പഴങ്കഞ്ഞി വേണോ… ഹോട്ടല്‍ ജനാര്‍ദ്ദനയിലേക്ക് പോന്നോളൂ…

single-img
10 June 2014

Hotel 2

തിരുവനന്തപുരം- കൊട്ടാരക്കര സ്‌റ്റേറ്റ് ഹൈവേയില്‍ കൊല്ലം ജില്ലയുടെ അതിര്‍ത്തി പട്ടണമായ നിലമേല്‍ ഠൗണ്‍ കഴിഞ്ഞ് മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കുരിയോടെത്തും. ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ചടയമംഗലം ജഡായു പാറയ്ക്ക് സമീപം. കുരിയോട് ജംഗ്ഷനില്‍ എത്തുമ്പോള്‍ തന്നെ റോഡരികിലായി ആ മഞ്ഞ ബോര്‍ഡ് കാണാം. ‘ജനാര്‍ദ്ദന ഹോട്ടല്‍- കൂള്‍ മീല്‍സ്’. ഈ വഴി പോകുന്നവരുടെ നാവില്‍ രുചിവൈവിധ്യങ്ങളുടെ വേലിയേറ്റം സൃഷ്ടിച്ച ഒരു നാമമാണത്. ദേശാന്തരങ്ങളില്‍ നിന്നും ജനങ്ങള്‍ തേടിപ്പിടിച്ചെത്തി രുചിക്കൂട്ട് നോക്കുന്ന ദേശിംങ്ക നാടിന്റെ സ്വന്തം പഴങ്കഞ്ഞി ഹോട്ടല്‍.

ജനാര്‍ദ്ദന ഹോട്ടലും ഉടമ ജനാര്‍ദ്ദനന്‍ ചേട്ടനും മലയാളിയുടെ ദേശിയ ഭക്ഷണമായ പഴങ്കഞ്ഞിയിലൂടെ പ്രശസ്തരായിരിക്കുകയാണ്. സ്വന്തം പേരുതന്നെ ഹോട്ടലന് വന്നതിന്റെ കാരണം ചോദിച്ചാല്‍ ജനാര്‍ദ്ദനന്‍ ചേട്ടന്‍ പറയും: ”ആരു പറഞ്ഞു സ്വന്തം പേരാണെന്ന്? അത് എന്റെ പേരല്ല. വര്‍ക്കല ജനാര്‍ദ്ദന സ്വാമിയുടെ പേരാണ്. ജനാര്‍ദ്ദന സ്വാമിയുടെ അനുഗ്രഹമാണ് ഇതുവരയുള്ള എന്റെ ഏറ്റവും വലിയ സമ്പാദ്യം”.

Hotel 4
രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 11.30 വരെ ജനാര്‍ദ്ദന ഹോട്ടലില്‍ നല്ല തിരക്കാണ്. കാരണം അപ്പോഴാണ് ഹോട്ടലിലെ പഴങ്കഞ്ഞി സമയം. പഴങ്കഞ്ഞിക്കു വേണ്ടി പ്രത്യേകം തയ്യാറാക്കിയ ചോറും പുളിങ്കറിയും ചീനിയും (മരിച്ചിനി) കാന്താരി മുളകരച്ച ഒരു പ്രത്യേക ചമ്മന്തിക്കൂട്ടും കട്ടതൈരും രണ്ട് കാന്താരി മുളകും.ഇതാണ് ജനാര്‍ദ്ദന ഹോട്ടലിനെ പ്രിയങ്കരമാക്കുന്ന പഴങ്കഞ്ഞി വിഭവത്തിന്റെ ഫോര്‍മുല.

20 വര്‍ഷം മുമ്പാണ് ജനാര്‍ദ്ദനന്‍ ചേട്ടന്‍ ഈ ഹോട്ടല്‍ തുടങ്ങിയത്. അന്നൊക്കെ എല്ലാ ഹോട്ടലുകളിലേയും പോലെ സാധാ മെനു തന്നെയായിരുന്നു ഇവിടെയും ഉണ്ടായിരുന്നത്. പക്ഷേ ഹോട്ടല്‍ തുടങ്ങി പത്തുവര്‍ഷം കഴിഞ്ഞപ്പോള്‍ ഹോട്ടലിന്റെ തലവര മാറ്റിയ ഒരു സംഭവമുണ്ടായി. അതില്‍ നിന്നാണ് ഇന്നത്തെ ഈ പഴങ്കഞ്ഞിപ്പെുമയുടെ ചരിത്രം ആരംഭിക്കുന്നത്.

