യുപിയില്‍ ദളിത്‌ പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയതിനെതിരെ സമാധാനപരമായി സമരം ചെയ്ത സ്ത്രീ കൂട്ടായ്മ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു

single-img
5 June 2014

കൊച്ചി : “യു . പിയിലെ രണ്ടു ദളിത്‌ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് തൂക്കിക്കൊന്ന , ഇന്ത്യൻ സമൂഹത്തിന്റെ സവർണ്ണ – പുരുഷ്യാധിപത്യത്തെ തകർത്തെറിയുക” എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് സ്ത്രീ കൂട്ടായ്മ എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ ഹൈക്കോടതി ജംക്ഷനില്‍ നടന്ന പ്രതിഷേധം ശ്രദ്ധേയമായി.

ദളിത്‌ പെണ്‍കുട്ടികളെ ബലാൽസംഗത്തിനിരയാക്കിയ , അവരുടെ മരണത്തിനുത്തരവാദികളായവരെ ശിക്ഷിക്കുക , ഇന്ത്യൻ സമൂഹത്തിന്റെ സവർണ്ണ – പുരുഷ്യാധിപത്യത്തെ തകർത്തെറിയുക, സ്ത്രീവിരുദ്ധമായ എല്ലാ പുരുഷാധിപത്യ പ്രവണതകളോടും നിരന്തരം കലഹിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ടായിരുന്നു സ്ത്രീക്കൂട്ടയ്മയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തിയത്.

അര്‍ദ്ധനഗ്നരായി വിവിധ വര്‍ണ്ണങ്ങളിലുള്ള ബാനറുകള്‍ പുതച്ചെത്തിയ സ്ത്രീ കൂട്ടായ്മ പ്രവര്‍ത്തകര്‍ മണിപ്പൂരില്‍ ഇന്ത്യന്‍ ആര്‍മിയുടെ അതിക്രമത്തിനെതിരെ സമരം ചെയ്ത സ്ത്രീകളെ ഓര്‍മ്മിപ്പിച്ചു.

manipur_original2004 ജൂലൈ 15നാണ്‌ മണിപ്പൂരിലെ പെണ്‍കുട്ടികളുടെ അമ്മമാര്‍ പട്ടാളത്തിനെതിരെ ശ്രദ്ധേയമായ സമരം നടത്തിയത്‌. തുടര്‍ച്ചയായുള്ള പട്ടാളത്തിന്റെ പീഡനങ്ങള്‍ സഹിക്കാതായപ്പോഴായിരുന്നു അമ്മമാരുടെ പ്രതിഷേധം. “ഇന്ത്യന്‍ ആര്‍മി ഞങ്ങളെ ബലാത്സംഗം ചെയ്യൂ… പെണ്‍മക്കളെ വെറുതെ വിടൂ” എന്നീ മുദ്രാവാക്യങ്ങള്‍ എഴുതിയ ബാനറുകള്‍ ധരിച്ചായിരുന്നു അമ്മമാരുടെ പ്രതിഷേധം. ബാനറുകളുമായി ഇംഫാലിലെ പട്ടാള ആസ്ഥാനത്തെത്തിയ അമ്മമാര്‍ വസ്‌ത്രം വലിച്ചെറിഞ്ഞ്‌ ബാനറുകള്‍ കൊണ്ട്‌ മാത്രം നാണം മറച്ചാണ്‌ പട്ടാളത്തെ നാണംകെടുത്തിയത്‌.

എന്നാല്‍ സ്ത്രീ കൂട്ടായ്മയുടെ പ്രതിഷേധത്തെ പോലീസ് അറസ്റ്റ് കൊണ്ടാണ് നേരിട്ടത്.പൊതുനിരത്തില്‍ സഭ്യമല്ലാതെ പെരുമാറി, കലഹത്തിന്‌ പ്രേരിപ്പിച്ചു തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ്‌ ഇവരെ അറസ്റ്റു ചെയ്‌തത്‌. അറസ്റ്റു ചെയ്‌ത വനിതാ പ്രവര്‍ത്തകരെ പിന്നീട്‌ പോലീസ്‌ ജാമ്യത്തില്‍ വിട്ടയച്ചു.