അസ്സമില്‍ ബോഡോ തീവ്രവാദികളുടെ ആക്രമണം : കൊല്ലപ്പെട്ടവരുടെ എണ്ണം 30 ആയി

single-img
3 May 2014

ഗുവാഹാട്ടി: അസമില്‍ ബോഡോ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 30 ആയി. 14 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ചവരില്‍ മൂന്നു കുട്ടികളും ഉള്‍പ്പെടുന്നു. സംസ്ഥാനത്തെ സംഘര്‍ഷബാധിത പ്രദേശമായ ബോഡോലാന്‍ഡ് ടെറിട്ടോറിയല്‍ അഡ്മിനിസ്‌ട്രേഷന്‍ (ബി.ടി.എ.ഡി.) മേഖലയിലെ കൊക്രജാര്‍, ബക്‌സ ജില്ലകളിലാണ് വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലര്‍ച്ചെയും രാത്രിയും ആക്രമണമുണ്ടായത്.

ബംഗാളി സംസാരിക്കുന്ന 30 മുസ്‌ലിങ്ങളെയാണ് തീവ്രവാദികള്‍ കൂട്ടക്കൊല ചെയ്തത്. ഏപ്രില്‍ 24 നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തില്ലെന്ന് ആരോപിച്ചായിരുന്നു കൊലപാതകം.ബോഡോലാന്‍ഡ് ടെറിട്ടോറിയല്‍ കൗണ്‍സില്‍ ഭരണം നടത്തുന്ന നാല് ജില്ലകളുള്‍പ്പെട്ട മേഖലയാണ് ബി.ടി.എ.ഡി. 

അക്രമണത്തെ തുടര്‍ന്ന് ബക്‌സയിലും കൊക്രജറിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബക്‌സ ജില്ലയിലെ നാരായണ്‍ഗുരിയില്‍ നിന്ന്  ഏഴ് മൃതദേഹങ്ങള്‍ കൂടി പോലീസ് ഇന്ന് രാവിലെ കണ്ടെടുത്തു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് പോലീസ് അറിയിച്ചു.

നാഷനല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡിന്റെ അനുരഞ്ജന വിരുദ്ധ വിഭാഗ(സംഗ്ബിജിത് വിഭാഗം)മാണ് ആക്രമണത്തിന് പിന്നിലെന്ന് അസം ഡി.ജി.പി ഖഗന്‍ ശര്‍മ പറഞ്ഞു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാണ്‍ പട്ടാളത്തെ ഇറക്കാനും ആലോചിക്കുന്നുണ്ട്. മരിച്ചവര്‍ ആരെന്നതിനെ സംബന്ധിച്ച് കൃത്യമായ പേരുവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.ബോഡോ ജനതയ്ക്ക് സ്വയംഭരണാധികാരമുള്ള നാട് ലഭിക്കാനായി പോരാടുന്ന സംഘടനകളിലൊന്നാണ് എന്‍.ഡി.എഫ്.ബി എസ്. ഗ്രാമത്തിലാകെ പരിഭ്രാന്തിപരത്തി ഓരോ വീട്ടിലും കടന്നുകയറി ഭീകരര്‍ തുരുതുരെ വെടിവെക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 

എ.കെ47 തോക്കുകളുമായി കൊക്രജാറിലെ ബാലപഡ ഗ്രാമത്തിലെ മൂന്ന് വീടുകളില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ അതിക്രമിച്ചുകയറിയ ഇവരുടെ വെടിവെപ്പില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട രണ്ട് കുട്ടികളും നാല് സ്ത്രീകളുമുള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടതെന്ന് ഐ.ജി. എല്‍.ആര്‍. ബിഷ്‌ണോയി പറഞ്ഞു. മൂന്നുവയസ്സുകാരിയുടെ മൃതദേഹം പിന്നീട് ഇവിടെനിന്ന് കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ചരാത്രി സമീപജില്ലയായ ബസ്‌കയിലെ ആനന്ദബസാറിനുസമീപമുള്ള വീട്ടില്‍കയറി എന്‍.ഡി.എഫ്.ബി എസ്. ഭീകരര്‍ ഒരു കുടുംബത്തിലെ രണ്ട് സ്ത്രീകളടക്കം മൂന്നുപേരെ വെടിവെച്ചുകൊന്നു. ഒരുകുഞ്ഞിന് ഗുരുതരമായി പരിക്കേറ്റു.ഇതേ ജില്ലയിലെ നിസ്‌ഡെഫെലിയില്‍ ബുധനാഴ്ച പകല്‍ രണ്ട് തീവ്രവാദികള്‍ ബിപിന്‍ ബോറോയെന്നയാളെ വെടിവെച്ചു. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ഗുവാഹാട്ടി മെഡിക്കല്‍കോളേജില്‍ ചികിത്സയിലാണ്. 

2012 ജൂലായില്‍ നാട്ടുകാരായ ബോഡോ വിഭാഗക്കാരും ബംഗ്ലാദേശില്‍നിന്ന് കുടിയേറിയ ന്യൂനപക്ഷസമുദായക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ എണ്‍പതോളം പേര്‍ കൊല്ലപ്പെട്ടിരുന്നു.

അതെസമയം അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ, സംഘര്‍ഷത്തെക്കുറിച്ച് മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു.