സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; സുരാജ് മികച്ച ഹാസ്യനടന്‍, ഫഹദും ലാലും മികച്ച നടന്മാര്‍; ആന്‍ അഗസ്റ്റിന്‍ നടി

single-img
19 April 2014

Actoresസംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു. ദേശിയ അവാര്‍ഡ് പ്രഖ്യാപനത്തിനു ശേഷം പുറത്തു വന്ന സംസ്ഥാന അവാര്‍ഡ് നിര്‍ണ്ണയത്തില്‍ മികച്ച ഹാസ്യതാരമായി സുരാജ് വെഞ്ഞാറമൂടിനെ തിരഞ്ഞെടുത്തുവെന്നുള്ളതാണ് പ്രധാന പ്രത്യേകത.

മികച്ച നടനുള്ള അവാര്‍ഡ് ഫഹദ് ഫാസിലും ലാലും പങ്കിട്ടു. ആന്‍ അഗസ്റ്റിനാണ് മികച്ച നടി. ‘ആര്‍ട്ടിസ്റ്റ്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഫഹദും ആനും പുരസ്‌കാരം നേടിയത്. ‘അയാള്‍’, ‘സക്കറിയയുടെ ഗര്‍ഭിണികള്‍’ എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് ലാലിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.സുദേവന്‍ സംവിധാനം ചെയ്ത ‘സി.ആര്‍. നമ്പര്‍ 89’ ആണ് മികച്ച ചിത്രം.

ആര്‍ട്ടിസ്റ്റ് സംവിധാനം ചെയ്ത ശ്യാമപ്രസാദ് മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു.മികച്ച രണ്ടാമത്തെ ചിത്രമായി രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്ത ‘നോര്‍ത്ത് 24 കാതം’ തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച നടനുള്ള ദേശിയ പുരസ്‌കാരം നേടിയ സുരാജ് വെഞ്ഞാറമൂടിനെ ഒരുഘട്ടത്തിലും സംസ്ഥാന അവാര്‍ഡ് നിര്‍ണ്ണയത്തില്‍ പരിഗണിച്ചില്ല. അതുപോലെ സുരാജ് വെഞ്ഞാറമൂടിന് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ഡോ.ബിജുവിന്റെ ‘പേരറിയാത്തവര്‍’ എന്ന ചിത്രവും പൂര്‍ണമായും തഴയപ്പെട്ടു. മാര്‍ത്താണ്ഡന്‍ സംവിധാനം ‘ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്’ എന്ന ചിത്രമാണ് സുരാജിനെ മികച്ച ഹാസ്യനടനുള്ള പരസ്‌കാരത്തിന് അര്‍ഹനാക്കിയത്.