നവാസ് ഷെരീഫിന് മോഡി ബിരിയാണി കൊടുക്കില്ല

single-img
26 May 2014

ന്യൂഡല്‍ഹി : മോഡിയുടെ സത്യപ്രതിജ്ഞയ്ക്ക് വരുന്ന നവാസ് ഷെരീഫ് അടക്കമുള്ള വിദേശ നേതാക്കള്‍ക്ക് ബിരിയാണി വിളമ്പില്ല . ഇന്ന് വൈകുന്നേരം രാഷ്ട്രപതിഭവനില്‍ വെച്ച് നടക്കുന്ന അത്താഴവിരുന്നിന്റെ മെനുവില്‍ ബിരിയാണി ഉണ്ടാകില്ല എന്നാണു റിപ്പോര്‍ട്ടുകള്‍.രാഷ്ട്രപതിഭവനിലെ അത്താഴവിരുന്നുകളിലെ പ്രധാനവിഭവമായിരുന്നു ബിരിയാണി.

ഇന്ത്യന്‍ പട്ടാളക്കാരുടെ തലയറുത്ത പാക്കിസ്ഥാന്റെ പ്രധാനമന്ത്രിയ്ക്ക് യുപിഎ സര്‍ക്കാര്‍ ചിക്കന്‍ ബിരിയാണി വിളമ്പി എന്ന മോഡിയുടെ വിമര്‍ശനം വളരെയധികം വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു . അന്നത്തെ പാക്‌ പ്രധാനമന്ത്രിയായിരുന്ന രാജാ പര്‍വേസ് അഷറഫിന്റെ അജ്മീര്‍ സന്ദര്‍ശനവേളയിലാണ് മോഡി ഈ വിമര്‍ശനം ഉന്നയിച്ചത്.

കഴിഞ്ഞ വര്‍ഷം ന്യൂയോര്‍ക്കില്‍ വെച്ച് നടന്ന മന്‍മോഹന്‍സിംഗ്‌-നവാസ് ഷെരീഫ് കൂടിക്കാഴ്ച്ചയെ ബിരിയാണി മീറ്റിംഗ് എന്ന് വിളിച്ചധിക്ഷേപിച്ചതും മോഡിയായിരുന്നു.ഈ വര്‍ഷമാദ്യം ഒരു റാലിക്കിടെ ഇന്ത്യ -പാക്‌ ബന്ധത്തെ “ബിരിയാണി നയതന്ത്രം” എന്ന് വിളിച്ചു കളിയാക്കാനും മോഡി മറന്നില്ല.

നവാസ് ഷെരീഫിനെ ക്ഷണിക്കുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തു വന്നപ്പോള്‍ത്തന്നെ ശശി തരൂര്‍ ” നവാസ് ഷെരീഫിന് മോഡി ചിക്കന്‍ ബിരിയാണി നല്‍കുമായിരിക്കും ” എന്ന് ട്വിറ്ററിലൂടെ പരിഹസിച്ചിരുന്നു.

എന്തായാലും മെനുവില്‍ നിന്നും ബിരിയാണി ഒഴിവാക്കിക്കൊണ്ട് രാഷ്ട്രപതി മോഡിയെ രക്ഷിച്ചു എന്നാണു ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്.