പറവൂരില്‍ ഉറങ്ങിക്കിടന്ന കന്യാസ്ത്രീയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു : കോണ്‍വെന്റിലെ സഹപാഠി അറസ്റ്റില്‍

single-img
1 June 2014

പറവൂര്‍ : കോണ്‍വെന്റിലെ മുറിയില്‍ ഉറങ്ങിക്കിടന്ന കന്യാസ്ത്രീയെ മണ്ണെണ്ണയൊഴിച്ചു ചുട്ടുകൊല്ലാന്‍ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മുറിയില്‍ താമസിച്ചിരുന്ന സഹപാഠിയായ സന്യാസിനിയെ പൊലീസ് അറസ്റ് ചെയ്തു. പറവൂര്‍ സെന്റ് ആന്‍സ് കോണ്‍വെന്റിലാണ് സംഭവം.

ശനിയാഴ്ച്ച രാത്രി ഒരുമണിയോടെയാണ് സംഭവം നടന്നത്. പറവൂര്‍ സെന്റ് ആന്‍സ് കോണ്‍വെന്റില്‍ സന്യാസിനി വിദ്യാര്‍ഥിനികള്‍ താമസിച്ചിരുന്ന മുറിയിലാണ് ചെല്ലാനം സ്വദേശി ഡെല്‍സിയെന്ന വിദ്യാര്‍ഥിനിയെ പൊള്ളലേറ്റനിലയില്‍ കണ്ടെത്തിയത്. ഇവര്‍ താമസിച്ച മുറിയില്‍ ഏഴു പേരായിരുന്നു ഉണ്ടായിരുന്നത്. പറവൂര്‍ സിഐ വിജയന്റെ നേതൃത്വത്തിലുള്ള സംഘം മുറിയിലുണ്ടായിരുന്നവരെ ചോദ്യം ചെയ്തതോടെയാണ് പ്രതിയായ റേച്ചല്‍ പിടിയിലാവുന്നത്.

പൊള്ളലേറ്റ ഡെല്‍സിയും പ്രതി റേച്ചലും മറ്റൊരു സന്യാസിനി വിദ്യാര്‍ഥിനി ജിസ്മിയും വര്‍ഷങ്ങളായി ആത്മമിത്രങ്ങളായിരുന്നു. പഠനത്തിന്റെ ഭാഗമായി ജിസ്മിയെയയും ഡല്‍സിയെയും ആന്ധ്രാപ്രദേശിലേക്ക് അയക്കുന്നതിന് തീരുമാനിച്ചു. ഡല്‍സിയുടെ സ്വാധീനത്തിലാണ് ഇതെന്ന് കരുതി പ്രതി റേച്ചല്‍ ഡല്‍ഫിയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.

കോണ്‍വെന്റിന്റെ അടുക്കളയില്‍ നിന്നും മണ്ണെണ്ണ കവര്‍ന്ന പ്രതി ശനിയാഴ്ച വെളുപ്പിന് ഉറങ്ങിക്കിടന്ന ഡല്‍ഫിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു. ശരീരത്തില്‍ നാല്പതു ശതമാനത്തിലധികം പൊള്ളലേറ്റ ഡെല്‍സി  പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

കൂട്ടുകാരിയെ നഷ്ടപ്പെടും എന്ന ചിന്തയാണ് റേച്ചല്‍ ഇങ്ങനെ ചെയ്യാന്‍ കാരണമെന്നാണ് പോലീസ് പറയുന്നത്. ഇന്ന് ഉച്ചയോടെ കസ്റഡിയിലെടുത്ത പ്രതി റേച്ചലിനെ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി. ഇവരെ14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പ്രതിയെ കാക്കനാട് ജയിലേക്ക് മാറ്റി.