ലോകം ഭയന്ന ദിവസങ്ങള്‍

single-img
29 April 2014

article-2402589-1B7B3A1E000005DC-338_964x617

1986 ഏപ്രില്‍ 28 തിങ്കളാഴ്ച പ്രഭാതം. യൂറോപ്യന്‍ രാജ്യമായ സ്വീഡനിലെ ഫോഴ്‌സ് മാര്‍ക്ക് ആണവ നിലയത്തിലെ ഉദ്യോഗസ്ഥര്‍ പതിവുള്ള പരിശോനകളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. അപ്പോഴാണ് അവിടുള്ളവരെ മുഴുവന്‍ ഞട്ടിപ്പിച്ചുകൊണ്ട് ആണവ പ്രസരണം നിരീക്ഷിക്കുന്ന കമ്പ്യൂട്ടറില്‍ അപായമണി മുഴങ്ങിയത്. അപകടം അടുത്തെത്തിയതിന്റെ സൂചന. ഉടന്‍തന്നെ അവര്‍ റിയാക്ടര്‍ മുഴുവന്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കി. പക്ഷേ യാതൊരു കുഴപ്പവും റിയാക്ടറില്‍ അവര്‍ക്ക് കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. പക്ഷേ എങ്കിലും ആ പ്രദേശത്തെ അന്തരീക്ഷത്തില്‍ വന്‍ തോതിലുള്ള അണുപ്രസരണം കണ്ട് അവര്‍ ഞട്ടി.

ഫോഴസ്മാര്‍ക്ക് ആണവനിലയമല്ലാതെ വേറൊന്നും രാജ്യത്തിന്റെ പകുതിയിലില്ലാത്തതും പ്രസ്തുത ആണവ നിലയത്തിന് യാതൊരു കേടുപടുമില്ലാത്തതും ശാസ്ത്രജ്ഞരെ അമ്പരപ്പിച്ചു. സ്വീഡന്റെ ഈ വെളിപ്പെടുത്തല്‍ പുറത്തു വന്നപ്പോള്‍ തന്നെ അയല്‍ രാജ്യങ്ങളായ നോര്‍വേ, ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്റ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇതേ രീതിയിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നു. ലോകരാജ്യങ്ങള്‍ ഈ സമസ്യയ്ക്ക് ഉത്തരം തേടി നെട്ടോട്ടമോടി. ഭൂലോകം മുഴുവന്‍ തീയില്‍ വീണ പ്രതീതി.

ഈ സമയമാണ് ഫോഴസ്മാര്‍ക്കില ശാസ്ത്രജ്ഞര്‍ ഒരു കാര്യം ശ്രദ്ധിച്ചത്. രാജ്യത്തിന്റ കിഴക്കുദിക്കില്‍ നിന്നു വീശുന്ന കാറ്റിലാണ് ആണവ വികിരണം കൂടുതലുള്ളത്. സ്വീഡന്റെ കിഴക്കു അതിര് വിശാലമായ ബാള്‍ട്ടിക് കടലാണ്. എന്തായാലും കടലില്‍ നിന്നാകാന്‍ സാദ്ധ്യതയില്ല. പിന്നെ? ബാള്‍ട്ടിക് കടലിന് അപ്പുറം…. അവിടയെന്തെങ്കിലും? പക്ഷേ, ഫോഴ്‌സമാര്‍ക്കിലെ ശാസ്ത്രജ്ഞര്‍ക്ക് ബാള്‍ട്ടിക് കടലിനപ്പുറമുള്ള ലോകത്തെപ്പറ്റി ചിന്തിക്കുവാനുള്ള കരുത്തില്ലായിരുന്നു. കാരണം അവിടം അന്നത്തെ ലോകമടക്കിഭരിക്കുന്ന ഒരു ശക്തിയുടെ സാമ്രാജ്യമായിരുന്നു. യൂണിയന്‍ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് എന്ന സോവിയറ്റ് യൂണിയന്റെ.