പത്ത് വര്‍ഷം മുമ്പുള്ള ഒരു ദിവസം രാവിലെ… ഹോട്ടലിലെ പ്രാതല്‍ നേരത്തെ കഴിഞ്ഞു. അന്നത്തെ ദിവസം ആളു കൂടിയതുതന്നെ കാരണം. സ്ഥിരം പറ്റുകളായ ഒന്നു രണ്ടുപേര്‍ കടയിലെത്തിയപ്പോള്‍ കൊടുക്കാന്‍ കാപ്പിയില്ല. സ്ഥിരം ആള്‍ക്കാരല്ലേ… അവരെ പിണക്കി വിടാനും വയ്യ. വിശന്ന് കുടല്കരിഞ്ഞുനിന്ന കസ്റ്റമേഴ്‌സിന് അവരുടെ സമ്മതത്തോടെ തലേദിവസത്തെ പഴങ്കഞ്ഞിയും ചീനിയും കുറച്ച് തൈരും കാന്താരി മുളകും ചേര്‍ത്ത് കൊടുത്തു.

കുടിച്ചുകഴിഞ്ഞ് കാശും കൊടുത്തിട്ട് പോയവര്‍ പിറ്റേന്നും വന്നു. പക്ഷേ അന്നു അവര്‍ക്ക് കാപ്പിവേണ്ട. പകരം പഴങ്കഞ്ഞിമതി. ജനാര്‍ദ്ദനന്‍ ചേട്ടന്റെ കൈപ്പുണ്യത്തിന്റെ ശക്തി വെളിവായ സമയം. അന്നുമുതല്‍ കഥ മാറുകയായിരുന്നു.

തന്റെ കൈപ്പുണ്യം തനിക്കുതന്നെ ബോധ്യമായതിനു ശേഷമാണ് ഈ പഴങ്കഞ്ഞി ജനാര്‍ദ്ദന ഹോട്ടലിലെ ഒരു വിഭവമാക്കി മാറ്റിയതെന്ന് ജനാര്‍ദ്ദനന്‍ ചേട്ടന്‍ പറയുന്നു. ”സാധാ പഴങ്കഞ്ഞി പോലയല്ല. ഇതിന്റെ കൂട്ട് ഒരു പ്രത്യേക അനുപാതത്തിലാണ് തയ്യാറാക്കുന്നത്. അതിരാവിലെ പാകം ചെയ്യുന്ന വിണ്ടുകീറാത്ത ചോറാണ് ഇവിടെ പഴങ്കഞ്ഞിക്കുപയോഗിക്കുന്നത്” ജനാര്‍ദ്ദനന്‍ ചേട്ടന്റെ വെളിപ്പെടുത്തല്‍.

Hotel 3

ഇന്ന് ഏകദേശം നൂറ്റമ്പതോളം പേര്‍ പഴങ്കഞ്ഞി കുടിക്കുവാന്‍ വേണ്ടി മാത്രം ഇവിടെയെത്തുന്നു. നടന്‍ സുരേഷ്‌ഗോപി പി.ജെ. കുര്യന്‍ എം.പി, മുല്ലക്കര ത്‌നാകരന്‍ തുടങ്ങിയ പ്രശസ്ത വ്യക്തികളും ഹോട്ടല്‍ ജനാര്‍ദ്ദനയിലെ പഴങ്കഞ്ഞിയുടെ സ്വാദ് അനുഭവിച്ചവരാണെന്ന് അനാര്‍ദ്ദനന്‍ ചേട്ടന്‍ അഭിമാനത്തോടെ ഓര്‍ക്കുന്നു.

