മദ്യം വാങ്ങാന്‍ വരുന്നവര്‍ കന്നുകാലികളല്ല : മദ്യവില്പന ശാലകളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന് ഹൈക്കോടതി

single-img
30 April 2014

കൊച്ചി: സര്‍ക്കാര്‍ ബിവറേജസ്‌ കോര്‍പ്പറേഷനുകളിലെ സൌകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.ഉപഭോക്‌താക്കള്‍ കന്നുകാലികളല്ലെന്നും ബിവറേജസ്‌ ഷോപ്പുകളിലെ നീണ്ട ക്യൂ ഒഴിവാക്കേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു. 

കോടതി നിര്‍ദേശപ്രകാരം മാറ്റി സ്ഥാപിച്ച മദ്യ വില്‍പനശാലയുടെ പഞ്ചായത്ത് ലൈസന്‍സ് സംബന്ധിച്ച് ബിവറേജസ് കോര്‍പ്പറേഷന്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണ് കോടതിയുടെ പരാമര്‍ശം.കൊല്ലം ഭരണിക്കാവിലെ മാറ്റി സ്‌ഥാപിച്ച ബിവറേജസ്‌ ഔട്ട്‌ലെറ്റിന്‌ പഞ്ചായത്ത്‌ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് കോര്‍പ്പറേഷന്‍ ഹൈക്കോടതിയെ സമീപിച്ചത്.

ഭരണിക്കാവ് കവലയില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറ്റി സ്ഥാപിച്ച മദ്യവില്‍പന ശാലയ്ക്ക് പഞ്ചായത്തിന്റെ ലൈസന്‍സിനു വേണ്ടി മാര്‍ച്ച് 25ന് അപേക്ഷ നല്‍കിയതാണ്. എന്നാല്‍ അതില്‍ തീരുമാനമാവാത്തതിനെത്തുടര്‍ന്ന്് ഒരു കൊല്ലത്തേക്ക് നിയമപ്രകാരമുള്ള കല്പിത ലൈസന്‍സ് കിട്ടിയതായി കണക്കാക്കി മദ്യവില്‍പന ശാല തുറന്നു. എന്നാല്‍ ലൈസന്‍സ് ഇല്ലെന്ന പേരില്‍ ശാസ്താംകോട്ട പഞ്ചായത്ത് അത് അടപ്പിച്ചു. അതിനെതിരെയാണ് ബിവറേജസ് കോര്‍പ്പറേഷന്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. 

മദ്യവില്പന ശാലകളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നത് പഠിക്കാൻ കമ്മിഷനെ നിയമിക്കണമെന്നു കോടതി നിര്‍ദ്ദേശിച്ചു. മുൻ ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായരാണ് കമ്മിഷനാകാൻ യോഗ്യനായ വ്യക്തിയെന്നും കോടതി നിരീക്ഷിച്ചു.കോര്‍പ്പറേഷനും സര്‍ക്കാറിനും കോടതി ഇതുസംബന്ധിച്ച്‌ നോട്ടീസ്‌ അയച്ചു. ജസ്‌റ്റിസ്‌ അലക്‌സാണ്ടര്‍ തോമസാണ്‌ കേസ്‌ പരിഗണിക്കുന്നത്‌.