ആത്മീയജീവിതത്തിന് അന്ത്യം; പ്രണയിനികളായ കന്യാസ്ത്രീയും വൈദികനും വിവാഹജീവിതത്തിലേക്ക്

single-img
28 May 2014

Kanyaജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ഒന്നിച്ച് പ്രവര്‍ത്തിച്ച് പ്രണയബദ്ധരായ വൈദികനും കന്യാസ്ത്രീയും തങ്ങളുടെ ആത്മീയ ജീവിതം മതിയാക്കി വിവാഹജീവിതത്തിലേക്ക് കടന്നു. തൃശൂര്‍ സ്വദേശിനിയായ കന്യാസ്ത്രീയും എറണാകുളം സ്വദേശിയായ വൈദികനുമാണ് ഇത്തരത്തില്‍ ലൗകിക ജീവിതത്തിലേക്ക് കടന്നിരിക്കുന്നത്.

കുറുവിലങ്ങാടിന് സമീപമുള്ള ഒരു മഠത്തിലെ അന്തേവാസിയായിരുന്നു സ്‌കൂള്‍ അധ്യാപിക കൂടിയായ കന്യാസ്ത്രീ. ജര്‍മ്മനിയിലായിരുന്ന വൈദികന്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് മഠത്തിലെത്തുന്നത്. അവിടെവച്ച് കന്യാസ്ത്രീയെ കാണുകയും പരിചയപ്പെടുകയുമായിരുന്നു. ജര്‍മ്മനിയിലെ ചാലീസെന്ന സന്നദ്ധസംഘടനയുടെ ചെന്നൈയിലെ കണ്‍വീനറായിരുന്നു വൈദികന്‍. സന്യാസിനി പഠിപ്പിച്ചിരുന്ന സ്‌കൂളിലെ നിത്യ സന്ദര്‍ശകനായിരുന്നു വൈദികന്‍.

കഴിഞ്ഞ 14 ന് അവധിക്ക് വീട്ടിലേക്ക് പോയ കന്യാസ്ത്രീ വീട്ടിലെത്തിയിരുന്നില്ല. താന്‍ സന്യാസജീവിതം അവസാനിപ്പിക്കുകയാണെന്ന് കാട്ടി അങ്കമാലി സന്യാസിനി സഭയിലെക്ക് ഇവര്‍ ഇ മെയില്‍ അയച്ചതിനെ തുടര്‍ന്ന് മഠത്തിലെ മദര്‍, സന്യാസിനിയെ കാണാനില്ലന്ന് കാട്ടി കുറവിലങ്ങാട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പോലീസിന്റെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ വൈദികനേയും സന്യാസിനിയേയും പാലക്കാട്ട് നിന്നും കണ്ടെത്തി. പാലാ കോടതിയില്‍ ഹാജരാക്കിയ ഇവര്‍ തങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ച വിവരം കോടതിയെ അറിയിക്കുകയും കോടതി അതിന് അനുമതി നല്‍കുകയുമായിരുന്നു.