ഉത്തരേന്ത്യ കാവി പുതയ്ക്കുമ്പോള്‍ : മൃദുഹൈന്ദവതയില്‍ നിന്നും ഹിന്ദുത്വത്തിലേയ്ക്കുള്ള രാഷ്ട്രീയ പരിണാമം

single-img
17 May 2014

 ഉത്തരേന്ത്യയില്‍ ബിജെപി മൃഗീയ ഭൂരിപക്ഷം നേടാനുള്ള കാരണങ്ങളെയും രാഷ്ട്രീയ സാഹചര്യങ്ങളെയും കുറിച്ചു ഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് ജീനോം റിസര്‍ച്ചില്‍ ഗവേഷണവിദ്യാര്‍ത്ഥിയായ ജംഷീര്‍ മുഹമ്മദ്‌ വിലയിരുത്തുന്നു .ലേഖകന്‍ അലിഗഡ് മുസ്ലിം സര്‍വ്വകലാശാലയിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയാണ്.

 

16lead4നോര്‍ത്ത് ഇന്ത്യയിൽ ബി. ജെ. പി. നേടിയ മൃഗീയ ഭൂരിപക്ഷത്തില്‍  ആറു വര്‍ഷത്തോളമായി ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലുമായി  ജീവിക്കുന്ന ,ഇവിടുത്തെ  ആളുകളോട് ഇടപഴകുന്ന   ഒരാള്‍ എന്ന നിലയിൽ എനിക്ക് അത്ഭുതം ഒന്നും ഇല്ല. രാജസ്ഥാൻ, ഗുജറാത്ത് , മധ്യപ്രദേശ്‌ തുടങ്ങിയ സംസ്ഥാനങ്ങളിൽ ബി. ജെ. പി-കോണ്‍ഗ്രസ്സ് മത്സരം എന്ന് പറയുന്നത് മിക്കപ്പോഴും തീവ്ര ഹൈന്ദവതയും മൃദു ഹൈന്ദവതയും തമ്മിലുള്ള മത്സരമാണ്.കേവലം എട്ടു ശതമാനം വരുന്ന മുസ്ലിങ്ങളെ പരിഗണിച്ചില്ലെങ്കിൽ പോലും അനായാസമായി അധികാരത്തിൽ വരാമെന്ന അവസ്ഥയാണ് രാജസ്ഥാനിൽ.ആറു ശതമാനം മാത്രമാണ് മധ്യപ്രദേശിൽ മുസ്ലിങ്ങളുടെ ജന സംഖ്യ; ഗുജറാത്തിൽ ഒമ്പത് ശതമാനവും. ജനാധിപത്യം ഭൂരിപക്ഷത്തിന്റെ ആധിപത്യ ഭരണമായി ഉള്ള ഒരു പൊതു സംസ്കാരം നില നിൽക്കുമ്പോൾ, ഈ ന്യൂനപക്ഷത്തിന്റെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കിലും അധികാരം കയ്യിലാക്കുമെന്ന അവസ്ഥയാണ് ഉള്ളത്. അതിനു പുറമേ മതത്തിന്റെ അതിപ്രസരവും, അത് ഹിന്ദുവായാലും മുസ്ലിമായാലും. ഹിന്ദുക്കളും മുസ്ലിങ്ങളും വെവ്വേറെ കോളനികളിൽ താമസിക്കുന്നത് ഗ്രാമങ്ങളിലും ചെറിയ പട്ടണങ്ങളിലും മാത്രമല്ല, ഡല്ഹി പോലുള്ള മെട്രോ സിറ്റികളിലും സാധാരണമാണ്.

കേരളത്തിലെ ഹിന്ദുക്കളെ അപേക്ഷിച്ച് ആചാര കടും പിടുത്തങ്ങളും, സുപ്പീരിയോരിട്ടി മനോഭാവവും ഉള്ളവനാണ് ഒരു  സാധാരണ ഉത്തരേന്ത്യൻ ഹിന്ദു. ഉത്തരേന്ത്യൻ മുസ്ലിങ്ങളിലും ഇത് തന്നെയാണ് സാധാരണ മനോഭാവം. തമ്മില്‍ തമ്മില്‍ വിശ്വാസമില്ലാത്ത, അന്യ മതത്തെ കുറിച്ച് സ്റ്റീരിയോടൈപ്പുകള്‍ക്ക് വളരെ പ്രാധാന്യം ഉള്ള ഒരു സമൂഹം. വിഭജനത്തിന്റെ മുറിവുകള്‍ ഇപ്പോഴും ഉണങ്ങാതെ കിടപ്പുണ്ട്.ഇതിനാല്‍ തന്നെ തീവ്ര ഹിന്ദുത്വവും, രാഷ്ട്ര വാദവും, മോഡിയുടെ വികസന കഥകളും സാധാരണക്കാരന് രുചിക്കുന്ന അമാനുഷികതയും കൊണ്ട് ശക്തമായ ബി. ജെ. പി. ക്കെതിരെ അഴിമതി ആരോപണങ്ങളില്‍  മുങ്ങിയ കൊണ്ഗ്രസ്സിനു പിടിച്ചു നില്‍ക്കാനാവതെ വന്നതില്‍ ഒരു അത്ഭുതവും ഇല്ല.

