അമൃതാനന്ദമയി മഠം വീണ്ടും കുരുക്കില്‍ : മഠത്തിനു ലഭിച്ച വിദേശഫണ്ടുകള്‍ കേന്ദ്രം പരിശോധിക്കുന്നു

single-img
23 April 2014

തിരുവനന്തപുരം: മാതാ അമൃതാനന്ദമയി മഠം വിദേശത്തു നിന്നു സ്വീകരിച്ച സംഭാവനകളുടെ വിനിയോഗം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിശോധന തുടങ്ങി. 2013 മാര്‍ച്ച് 31 വരെയുള്ള കണക്കുപ്രകാരം 333 കോടിയില്‍പരം രൂപയാണ് മഠത്തിന്റെ വിദേശ സംഭാവന അക്കൗണ്ടില്‍ വിനിയോഗിക്കാതെ ബാക്കിയുള്ളത്. ഫണ്ട് വിനിയോഗത്തെക്കുറിച്ച് വന്ന ആക്ഷേപങ്ങള്‍ സംബന്ധിച്ച് ബെല്‍ജിയന്‍ എംബസിയില്‍ നിന്ന് വിദേശകാര്യ മന്ത്രാലയത്തിന് കുറിപ്പ് ലഭിച്ച സാഹചര്യത്തിലാണ് പരിശോധന.

മാതാ അമൃതാനന്ദമയിയുടെ മുന്‍ ശിഷ്യ ഗായത്രി എന്ന ഗെയ്ല്‍ ട്രെഡ്‌വെല്ലിന്റെ ആത്മകഥ അഴിച്ചുവിട്ട വിവാദത്തിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ മഠത്തിന്റെ വിദേശഫണ്ട് വിനിയോഗം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരിശോധന.

ഫണ്ട് വിനിയോഗം സംബന്ധിച്ച വിവാദത്തിന്റെ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെടുത്തി ന്യൂഡല്‍ഹിയിലെ ബെല്‍ജിയന്‍ എംബസി വിദേശകാര്യ മന്ത്രാലയത്തിന് കുറിപ്പ് നല്‍കിയിരുന്നു. മഠത്തിലേക്കുള്ള ഫണ്ടിലൊരു പ്രധാന ഭാഗം ബെല്‍ജിയത്തില്‍ നിന്നു വരുന്ന പശ്ചാത്തലത്തിലാണ് കുറിപ്പ്.ഇതിനു മറുപടി നല്‍കുന്നതിനാണ് മഠത്തിന്റെ വിദേശഫണ്ട് വിനിയോഗം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിശോധിക്കുന്നത്.

വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരം മാതാ അമൃതാനന്ദമയി മഠത്തിന് അനുവദിച്ചിട്ടുള്ള രജിസ്‌ട്രേഷന്‍ നമ്പര്‍ 052930183 ആണ്. മാതാ അമൃതാനന്ദമയി മഠം, അമൃതപുരി, കൊല്ലം -690525 എന്നതാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ അംഗീകൃത വിലാസം. ധനലക്ഷ്മി ബാങ്കിന്റെ കൊച്ചി ഷണ്മുഖം റോഡ് ശാഖയിലുള്ള 2.1.50091 എന്ന അക്കൗണ്ട് ഈ രജിസ്‌ട്രേഷന്‍ നമ്പറുമായി ബന്ധപ്പെടുത്തിയിരിക്കുന്നു.

മാതാ അമൃതാനന്ദമയി മഠത്തിന്റെ പേരില്‍ വരുന്ന വിദേശവരുമാനം കോടികളാണ്.ഈ പണം ഏതാണ്ട് മുപ്പത്തിയേഴ് രാജ്യങ്ങളില്‍ നിന്നായി സംഭാവനയായി പിരിച്ചെടുക്കുന്നതാണ്.കഴിഞ്ഞ സാമ്പത്തികവര്‍ഷം(2012-13 ) മാത്രം മഠത്തിന്റെ പേരില്‍ വന്ന വിദേശനാണ്യം ഏകദേശം 70 കോടി രൂപ(702298233.06)യാണ്.അതില്‍ 46 കോടി രൂപയും അവരുടെ ആശുപത്രിയുടെയും അനുബന്ധസ്ഥാപനങ്ങളുടെയും നടത്തിപ്പിന് വേണ്ടിയാണ് കിട്ടിയിരിക്കുന്നത്.ഇതുവരെ 330 കോടി രൂപയോളം വിദേശ സംഭാവന ലഭിച്ചതായി കണക്കുകള്‍ കാണിക്കുന്നു.എന്നാല്‍ ഇത് ചിലവഴിച്ചതിന്റെ വിശദാംശങ്ങള്‍ സര്‍ക്കാരിന് നല്‍കിയതില്‍ അപാകതകള്‍ ദൃശ്യമാണ്.ഇതിന്റെ വിശദാംശങ്ങള്‍ ഇ വാര്‍ത്ത‍ തെളിവുസഹിതം നേരത്തെ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു.

Read more : അമൃതാനന്ദമയി ട്രസ്റ്റിന്റെ വിദേശനിക്ഷേപം  രണ്ടായിരം കോടിയോളം :ശരാശരി വാര്‍ഷികവിദേശനാണ്യ വരവു എഴുപത്തിയഞ്ച് കോടി