കരസേനാ മേധാവിയെ ഇപ്പോള്‍ നിയമിക്കരുതെന്നു തെരെഞ്ഞെടുപ്പ് കമ്മീഷന്‍

single-img
3 May 2014

ന്യൂഡല്‍ഹി: പുതിയ കരസേനാമേധാവിയുടെ നിയമനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. തെരഞ്ഞെടുപ്പ് കാലത്ത് തിരക്കിട്ട നിയമനം വേണ്ടെന്ന് കേന്ദ്രത്തെ കമ്മീഷന്‍ ഇന്ന് പ്രതിരോധ മന്ത്രാലയത്തെ അറിയിക്കും. ഇന്നലെ ചേര്‍ന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.

ഇപ്പോഴത്തെ കരസേന മേധാവി ജനറല്‍ ബിക്രം സിംഗ് അടുത്ത ജൂലൈ 31നാണ് വിരമിക്കുന്നത്. ബിക്രംസിങ്ങിന് പിന്‍ഗാമിയായി നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത് കരസേനാ ഉപമേധാവി ലെഫ്. ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ് ആണ്.വിരമിക്കുന്നതിന് മൂന്നു മാസം മുമ്പ് പുതിയ കരസേന മേധാവിയെ തീരുമാനിക്കുന്നതാണ് സേനയിലെ നിലവിലെ രീതി. ജന. വി.കെ.സിംഗ് വിരമിക്കുന്നതിന് മൂന്നു മാസം മുമ്പേ ബിക്രം സിംഗിനെ നിയമിച്ചിരുന്നു. എന്നാൽ കരസേനാ മേധാവിയെ നിയമിക്കുന്നതിനെതിരെ ബി.ജെ.പി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുകയായിരുന്നു. 

അതേസമയം എഞ്ചിനിയറായ യുവതിയെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി നിരീക്ഷിച്ച സംഭവം അന്വേഷിക്കാൻ ജഡ്ജിയെ നിയമിക്കാൻ കമ്മിഷൻ അനുമതി നൽകുകയും ചെയ്തു. മോഡിക്കു വേണ്ടി ഗുജറാത്ത് മുൻ ആഭ്യന്തര മന്ത്രി അമിത് ഷാ യുവതിയെ നിരീക്ഷിച്ച സംഭവം അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ശ്രീവാസ്തവയാകും അന്വേഷിക്കുക. കമ്മിഷന്റെ അനുമതി ലഭിച്ച സാഹചര്യത്തിൽ ശ്രീവാസ്തവയുടെ സേവനം ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് ധനഞ്ജയ വൈ. ചന്ദ്രചൂഡന് കേന്ദ്രസര്‍ക്കാര്‍ കത്ത് നല്‍കും. 

ജഡ്ജിയെ നിയമിക്കാനുള്ള തീരുമാനം കേന്ദ്ര മന്ത്രിസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്പ് എടുത്തതാണെന്നും അത് നടപ്പാക്കുന്നത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമല്ലെന്നും കമ്മിഷൻ വിലയിരുത്തി. ജുഡീഷ്യൽ കമ്മിഷനെ മേയ് 16ന് മുന്പ് പ്രഖ്യാപിക്കുമെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ​