ഇന്ത്യന്‍ പ്രധാനമന്ത്രിയും ചൈനീസ് പ്രധാനമന്ത്രിയും പങ്കെടുത്ത രഹസ്യയോഗം ഒബാമ തടസപ്പെടുത്തി

single-img
12 June 2014

obama2009ല്‍ കോപ്പന്‍ഹേഗനില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും ചൈനീസ് പ്രധാനമന്ത്രി വെന്‍ ജിയാബോയും ബ്രസീല്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളുടെ നേതാക്കളും അതീവ രഹസ്യമായി നടത്തിയ യോഗം യുഎസ് പ്രസിഡന്റ് ഒബാമ ഇടപെട്ട് തടസപ്പെടുത്തി. അമേരിക്കയെ ഒഴിവാക്കി കാലാവസ്ഥാ വ്യതിയാന പ്രശ്‌നത്തില്‍ സമവായമുണ്ടാക്കുകയായിരുന്ന ലക്ഷ്യത്തോടെയുള്ള യോഗമാണ് ഒബാമ നേരിട്ടെത്തി തടസ്സപ്പെടുത്തിയത്. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഹില്ലരി ക്ലിന്റന്റെ ഹാര്‍ഡ് ചോയ്‌സസ് എന്ന ഓര്‍മ്മക്കുറിപ്പുകളിലാണ് ഈ വെളിപ്പെടുത്തലുള്ളത്.

യോഗസ്ഥലത്തേക്ക് ഒബാമയും അന്നത്തെ സ്റ്റേറ്റ് സെക്രട്ടറി ഹില്ലരി ക്ലിന്റണും വിളിക്കാതെ കടന്നുചെല്ലുകയായിരുന്നു. ഏറെ തെരഞ്ഞശേഷമാണ് നോര്‍ഡിക് കണ്‍വന്‍ഷന്‍ സെന്ററില്‍ പ്രസ്തുത നേതാക്കള്‍ യോഗം ചേര്‍ന്ന മുറി കണ്ടുപിടിച്ചതെന്നും ചൈനീസ് ഗാര്‍ഡുകള്‍ തങ്ങളെ വഴിതിരിച്ചുവിടാന്‍ ശ്രമിച്ചെന്നും ഹില്ലരി പുസ്തകത്തില്‍ പറയുന്നുണ്ട്.

എതിര്‍പ്പുകളെ വകവയ്ക്കാതെ മുറിക്കുള്ളില്‍ കടന്ന ഒബാമ മിസ്റ്റര്‍ പ്രധാനമന്ത്രിയെന്ന് ഉറക്കെ വിളിച്ചപ്പോള്‍ എല്ലാവരും അദ്ഭുതപ്പെട്ടു. നിങ്ങള്‍ തയാറാണോ? നമുക്കുയോഗം തുടങ്ങാമെന്ന് ഒബാമ പറഞ്ഞു. കാലാവസ്ഥാ പ്രശ്‌നത്തില്‍ അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്കു വിരുദ്ധമായ തീരുമാനം രഹസ്യമായി യോഗം ചേര്‍ന്ന് എടുക്കാനുള്ള നീക്കം പരാജയപ്പെട്ടതായി ഹില്ലാരി വെളിപ്പെടുത്തുന്നു.