ഫെയ്‌സ്ബുക്ക് അടുപ്പം;പ്രവാസിയുടെ ഭാര്യയ്ക്ക് നഷ്ടമായത് 28 ലക്ഷം രൂപ

single-img
6 June 2014

facebook-broken-like-375x175 (1)ഫെയ്‌സ്ബുക്ക് വഴി യുവാവുമായി പരിചയപ്പെട്ട് അടുപ്പത്തിലായ യുവതിയ്ക്ക് 28 ലക്ഷം രൂപ നഷ്ടമായി.സ്വന്തം നാട്ടുകാരനായ യുവാവുമായി ഫേസ്ബുക്കിലൂടെ അടുപ്പത്തിലായ പത്തനംതിട്ട മലയാലപ്പുഴ സ്വദേശിയായ യുവതിയാണു തട്ടിപ്പിനിരയായത്.

ഫേസ്ബുക്കിലൂടെ പ്രണയിച്ച് യുവതിയെ കബളിപ്പിച്ചത് പത്തനംതിട്ട സെയില്‍സ് ടാക്‌സ് ഓഫീസിലെ ജീവനക്കാരനാണ്. ഭർത്താവ് അയക്കുന്ന പണം ഇരട്ടിയാക്കാമെന്ന് വാഗ്ദാനം നൽകി ഇയാൾ യുവതിയിൽ നിന്ന് പണം വാങ്ങി.എസ്ബിടിയിലും വിവിധ സ്വകാര്യ ബാങ്കുകളിലും നിക്ഷേപിച്ചിരുന്ന പണം പിന്‍വിലച്ച് യുവതി കാമുകനു കൈമാറി. ഇയാള്‍ക്കു ഭാര്യയും രണ്ടു മക്കളുമുണ്ട്.

മേയ് 30ന് ഭര്‍ത്താവ് നാട്ടിലെത്തുമെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് യുവതി പണം തിരികെ ചോദിച്ചപ്പോഴാണ് കാമുകന്റെ ചതി യുവതിയ്ക്ക് മനസ്സിലായത്.പണം മടക്കിത്തരാമെന്നു പറഞ്ഞ് പത്തനംതിട്ട നഗരത്തിലേക്കു വിളിപ്പിച്ച തന്നെ യുവാവ് കാറില്‍ കയറ്റി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. യുവതിയുടെ ഫോട്ടോ നഗ്‌ന ചിത്രങ്ങള്‍ക്കൊപ്പം ചേര്‍ത്ത് ഇന്റര്‍നെറ്റിലിടുമെന്ന് ഭീഷണിപ്പെടുത്തി.

പണം യുവതി ആവശ്യപ്പെട്ടെങ്കിലും ഇയാൾ തിരിച്ച് നൽകാൻ തയ്യാരായില്ല.ജോലി രാജിവെച്ച് എത്തുന്ന ഭർത്താവിനെ അഭിമുഖീകരിക്കാനാകാതെ ഒന്നര വയസ്സുള്ള മകനെയും ഉപേക്ഷിച്ച് യുവതി നാടുവിട്ടു. യുവതിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് പത്തനംതിട്ട പൊലീസ് എറണാകുളത്തു നിന്ന് യുവതിയെ കണ്ടെത്തി.

കുടുംബ ജീവിതം തകര്‍ന്നതിനെ തുടര്‍ന്ന് യുവതി പത്തനംതിട്ടയിലെ ഒരു മഹിളാ മന്ദിരത്തിലാണ് ഇപ്പോള്‍ താമസിക്കുന്നത്. അഫ്ഗാനിസ്ഥാനില്‍ ജോലിയുള്ള അമേരിക്കന്‍ സേനാ ഉദ്യോഗസ്ഥനും മാവേലിക്കര സ്വദേശിയുമാണ് യുവതിയുടെ ഭര്‍ത്താവ്.യുവതിയുടെ പരാതിയെ തുടര്‍ന്ന് തട്ടിപ്പ് നടത്തിയ ആൾക്കെതിരെ കേസെടുത്തിട്ടുണ്ട്