സൗമ്യയ്ക്ക് ഇപ്പോഴും 6000 രൂപ ശമ്പളമുണ്ടെന്നുള്ള വാര്‍ത്ത തെറ്റ്; വാര്‍ത്ത കണ്ട് വീട് വെച്ച് തരാമെന്നു പറഞ്ഞയാള്‍ പിന്‍മാറി

single-img
16 June 2014

01-soumyamurdercaseകഴിഞ്ഞ കുറച്ചു ദിവസമായി ഫേസ്ബുക്കില്‍ ഒത്തിരിപ്പേര്‍ പങ്കുവയ്ക്കുന്ന ഒരു വാര്‍ത്തയാണ് ‘സൗമ്യയ്ക്ക് ഇപ്പോഴും ശമ്പളമുണ്ട്, 6000 രൂപ’ എന്നത്. എന്നാല്‍ കാലം തെറ്റി പ്രചരിക്കുന്ന ഈ വാര്‍ത്ത മൂലം കിട്ടിയിരുന്നതും കിട്ടാനിരുന്നതുമായ ഒരുപിടി സഹായങ്ങള്‍ നഷ്ടമായ വേദനയിലാണ് ഇന്ന് സൗമ്യയുടെ കുടുംബം.

ഗോവിന്ദച്ചാമിയെന്ന നരാധമന്റെ ആക്രമണത്തില്‍ ക്രൂരമായി മരണപ്പെട്ട സൗമ്യയ്ക്ക് ജോലിചെയ്തിരുന്ന എറണാകുളത്തെ കടയില്‍ നിന്നും ഇപ്പോഴും 6000 രൂപ മുടങ്ങാതെയെത്തുന്നുവെന്നായിരുന്നു സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിച്ചത്. എന്നാല്‍ അങ്ങനെയൊരു സാമ്പത്തികസഹായവും സൗമ്യയുടെ പേരില്‍ ഇപ്പോള്‍ എത്തുന്നില്ലെന്ന് സൗമ്യയുടെ അമ്മ സുമതി പറയുന്നു.

മൂന്നുമാസം ജോലിചെയ്തിരുന്ന കടയുടെ മാനേജര്‍ സൗമ്യമരിച്ചപ്പോള്‍ സൗമ്യയുടെ ശമ്പളം ഒന്നരവര്‍ഷം തുടര്‍ച്ചയായി എത്തിക്കുമെന്ന് വാക്കു പറഞ്ഞിരുന്നു. അത് 9 മാസം അവര്‍ മുടങ്ങാതെ എത്തിക്കുകയും ചെയ്തു. അതിനുശേഷം കടയുടമ മാനേജരുടെ കൈവശം 50000 രൂപകൂടി കൊടുത്തു വിട്ടു. 1650 രൂപ എല്ലാ മാസവും സൗമ്യയുടെ പി.എഫ് ഇനി വീട്ടില്‍ വരുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ആറുമാസംവരെ വന്നു കൊണ്ടിരുന്ന പി.എഫ് പെടുന്നനെ ഇല്ലാതാകുകയായിരുന്നു. ഇതിനേപ്പറ്റി അന്വേഷിച്ച സൗമ്യയുടെ കുടംബത്തിനോട് പഴയ മാനേജര്‍ മാറിപ്പോയി എന്ന മറുപടിയാണ് ലഭിച്ചത്.

ഇതിനിടയില്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഗുരുതരമായപ്പോള്‍ താമസിച്ചിരുന്ന വീട് വിറ്റ് കുറച്ചകലെയായി അഞ്ചുസെന്റ് പുരയിടം സൗമ്യയുടെ കുടുംബം വാങ്ങിച്ചിരുന്നു. സൗമ്യയുടെ മരണവാര്‍ത്തയറിഞ്ഞ കോഴിക്കോട്ടുള്ള ഒരു വ്യക്തി അതില്‍ വീടുവെച്ച് കൊടുക്കാമെന്നും പറഞ്ഞിരുന്നു. അതിനനുസരിച്ച് പണിതുടരുന്നതിനിടയിലാണ് ഫേസ്ബുക്കിലൂടെയും മറ്റും ഈ വാര്‍ത്ത പ്രചരിച്ചത്. അതിനുശേഷം വാഗ്ദാനത്തില്‍ നിന്നും അവര്‍ പിന്‍മാറുകയായിരുന്നുവെന്നും ഇപ്പോള്‍ വാടകവീട്ടില്‍ താമസിക്കുന്ന സൗമ്യയുടെ അമ്മ സുമതി പറയുന്നു.

ഒത്തിരി സഹായങ്ങള്‍ ഈ വാര്‍ത്തയുടെ പേരില്‍ നഷ്ടമായെന്നും ഈ വാര്‍ത്തയ്ക്ക് പിന്നില്‍ ദുഷ്ടലാക്കോടെ ആരോ ഉണ്ടെന്നും സുമതി പറയുന്നു. ദയവായി ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിച്ച് തങ്ങളെ ദ്രോഹിക്കരുതെന്നും അവര്‍ പറഞ്ഞു.