മൂര്‍ക്കനാട് സെന്റ് ആന്റണീസ് പള്ളിയിലെ അമ്പുപ്രദക്ഷിണം തടഞ്ഞ സംഭവം : സര്‍വ്വകക്ഷി യോഗത്തില്‍നിന്ന് ഹിന്ദു സംഘടനകള്‍ ഇറങ്ങിപ്പോയി

single-img
30 April 2014

തൃശ്ശൂര്‍: മൂര്‍ക്കനാട് ആലുംപറമ്പ് ക്ഷേത്രഭൂമിയിലൂടെ സെന്റ് ആന്റണീസ് പള്ളിയിലെ അമ്പുപ്രദക്ഷിണം കടന്നുപോകുന്നത് തടയാന്‍ ഹിന്ദു ഐക്യവേദി നടത്തിയ ശ്രമത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥ ലഘൂകരിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി കളക്ടര്‍ എം.എസ്. ജയയുടെ നേതൃത്വത്തില്‍ നടത്തിയ സര്‍വ്വകക്ഷി യോഗത്തില്‍ നിന്നും ഹിന്ദു ഐക്യവേദിയും വിശ്വഹിന്ദു പരിഷത്തും ബി.ജെ.പി.യും യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി.

ജില്ലയില്‍ സാമുദായിക സംഘര്‍ഷം തടയുന്നതില്‍ പോലീസും ജില്ലാ ഭരണകൂടവും പരാജയപ്പെട്ടതായി ഹിന്ദു ഐക്യവേദി ആരോപിച്ചു.ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. വര്‍ഗ്ഗീസിനെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം നടത്താത്തതില്‍ പ്രതിഷേധിച്ചാണ് ഇവര്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയത്.

തിരുനാള്‍ പ്രദക്ഷിണം കടന്നുപോകുന്ന വഴിയില്‍ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കാനും ഹൈക്കോടതിയില്‍ നിലവിലുള്ള കേസില്‍ തീരുമാനമുണ്ടാകുന്ന മുറയ്ക്ക് ഉചിതമായ നടപടിയെടുക്കാനും യോഗം തീരുമാനിച്ചു.

എന്നാല്‍ ജില്ലയില്‍ ഇതിനു മുമ്പില്ലാത്തവിധം സാമുദായിക സ്​പര്‍ധ വളര്‍ത്താന്‍ ശ്രമം നടക്കുകയാണെന്നും ഇത് തടയാന്‍ എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്നും കളക്ടര്‍ എം.എസ്. ജയ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സംഘര്‍ഷം തടയുന്നതില്‍ ജില്ലാ ഭരണകൂടം പരാജയപ്പെട്ടെന്ന വാദം അടിസ്ഥാനമില്ലാത്തതാണ്. ഒറ്റദിവസം കൊണ്ട് പ്രശ്‌നപരിഹാരം സാധ്യമല്ല. തടസ്സം കൂടാതെ പരിപാടികള്‍ നടത്തുക എന്നതായിരുന്നു ലക്ഷ്യം. ഇക്കാര്യത്തില്‍ വിജയിച്ചു എന്നുതന്നെയാണ് കരുതുന്നതെന്നും  കളക്ടര്‍ പറഞ്ഞു. 

1967 മുതല്‍ പൊതുമരാമത്ത് വകുപ്പും അതിനും എത്രയോ മുമ്പ് പഞ്ചായത്തുമാണ് ഈ റോഡ് അറ്റകുറ്റപ്പണി നടത്തുന്നതും സംരക്ഷിക്കുന്നതും. റവന്യൂ രേഖകള്‍ പ്രകാരം റോഡിന്റെ ഒരു ഭാഗം ദേവസ്വം ബോര്‍ഡിന്റെ കയ്യിലാണെങ്കിലും ഇത് പൊതുവഴിയായാണ് ഉപയോഗിച്ച് വരുന്നത്. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലും തിരുവനന്തപുരം പദ്മനാഭസ്വാമിക്ഷേത്രത്തിലും ഇത്തരത്തിലുള്ള ഭൂമിയുണ്ട്. തൃശ്ശൂര്‍ സ്വരാജ് റൗണ്ടിന്റെ ഭൂരിഭാഗവും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റേതാണ്. ഇതുവഴിയൊന്നും മറ്റാരും നടക്കരുതെന്ന് പറഞ്ഞാല്‍ എന്താകും അവസ്ഥയെന്നും കളക്ടര്‍ ആരാഞ്ഞു.

മൂര്‍ക്കനാട്ടെ പ്രശ്‌നം നിയന്ത്രിക്കുന്നതില്‍ ഡിവൈ.എസ്.പി.യുടെ ഭാഗത്തുനിന്ന് ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും ഹിന്ദു ഐക്യവേദി നേതാക്കളെ പോലീസ് മര്‍ദ്ദിച്ചിട്ടില്ലെന്നും റൂറല്‍ എസ്​പി എന്‍.  വിജയകുമാര്‍  പറഞ്ഞു. മറ്റുചില കേസുകളില്‍ കര്‍ശന നടപടിയെടുത്തതിന്റെ പേരില്‍ ബി.ജെ.പി.ക്ക് അദ്ദേഹത്തോട് വിരോധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരാധനാലയങ്ങള്‍ക്ക് നേരെ നടന്ന അക്രമങ്ങള്‍ക്ക് പിന്നിലുള്ള കുറ്റവാളികളെ കണ്ടെത്താന്‍ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്ഷേത്രമൈതാനം പൊതുറോഡാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെയും പോലീസ് മേധാവികളുടെയും ശ്രമം അപലപനീയമാണെന്ന് ഹിന്ദുസംഘടനാ നേതാക്കള്‍ യോഗത്തില്‍ പറഞ്ഞു. നേതാക്കളെ തല്ലിച്ചതച്ച ഡിവൈ.എസ്.പി.യുടെ സാന്നിധ്യത്തില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തയ്യാറല്ലെന്ന് അവര്‍ പറഞ്ഞു.

പെരുന്നാള്‍ പ്രദക്ഷിണത്തിന് കളക്ടര്‍ അനുമതി കൊടുക്കാതെ ദേവസ്വം ബോര്‍ഡിന് വിട്ടതാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് വി.എസ്. സുനില്‍കുമാര്‍ എം.എല്‍.എ. പറഞ്ഞു. ജില്ലാ ഭരണകൂടം എന്തു തീരുമാനമെടുത്താലും അതിനെ പിന്തുണയ്ക്കുമെന്ന് പള്ളി അധികൃതര്‍ വ്യക്തമാക്കി. 

യോഗത്തില്‍ എം.എല്‍.എ.മാരായ തേറമ്പില്‍ രാമകൃഷ്ണന്‍, കെ. രാധാകൃഷ്ണന്‍, ബാബു. എം. പാലിശ്ശേരി, കെ.വി. അബ്ദുള്‍ഖാദര്‍, വി.എസ്. സുനില്‍കുമാര്‍, മേയര്‍ രാജന്‍ ജെ. പല്ലന്‍, മന്ത്രി സി.എന്‍. ബാലകൃഷ്ണന്റെ പ്രതിനിധി ജോസഫ് ചാലിശ്ശേരി, ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍മാന്റെ ചുമതലയുള്ള ആന്റോ പെരുമ്പിള്ളി, തൃശ്ശൂര്‍ സബ്കളക്ടര്‍ മീര്‍ മുഹമ്മദ് അലി, വിവിധ സാമുദായിക – രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.