മതത്തോടുള്ള ഈ മനോഭാവം മാറുന്നില്ലെങ്കിലും ജനസംഖ്യ ജനസംഖ്യാനുപാതത്തിലുള്ള മാറ്റം കാരണം ഉത്തര്‍പ്രദേശിലെയും ബീഹാറിലെയും രാഷ്ട്രീയ സമവാക്യങ്ങൾ വ്യത്യസ്തമാണ്. ഏകദേശം പത്തൊന്‍പതു ശതമാനം മുസ്ലിങ്ങള്‍ ആണ് ഈ രണ്ടു സംസ്ഥാനത്തും ഉള്ളത്. മണ്ഡല്‍ പ്രക്ഷോഭാനന്തര  കാലഘട്ടത്തില്‍ ഉരുത്തിരിഞ്ഞു വന്ന മതാതീത രാഷ്ട്രീയ കൂട്ടുകെട്ടുകളാണ് മിക്കപ്പോഴും ഈ സംസ്ഥാനങ്ങളിലെ രാഷ്ട്രീയത്തെ നിര്‍ണയിച്ചത്.ഉത്തര്‍പ്രദേശില്‍ യാദവ്-മുസ്ലിം കൂട്ടുകെട്ട് സമാജ്-വാദി പാര്‍ട്ടിയുടെ കൂടെയും ദളിതുകളും സവര്‍ണ  ഹിന്ദുക്കളും ബഹുജന്‍ സമാജ് വാദി പാര്‍ടിയുടെ കൂടെയും നില്‍ക്കുന്നു.

ഈ കൂട്ടുകെട്ടിന് ഇളക്കം തട്ടിയത് വര്‍ഗീയമായ പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ മാത്രമാണ്. അതില്‍ ഒന്നാമത് ബാബറി മസ്ജിദ് തകര്‍ത്തതിന്റെ തൊട്ടു മുന്‍പും (അദ്വാനി നടത്തിയ രഥയാത്രയുടെ ഫലമായി ഇന്ത്യയിലെ വര്‍ഗീയത അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ നില്‍ക്കുന്ന സമയം  ) പിന്നെ മുസാഫർ നഗര്‍ വര്‍ഗീയ കലാപങ്ങള്‍ക്ക് ശേഷം നടന്ന ഈ ഇലക്ഷനിലും. യുപിയിലെ ഇലക്ഷന്‍ ഫലത്തില്‍ ശ്രദ്ധേയമായത് ബി. എസ്. പിയുടെ പ്രകടനം ആണ്. ഭരണ കക്ഷി  അല്ലാഞ്ഞിട്ടും, അഖിലേഷ് യാദവിന്റെ ഭരണത്തിനെതിരെ സാമാന്യം നല്ല  രീതിയില്‍ ഉള്ള ഭരണ വിരുദ്ധ വികാരം ഉണ്ടായിട്ടും അവര്‍ക്ക് ഒരു സീറ്റ് പോലും നേടാന്‍ സാധിച്ചില്ല. ദളിത്‌-സവര്‍ണ  ഹിന്ദുക്കളുടെ വോട്ടു എങ്ങോട്ടാണ് ചൊർന്നതെന്നു വളരെ  വ്യക്തമാണ്. എ.സ്പി യുടെ സ്ഥിതിയും വളരെ വത്യസ്തമൊന്നുമല്ല, അഞ്ചു സീറ്റില്‍ രണ്ടെണ്ണം മുലായം ആണ് ജയിച്ചത്‌. അതില്‍ ഫിറോസാബാദ് ഒഴികെ ബാകി നാലും ഉറച്ച എസ. പി കോട്ടകളും. വ്യാജ വീഡിയോയും, വര്‍ഗീയ പ്രസംഗങ്ങളും കൊണ്ട് പൊലിപ്പിച്ച  മുസഫർ നഗര്‍ കലാപം ഫലം കണ്ടു എന്നത് വ്യക്തമാണ്. അമിത് ഷാ എന്ന രാഷ്ട്രീയ ചാണക്യന്‍ ബി. ജെ. പി. യുടെ പാരമ്പര്യ ആയുധങ്ങള്‍ വളരെ സമര്‍ഥമായി ഉപയോഗിച്ചാണ് യു പി കയ്യടക്കിയത്. ചുരുക്കി പറഞ്ഞാല്‍ യുപിയിലെ ജാതി രാഷ്ട്രീയം മത രാഷ്ട്രീയത്തിന് വഴി മാറി.

