ശരത് സര്‍ബത്തുമായി റോഡിലിറങ്ങിയത് സഹോദരങ്ങള്‍ക്ക് പാഠപുസ്തകം വാങ്ങാന്‍

single-img
2 June 2014

Sarathശരത് സി.എസ് എന്ന പന്ത്രണ്ടു വയസ്സുകാരന്‍ വേനലവധിയായി കിട്ടിയ രണ്ടുമാസം തിരക്കിലായിരുന്നു. കൂട്ടുകാര്‍ വേനല്‍ ക്ലാസുകളും വിനോദങ്ങളും ടൂറുമൊക്കെയായി അവധി ആഘോഷമാക്കിയപ്പോള്‍ ശരത് റോഡരികിലിരുന്ന് സര്‍ബത്ത് വില്‍ക്കുന്ന തിരക്കിലായിരുന്നു. അതില്‍നിന്നും കിട്ടിയ ചെറുതല്ലാത്ത വരുമാനമുപയോഗിച്ച് തന്റെയും ചേച്ചിയുടെയും അനുജന്റെയും പാഠപുസ്തകങ്ങളും ബുക്കും യൂണിഫോമുകളും വാങ്ങി, ഈ കൊച്ചു മിടുക്കന്‍.

തിരുവനന്തപുരം കൊട്ടാരക്കര റൂട്ടില്‍ വാമനപുരം ഗവ.ആശുപത്രിക്ക് സമീപം റോഡരുകില്‍ കുലുക്കി സര്‍ബത്തുമായി യാത്രക്കാരെ ആകര്‍ഷിച്ചിരുന്ന ശരത് ഇന്നു മുതല്‍ കിളിമാനൂര്‍ രാജാരവിവര്‍മ്മ ഹൈസ്‌കൂളിലെ എട്ടാം കഌസ് വിദ്യാര്‍ത്ഥിയായി തന്റെ പഠനം പുനരാരംഭിച്ചിരിക്കുകയാണ്. അഞ്ചുസെന്റിലെ ചെറിയൊരു വീട്ടില്‍ പിതാവ് ചന്ദ്രബാബുവിന്റെ സോഫാ പണിയില്‍ കിട്ടുന്ന ഏക വരുമാനത്തില്‍ അഞ്ചംഗ കുടുംബത്തിന്റെ ജീവിതം ദുസഹമായി തന്റെയും സഹോദരങ്ങളുടെയും പഠനം മുടങ്ങുമെന്ന ഘട്ടത്തിലാണ് ശരത് കുലുക്കി സര്‍ബത്തുമായി കളത്തിലിറങ്ങിയത്. എം.സി. റോഡില്‍ വേനല്‍ക്കാലത്ത് കൂണുപോലെ മുളച്ചു പൊന്തുന്ന സര്‍ബത്ത് കടകളുടെണ്ടങ്കിലും ചുട്ടുപൊള്ളുന്ന വെയിലും പുതുമ തേടുന്ന ജനങ്ങളും ശരതിനെ അകമഴിഞ്ഞ് സഹായിച്ചു.

കഴിഞ്ഞ വര്‍ഷത്തെ സ്‌കൂള്‍ പഠനകാലത്ത് അവധി ദിവസങ്ങളില്‍ ചെറിയൊരു വരുമാനത്തിന് ശരതും സഹോദരനും പോയി നിന്നിരുന്ന ജ്യുസുകടയിലെ പ്രവര്‍ത്തി പരിചയമാണ് ശരത്തിനെ സഹായിച്ചത്. അവിടെനിന്നു പഠിച്ചെടുത്ത കുലുക്കി സര്‍ബത്തിന്റെ രസക്കൂട്ടുമായി വഴിയരികില്‍ കാത്തിരുന്ന ശരത് അതു നുണഞ്ഞവരാരെയും നിരാശരാക്കിയില്ല. നറുനീണ്ടിയും ഇഞ്ചിയും പച്ചമുളകും ചേര്‍ത്തുള്ള ശരത്തിന്റെ സര്‍ബത്തിന് ഒത്തിരി പതിവുകാരമുണ്ടായി.

ഏഴാംക്ലാസുകാരനായ ശ്യാമും പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ശരണ്യയും ഇന്ന് സ്‌കൂളിലേക്ക് പോകുന്നത് ശരത് വാങ്ങിക്കൊടുത്ത പഠനസാമഗ്രികളും വസ്ത്രങ്ങളുമണിഞ്ഞാണ്. അതിന്റെ സന്തോഷം അവന്റെ മുഖത്തുമുണ്ട്. അമ്മ സന്ധ്യയും അച്ഛനും സഹോദരങ്ങളുമടങ്ങിയ ശരത്തിന്റെ കുടുംബത്തിന് ചെറുതാണെങ്കിലും അത് സന്തോഷം നല്‍കുന്നുമുണ്ട്. ഇനിയും അടുത്ത വേനലവധിക്ക് നമുക്ക് ശരത്തിനെ കാണാം, വഴിവക്കില്‍ യാത്രക്കാരുടെ ദാഹം ശമിപ്പിക്കുന്ന കുലുക്കി സര്‍ബത്തുമായി.