പഴങ്കഞ്ഞിയില്‍ മാത്രം ഒതുങ്ങുന്നതല്ല ഹോട്ടല്‍ ജനാര്‍ദ്ദനയിലെ വിഭവങ്ങള്‍. ദോശയും ചപ്പാത്തിയും പുട്ടുമൊക്കെ രാവിലെ ഇവിടെ ലഭിക്കും. ഉച്ചയ്ക്ക് ഊണും. ഊണിന് നാടന്‍ കോഴിക്കറിയാണ് ഇവിടുത്തെ സ്‌പെഷ്യല്‍. സ്‌പെഷ്യലിലെ സ്‌പെഷ്യാലിറ്റി വിലയിലാണ് പ്രതിഫലിക്കുന്നത്. ഒരു പ്ലേറ്റ് കോഴിക്കറി വിപണി വിലയുടെ പകുതി മാത്രം.

ഇത്രകുറഞ്ഞ തുകയ്ക്ക് കോഴിക്കറി എങ്ങനെ കൊടുക്കുന്നുഎന്നു ചോദിച്ചാല്‍ ജനാര്‍ദ്ദനന്‍ ചേട്ടന്‍ തിരിച്ചൊരു ചോദ്യം ചോദിക്കും. ”ഒരു കിലോ ബീഫിനെന്താവില?”

”250 രൂപ”

”കിലോയ്ക്ക് 250 രൂപയ്ക്ക് വാങ്ങുന്ന ബീഫ് പ്ലേറ്റിന് 40-50 രൂപയ്ക്ക് കൊടുക്കാമെങ്കില്‍ ഇരുനൂറ് രൂപയില്‍ താഴെ നില്‍ക്കുന്ന കോഴി എന്തുകൊണ്ട് അതിലും താഴെ കൊടുത്തുകൂട?”

ഈ ചോദ്യത്തിനെന്തായാലും മറുചോദ്യമില്ല.

വൈകുന്നേരം ചീനിയും കോഴിക്കറിയും കഴിക്കാനും ആളു കൂടാറുണ്ടെന്നു ജനാര്‍ദ്ദനന്‍ ചേട്ടന്‍ പറയുന്നു. തലേദിവസത്തെ കറികള്‍ ഒന്നു പോലും പിറ്റേന്ന് ഉപയോഗിക്കുന്നില്ല എന്നതാണ് ഹോട്ടലിനെപ്പറ്റി എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത. അങ്ങനെയൊരു സാഹചര്യമുള്ളതിനാല്‍ ഇവിടെ ഫ്രിഡ്ജിന്റെ ആവശ്യവും ഉണ്ടായിട്ടില്ല.

Hotel 1

ജനാര്‍ദ്ദനന്‍ ചേട്ടനെ പാചകത്തില്‍ സഹായിക്കാന്‍ വാമഭാഗം ശശികല അടുത്തുണ്ട്. പിന്നെ മകളും മരുമകളും. അല്ലാതെ പുറത്തുനിന്നാരും ഈ ഭക്ഷണശാലയില്‍ ജോലി മനാക്കുന്നില്ല.

വ്യത്യസ്ഥ രുചികളെ എന്നും ഇഷ്ടപ്പെടുന്ന മലയാളികളുടെ മനസ്സാണ് തന്റെ വിജയത്തിനാധാരമെന്ന് സമ്മതിക്കാന്‍ ജനാര്‍ദ്ദനന്‍ ചേട്ടന് മടിയില്ല. ഹോട്ടല്‍ ജനാര്‍ദ്ദനയുടെ പ്രശസ്തി ദേശിംഗ നാടിന്റെ അതിര്‍ത്തിയും കടന്ന് പുറത്തേക്ക് വ്യാപിക്കുമ്പോള്‍ പുതിയ രുചിപ്രിയരേയും കാത്ത് ജനാര്‍ദ്ദനന്‍ ചേട്ടനും വീട്ടുകാരും പഴങ്കഞ്ഞിപ്പെരുമയുടെ വിജയഗാഥയുമായി തിരുവനന്തപുരം- കൊട്ടാരക്കര റോഡരികിലുണ്ട്.
മറക്കേണ്ട.. ഹോട്ടല്‍ ജനാര്‍ദ്ദന.