വികസന പൊയ്മുഖത്തോടൊപ്പം,തീവ്ര ഹിന്ദു വര്‍ഗീയ നിലപാടുകളാണ് ബീഹാറിലെ ബിജെപിയുടെ മുന്നേറ്റത്തിനു  കാരണം.കാര്യമായ പിന്തുണയൊന്നുമില്ലാതെ മത്സരിച്ച യു.പിയില്‍ നിന്നും വ്യത്യസ്തമായി  റാം വിലാസ് പാസ്വാന്റെ ലോക് ജന ശക്തി പാര്ടിയുമായുള്ള കൂട്ടുകെട്ട് ബി. ജെ. പിയുടെ വിജയത്തിന് അനുകൂലമായി. മുസ്ലിം വോട്ടുകള്‍ ജനതാദള്‍ പാര്ടികളിലായി ചിതറിയത് സംസ്ഥാനമൊട്ടാകെ ബി.ജെ.പിക്കും എല്‍. ജെ. പിക്കും സഹായമായി. സാമാന്യം ഭേദപ്പെട്ട ഭരണം കാഴ്ച വെയ്ക്കുന്ന നിതീഷ് കുമാറിന്റെ ജെ. ഡി. യു വെറും രണ്ടു സീറ്റാണ് നേടിയത്. അത് പോലെ ബി.ജെ.പി കൂടുതലായി  വിജയിച്ചത് യു.പിയുമായി ചേര്‍ന്ന് നില്‍ക്കുന്ന ലോക്സഭാ സീറ്റുകളിലാണ്. യു.പിയിലെ കലാപവും വര്‍ഗീയ ചേരിതിരിവും വാരാണസിയിലെ മോഡിയുടെ സാന്നിധ്യവും ബീഹാര്‍ സ്വന്തമാക്കാന്‍ ബി.ജെ. പിയെ സഹായിച്ചിട്ടുണ്ടെന്നത് വ്യക്തമാണ്.  ബീഹാറിനോടും ജാർഖണ്ഡ്, ചത്തീസ്ഗഡ് പോലെയുള്ള സംസ്ഥാനങ്ങളോടും അടുത്ത് നില്‍ക്കുന്ന, ഹിന്ദുക്കള്‍ക്ക് മതപരമായി ഏറെ പ്രാധാന്യമുള്ള, വാരാണസി സീറ്റ് മോഡി തിരഞ്ഞെടുത്തതില്‍ ഉറച്ച സീറ്റ് എന്നതിലുപരി രാഷ്ട്രീയ കണക്കു കൂട്ടലുകള്‍ ഉണ്ടായിരുന്നു എന്നത് പകല്‍ പോലെ വ്യക്തമാണ്. അത് വിജയം കണ്ടു എന്ന് വേണം പറയാന്‍. തൊണ്ണൂറ്റിയെട്ടു ശതമാനം ഹിന്ദുക്കള്‍ ഉള്ള ചത്തീസ്ഗഡിലും, ജാർഖണ്ഡ് മുക്തി മോര്‍ച്ച ഭരിക്കുന്ന ജാർഖണ്ഡിലും ബി ജെ പിയുടെ കാടടക്കിയുള്ള പ്രചരണം ഫലം  കണ്ടു.

ചുരുക്കി പറഞ്ഞാല്‍ ജനാധിപത്യം ഭൂരിപക്ഷത്തിന്റെ രുചികൾക്കനുസരിച്ചുള്ള ഭരണം ആവാം എന്ന സാധ്യതയില്‍, ഭൂരിപക്ഷ മതത്തിന്റെ ഇംഗിതത്തിനൊത്ത വര്‍ഗീയ വിഷയങ്ങള്‍ തിരഞ്ഞെടുത്തതും അതിലും വീഴാത്തവരെ വികസനത്തിന്റെ പൊയ്മുഖം കാട്ടിയും, വര്‍ഗീയ കലാപത്തിനെ  ഉള്ളഴിഞ്ഞു പ്രോത്സാഹിപ്പിച്ചും ആണ് ബി. ജെ. പി. ഹിന്ദി മേഖലയില്‍ ഇത്ര മൃഗീയ ഭൂരിപക്ഷം കൈവരിച്ചത്. ആദ്യമേ തമ്മില്‍ വിശ്വാസമില്ലാത്ത ഹിന്ദുക്കളും മുസ്ലിങ്ങളും ഉള്ള ഉത്തരേന്ത്യയിൽ ഇത് വളരെ എളുപ്പവുമായി.

വികസന വാദങ്ങള്‍ കൊണ്ടല്ല , പണ്ട് മുതലേ കൊണ്ട് നടക്കുന്ന വര്‍ഗീയ,  വിദ്വേഷ രാഷ്ട്രീയം ഫലവത്തായി ഉപയോഗിക്കാന്‍ കഴിഞ്ഞത് കൊണ്ടാണ് ഇപ്രാവശ്യവും ബി. ജെ. പി. ജയിച്ചിട്ടുള്ളത്.