ആളുകള്‍ നോക്കിനില്‍ക്കേ യുവാവ് വനിതാ കണ്ടക്ടറെ അടിച്ചു ബോധം കെടുത്തി ,തറയിലൂടെ വലിച്ചിഴച്ചു

single-img
5 June 2014

മുംബൈ : ബസില്‍ യാത്ര ചെയ്തിരുന്ന യുവാവ് വനിതാ കണ്ടക്ടറെ അതിക്രൂരമായി മര്‍ദ്ദിച്ചു ബോധം കെടുത്തി.അതിനു ശേഷം കാലില്‍ പിടിച്ചു തറയിലൂടെ വലിച്ചിഴയ്ക്കുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്തു.

ഈ രംഗമത്രയും യാത്രക്കാര്‍ നിസ്സംഗരായി കണ്ടു നിന്നു. ഒടുവില്‍ തടയാന്‍ ചെന്ന ഡ്രൈവറെയും മറ്റൊരു വനിതാ കണ്ടക്ടറെയും യുവാവ് തല്ലിച്ചതച്ചുപ്പോഴാണ്  അത്രയും നേരം കണ്ടു നിന്ന യാത്രക്കാര്‍ യുവാവിനെ കൈകാര്യം ചെയ്തു പൊലീസില്‍ ഏല്‍പ്പിച്ചത്.

നവി മുംബൈയിലാണ് സംഭവം നടന്നത്. സംസ്ഥാന ട്രാന്‍സ്പോര്‍ട് കോര്‍പറേഷന്റെ ബസിലെ വനിതാ കണ്ടക്ടറാണ് ആക്രമിക്കപ്പെട്ടത്. നവി മുംബൈയിലെ ഫാക്ടറി തൊഴിലാളിയായ അഭിഷേക് സിംഗാണ് (30) ആക്രമണം നടത്തിയത്. 

ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുമ്പോള്‍ അഭിഷേക് സിംഗ് ബസിന്റെ മുന്‍വശത്ത് വാതിലിലൂടെ കയറാന്‍ ശ്രമിച്ചു. എന്നാല്‍ അത് ഇറങ്ങാനുള്ള ഡോര്‍ ആണെന്നും കയറേണ്ടത് പിന്നിലെ ഡോറിലൂടെയാണെന്നും  ഡ്രൈവര്‍ പറഞ്ഞപ്പോള്‍ ഇയാള്‍ ഡ്രൈവറെ തെറി വിളിച്ചു. ഈ സമയത്ത്, കണ്ടക്ടര്‍ ഇടപെട്ടു. ഇതോടെ പ്രകോപിതനായ ഇയാള്‍ 34കാരിയായ കണ്ടക്ടറെ തല്ലിച്ചതക്കുകയും തൊഴിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ഡ്രൈവര്‍ ബസ് നിര്‍ത്തിയപ്പോള്‍ ഇയാള്‍ കണ്ടക്ടറെ കാലില്‍ വലിച്ച് പുറത്തേക്ക് വലിച്ചിട്ടു. നിലത്തേക്ക് വീണ കണ്ടക്ടറുെടെ യൂനിഫോം ഇയാള്‍ വലിച്ചു കീറി. മിനിറ്റുകളോളം തല്ലുകയും ചവിട്ടുകയും ചെയ്തു. ഇതോടെ കണ്ടക്ടര്‍ ബോധരഹിതയായി. 

തന്നെ അയാള്‍ ഫൂട്ട്ബോള്‍ തട്ടുന്നതുപോലെ തട്ടിയിട്ടും യാത്രക്കാര്‍ കണ്ടുനിന്നു എന്നാണ് വനിതാ കണ്ടക്ടര്‍ പിന്നീട് പ്രതികരിച്ചത്.ഇതിനിടെ ബസ് നിര്‍ത്തി താഴെയിറങ്ങി യുവാവിനെ തടയാന്‍ ശ്രമിച്ച ഡ്രൈവര്‍ക്കും മര്‍ദ്ദനമേറ്റു. മര്‍ദ്ദനം കണ്ട് അതു വഴി പോവുകയായിരുന്ന ബസ് നിര്‍ത്തി അതിലെ വനിതാ കണ്ടക്ടറും ഇറങ്ങി. അവരും ഇടപെട്ടെങ്കിലും യുവാവ് അവര്‍ക്കു നേരെയായി. അവര്‍ക്കും മര്‍ദ്ദനമേറ്റു.

അതുവരെ ഇതെല്ലാം കണ്ടു നിന്ന നാട്ടുകാര്‍ ഈ സമയം ഇടപെട്ടു. അവര്‍ ഇറങ്ങി അക്രമിയെ പിടികൂടി കൈകാര്യം ചെയ്തു. പിന്നീട് ഇയാളെ പൊലീസിന് കൈമാറി. ഇതിനുശേഷം കണ്ടക്ടറെ ആശുപത്രിയില്‍ എത്തിച്ചു. 

പ്രതിക്കെതിരെ പൊലീസ് ഇന്ത്യന്‍ പീനല്‍ കോഡിലെ 353 , 354,323,506,427 തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇയാളെ കോടതി റിമാന്റ് ചെയ്തു.