ആണവവികരണത്തിന്റെ പ്രസരണത്തിനു കുറവില്ലാത്തതിനാലും സംശയദൂരീകരണം സാധ്യമാകാത്തതിനാലും ലോകരാഷ്ട്രങ്ങളുടെ ശ്രദ്ധ സോവിയറ്റ് യൂണിയനിലേക്ക് പതിഞ്ഞു. പക്ഷേ സോവിയറ്റ് യൂണിയന്‍ നിശബ്ദത പാലിക്കകയാണ് ചെയ്തത്. രാജ്യങ്ങളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് രണ്ട് ദിവസം കടന്നു പോയി. ഏപ്രില്‍ 30 ന് സോവിയറ്റ് യൂണിയന്റെ ദേശിയ റേഡിയോ ലോകരാജ്യങ്ങളുടെ ചെവിയിലേക്ക് ആ സത്യം പകര്‍ന്നു. ”രാജ്യത്തിന്റെ ചെര്‍ണോബില്‍ ആണവ നിലയത്തില്‍ സ്‌ഫോടനമുണ്ടായിരിക്കുന്നു. രക്ഷാനടപടികളെടുത്തുവരുന്നു.”

CHERNOBYL DISASTER 1986

അധികാരത്തിന്റെ ഉരുക്കുമുഷ്ടികൊണ്ട് മതിലുകെട്ടിയ സോവിയറ്റ് യൂണിയനിലെ പ്രിപ്യറ്റ് എന്ന പട്ടണം ഈ സമയം നാമാവശേഷമായിക്കൊണ്ടിരിക്കുകയായിരുന്നു. ആണവനിലയത്തിലെ സ്‌ഫോടനം മൂലം തകര്‍ന്ന റിയാക്ടറില്‍ നിന്നും വികിരണങ്ങള്‍ സോവിയറ്റ് യുണിയനാകെ വ്യാപിച്ചിരുന്നു. 1986 ഏപ്രില്‍ 26 ന് രാജ്യത്തിന്റെ പ്രധാന സംസ്ഥാനമായ യുെ്രെകനില്‍ സ്ഥിതിചെയ്യുന്ന ചെര്‍ണോബില്‍ലുണ്ടായ ഈ ദുരന്തം ലോകമറിഞ്ഞത് നാലുദിവസം കഴിഞ്ഞ്. അതും അയല്‍രാജ്യങ്ങളില്‍ വികിരണങ്ങള്‍ പ്രസരണം ചെയ്തതിന്റെ ഫലമായും.

1970 ലാണ് യൂെ്രെകനിലെ പ്രിപ്യട്ട് പട്ടണത്തിനു സമീപമുള്ള ചെര്‍ണോബില്‍ കേന്ദ്രമാക്കി സോവിയറ്റ് യൂണിയന്‍ ആണവനിലയങ്ങളുടെ പണിയാരംഭിച്ചത്. നാല് റിയാക്ടറുകളായിരുന്നു ചര്‍ണോബില്‍ ഉണ്ടായിരുന്നത്. 1986 എപ്രില്‍ 26 ന് ഇതില്‍ നാലാം നമ്പര്‍ റിയാക്ടറിലുണ്ടായ പൊട്ടിത്തെറിയാണ് രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോകം കണ്ട ദുരന്തങ്ങളിലൊന്നായി ചെര്‍ണോബിലിനെ മാറ്റിയത്.

