ബാൽ താക്കറെയുടെ മോർഫ് ചെയ്ത ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തെന്ന് ആരോപിച്ച് യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തി

single-img
4 June 2014

Facebook-WhatsApp_APപൂനൈ;അന്തരിച്ച ശിവസേന നേതാവ് ബാല്‍ താക്കറെയുടെയും ത്രപതി ശിവജിയുടെയും ഹിന്ദു ദൈവങ്ങളുടെയും മോർഫ് ചെയ്ത ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തെന്ന് ആരോപിച്ച് യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തി.ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ വാട്‌സ് ആപ്പിലും ഷെയര്‍ ചെയ്തു എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം.

സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ മോഹ്‌സീന്‍ സാദിഖ് ഷെയ്ഖ് എന്ന 24 കാരനാണ് ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. എന്നാൽ സംഭവുമായി മോഹ്സീനു യാതൊരു ബന്ധവുമില്ലെന്നും അകാരണമായി മർദ്ദിക്കുകയായിരുന്നെന്നും സുഹൃത്ത് റിയാസ് പറഞ്ഞു. പള്ളിയില്‍ നിന്നും നിസ്‌കാരം കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെയാണ് മോഹ്‌സീന് നേരെ ആക്രമണം ഉണ്ടായത്.

മോഹ്‌സീന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് ഏഴുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹിന്ദു രാഷ്ട്ര സേന എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. ഈ സംഘടനയുടെ തലവന്‍ ധനഞ്ജയന്‍ ദേശായിയും പിടിയിലായിട്ടുണ്ട്.

സാമുദായിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ടി ബോധപൂര്‍വ്വമാണ് മോര്‍ഫ് ചെയ്ത് ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് എന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.കഴിഞ്ഞ രണ്ട് ദിവസങ്ങളായി നടക്കുന്ന അക്രമങ്ങളില്‍ ഇരുന്നൂറോളം പബ്ലിക് ബസ്സുകള്‍ തകർക്കുകയും മറ്റ് സ്ഥലങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു