്യാജരേഖ ഉപയോഗിച്ചാണെന്ന്  വ്യക്തമായിട്ടുണ്ട്. കേസില്‍ ചിലരെ അറസ്റ്റു ചെയ്തതായി സര്‍ക്കാര്‍ വ്യക്തമാക്കി. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.