ഇത്രയും വലിയൊരപകടത്തില്‍ മരിച്ചവരായി സോവിയറ്റ് യൂണയന്‍ പുറത്തുവിട്ട കണക്കാണ് രസകരം. വെറും 32 പേര്‍. ലോകത്തിലെ ഏറ്റവും വലിയ രാജ്യമായ സോവയറ്റ് യൂണിയനിലും അയല്‍രാജ്യങ്ങളിലുമായി അലയടിച്ച ആണവ വികിരണങ്ങള്‍ക്ക് ജീവനെടുക്കാന്‍ സാധിച്ചത് 32 പേരുടെ മാത്രമാണെന്നുള്ള സോവിയറ്റ് ഭരണകൂടത്തിന്റെ സത്യവാങ്ങ്മൂലം പക്ഷേ ലോകം വിശ്വസിച്ചില്ല. അപ്പോഴല്ലെങ്കിലും കാലങ്ങള്‍ക്കു ശേഷം കണക്കുകള്‍ പുറത്തുവന്നു. മരണസംഖ്യ 93000 നും മുകളില്‍. ബാധിക്കപ്പെട്ടവര്‍ 50 ലക്ഷത്തിനും മുകളില്‍. പക്ഷേ കാര്യങ്ങള്‍ അതുകൊണ്ടും തീര്‍ന്നില്ല. ഇന്ന് ഈ നിമിഷം വരെ റഷ്യയിലെ ജനങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും ഇനിയുമവസാനിക്കാത്ത ഈ ദുരന്തത്തിന് ഇരയായിക്കൊണ്ടിരിക്കുന്നു.

ലോകോത്തര ശക്തിയെ ഞട്ടിപ്പിച്ച സംഭവമെന്നാണ് ഈ ദുരന്തത്തിനെപ്പറ്റി സോവിയറ്റ് യൂണിയന്‍ പ്രതികരിച്ചത്. ദിവസങ്ങള്‍ക്കകം തന്നെ തകര്‍ന്ന നാലാമത്തെ റിയാക്ടറിനുചുറ്റും കോണ്‍ക്രീറ്റ് കൂടാരമൊരുക്കി അണുപ്രസരണം തടഞ്ഞെങ്കിലും അപ്പോഴേക്കും ചെര്‍ണോബിലെ പുല്‍ക്കൊടിപോലും വിഷമേറ്റുവാങ്ങിയിരുന്നു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം സ്വതന്ത്ര രാജ്യമായ യുെ്രെകന്‍ 2000 ല്‍ മറ്റു മൂന്നു റിയാക്ടറിന്റെ പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു.

സ്‌ഫോടനം നടന്ന റിയാക്ടറിലെ ആണവ വികിരണം ഇതുവരയ്ക്കും അവസാനിച്ചിട്ടില്ല. ഈ റിയാക്ടര്‍ കോണ്‍ക്രീറ്റുപയോഗിച്ചുണ്ടാക്കിയ ഒരു കുടീരത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. എന്നാല്‍ ഈ കുടീരത്തിനും അധിക ആയുസില്ലെന്ന അഭിപ്രായത്തില്‍ പുതിയൊരു വിയം പണിയാനുള്ള തയ്യാറെടുപ്പിലാണ് യുെ്രെകന്‍ ഗവണ്‍മെന്റ്.

ലോകത്തെ ഭീതിപ്പെടുത്തിയ ഈ സംഭവം നടന്നിട്ട് 26 വര്‍ഷം കഴിഞ്ഞു. മാതൃരാജ്യം വിഭജിച്ച് പല രാജ്യങ്ങളായി മാറുകയും ചെയ്തു. പക്ഷേ ജനങ്ങളുടെ മനസ്സില്‍ നിന്നും ആ ദുരന്തം മാഞ്ഞുപോയിട്ടില്ല. അഗ്‌നി നശിപ്പിച്ച പ്രിപ്യട്ട് നഗരവും പ്രാന്തപ്രദേശങ്ങളും മനുഷ്യന്റെ അഹന്തയ്ക്ക് സൂചകങ്ങളായി ഇന്നും വര്‍ത്തിക്കുന്നു ഓര്‍മ്മയുടെ നെരിപ്പോടുകള്‍ ശേഷിപ്പിച്ചുകൊണ്ട്.