നവാസ് ഷരീഫ് മോഡിയുടെ സത്യപ്രതിജ്ഞയില്‍ പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴും അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ രണ്ടു തവണ വെടിനിര്‍ത്തല്‍ ലംഘിച്ചു

single-img
27 May 2014

ജമ്മു : മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നവാസ് ഷെരീഫ് പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴും അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ പട്ടാളം രണ്ടു തവണ വെടിനിര്‍ത്തല്‍ ലംഘിച്ചതായി റിപ്പോര്‍ട്ട്‌.

കൃഷ്ണ ഘട്ടി സെക്ടറിലെ നാഗി ടെക്രിയില്‍ തിങ്കളാഴ്ച രാവിലെ 11:15 നാണ് ആദ്യ വെടിപൊട്ടിയത്.തുടര്‍ന്നു പതിനഞ്ചു മിനുട്ടോളം ഇടവിട്ട് പാക്കിസ്ഥാന്‍ ട്രൂപ്പുകള്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക്‌ നേരെ വെടിവെച്ചു.എന്നാല്‍ ആര്‍മി ഉദ്യോഗസ്ഥര്‍ ഇതിനെക്കുറിച്ച്‌ മൌനം പാലിക്കുകയാണ്.

വൈകിട്ട് 6:15 നാണ് അടുത്ത വെടിവെയ്പ്പ് ഉണ്ടായത്. ആര്‍ണിയ സബ് സെക്ടറിലെ പിണ്ടി വില്ലേജിലുള്ള ബി എസ് എഫിന്റെ  സ്റ്റോപ്പ്‌ 2 പോസ്റ്റിനു നേരെ പാക്കിസ്ഥാന്‍ ഭാഗത്ത്‌ നിന്നും സ്നൈപ്പര്‍ ഉപയോഗിച്ച് വെടിവെയ്പ്പുണ്ടായി.ഇത് നടക്കുമ്പോള്‍ നവാസ് ഷെരീഫ് രാഷ്ട്രപതിഭവനില്‍ മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്നു.

താന്‍ സമാധാനത്തിന്റെ സന്ദേശവുമായാണ് വരുന്നതെന്നാണ് നവാസ് ഷെരീഫ് തന്റെ ഇന്ത്യാ സന്ദര്‍ശനത്തെക്കുറിച്ച് പറഞ്ഞത്.1999-മുതലുള്ള പൊട്ടിയ ചരടുകള്‍ കൂട്ടിയോജിപ്പിക്കാനാണ് തന്റെ ശ്രമമെന്നും ഷെരീഫ് പറഞ്ഞിരുന്നു.