ഓര്‍മ്മയുടെ ആഴങ്ങളില്‍ മാര്‍ക്വേസ് സുഖനിദ്രയിലാണ് : ഏകാന്തതയുടെ കൂട്ടുകാരന്‍ വിടവാങ്ങിയ ദുഃഖവെള്ളിയാഴ്ച

single-img
18 April 2014

സുധീഷ്‌ സുധാകര്‍

1970-ലെ ഒരു തണുപ്പുകാലം . ലണ്ടന്‍ നഗരത്തിലെ ബുക്ക്സ്റ്റാളുകളുടെ മുന്നില്‍ നീണ്ട ക്യൂ കാണാം.ആളുകള്‍ അക്ഷമയോടെ റോഡു നിറഞ്ഞു വരിയായി നില്‍ക്കുന്നു.കടുത്ത തണുപ്പിനെയും മഞ്ഞിനേയും വകവെയ്ക്കാതെ അതിരാവിലെ ഈ മനുഷ്യര്‍ ബുക്ക് സ്റ്റാളുകളുടെ മുന്നില്‍ കാത്തുനിന്നത് വിഖ്യാത സാഹിത്യകാരന്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസിന്റെ ‘ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ എന്ന പുസ്തകത്തിന്റെ ആംഗലേയ പതിപ്പ്  വാങ്ങുന്നതിനാണ്.ഒരൂ ദുഃഖവെള്ളി ദിനത്തില്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ് എന്ന വിഖ്യാത പ്രതിഭ വിടവാങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ കൃതികള്‍ സമ്മാനിച്ച സുഖമുള്ള തണുപ്പിന്റെ മഞ്ഞുകാലം മാത്രം വായനക്കാരുടെ മനസ്സില്‍ അവശേഷിക്കുന്നു.

മാജിക്കല്‍ റിയലിസം എന്ന സാങ്കേതിക പദം കൊണ്ട് വിശേഷിപ്പിക്കാവുന്ന വായനാനുഭവം സമ്മാനിച്ച ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ എന്ന പുസ്തകം 1967-ല്‍ സ്പാനിഷ് ഭാഷയിലാണ് പ്രസിദ്ധീകരിക്കുന്നത്.പിന്നീട് നിരവധി ഭാഷകളിലേയ്ക്കു തര്‍ജ്ജിമ ചെയ്ത പുസ്തകത്തിന്റെ കോടിക്കണക്കിനു കോപ്പികള്‍ വിറ്റഴിഞ്ഞിട്ടുണ്ട്.

മലയാളിയുടെ വായനയുടെ ലോകത്തിലും തിളങ്ങുന്ന നക്ഷത്രമാണ് ഈ പുസ്തകം.’ഏകാന്തതയുടെ നൂറു വര്‍ഷങ്ങളു’ടെ മലയാള പരിഭാഷയുടെ അവതാരികയില്‍ പ്രശസ്ത സാഹിത്യ നിരൂപകന്‍ എം കൃഷ്ണന്‍ നായര്‍ ഇങ്ങനെ പറയുന്നു..’ മാര്‍കേസ്! അങ്ങ് അമൂല്യമായ ഒരു രത്‌നമാണ് ലോകത്തിന് നല്കിയിരിക്കുന്നത്. മാക്കോണ്ടയിലെ കൊടുങ്കാറ്റടിച്ചാലും അതിനു സ്ഥാനഭ്രംശം ഇല്ല. അതിന്റെ കാന്തി മങ്ങുകയില്ല. ഉജ്ജ്വല പ്രതിഭാശാലിയായ അങ്ങേയ്ക്കു ധന്യവാദം. ‘

നീണ്ട പതിനെട്ടു മാസം ഏകാന്തത അനുഭവിച്ചുകൊണ്ടാണ്  മാര്‍ക്വേസ് ഏകാന്തതയുടെ 100 വര്‍ഷങ്ങള്‍ എഴുതി പൂര്‍ത്തിയാക്കുന്നത്. തന്റെ കുടുംബത്തെ പട്ടിണിക്കിടാതിരിക്കാനായി എഴുത്തിനു മുന്‍പ് അദ്ദേഹം തന്റെ കാര്‍ വിറ്റു പണം കണ്ടെത്തി. എന്നിട്ടും പലപ്പോഴും ആ കുടുംബം പട്ടിണിയിലായി. ഇതിനെക്കുറിച്ച്‌ മാര്‍ക്വേസ് ഇങ്ങനെ പറയുന്നു : “ഞാന്‍ പതിനേഴു കൊല്ലം മുന്‍പേ ഇതെഴുതിത്തുടങ്ങിയിരുന്നു”.

മക്കോണ്ട എന്ന ഗ്രാമത്തിലെ ബുവെൻണ്ടിയ കുടുംബത്തിന്റെ ഏഴ് തലമുറകളുടെ കഥയാണ് ഏകാന്തതയുടെ നൂറ് വർഷങ്ങൾ പറയുന്നത്. ഒരു പുതിയ ജീവിതം സ്വപ്നം കണ്ട് ജോസ് അർക്കേഡിയോ ബുവെണ്ടിയ, ഭാര്യ ഉർസുല ഇഗ്വറാൻ എന്നിവർ കൊളംബിയയിലെ റിയോഹച്ച് ഉപേക്ഷിച്ച് യാത്ര തിരിക്കുന്നു. ഒരു നദീതടത്തിലെ വിശ്രമത്തിനിടക്ക് ജോസ് അർക്കേഡിയൊ പൂർണമായും കണ്ണാടികൊണ്ട് നിർമിതമായ മക്കോണ്ട എന്ന നഗരം സ്വപ്നം കാണുന്നു. തുടർന്ന് അതേ നദീതടത്തിൽ ഏറെ നാളത്തെ അലച്ചിലിനൊടുവിൽ അദ്ദേഹം മക്കോണ്ട സ്ഥാപിക്കുന്നു. തങ്ങൾക്ക് ചുറ്റുമുള്ള ലോകവും പിന്നീട് ജോസ് അർക്കേഡിയൊ സ്വന്തം വീക്ഷണങ്ങൾക്കനുസരിച്ചു നിർമ്മിക്കുന്നു. തുടർന്നുള്ള വർഷങ്ങളിൽ മക്കോണ്ടയിൽ അത്ഭുതാവഹവും, അനിതരസാധാരണവുമായ സംഭവങ്ങൾ അരങ്ങേറുന്നു. കഥാന്ത്യത്തിൽ കണ്ണാടികളാൽ നിർമിതമായ മക്കോണ്ട ഒരു കൊടുങ്കാറ്റിനെത്തുടർന്ന് നശിക്കുന്നു.ഏകാന്തതയുടെ നൂറ് വർഷങ്ങൾ, കൊളംബിയയുടെ ചരിത്രം തന്നെയായാണ് കണക്കാക്കുന്നത്. സ്പാനിഷ് കോളനി വൽക്കരണത്തിനുtiഷം ലാറ്റിനമേരിക്കയിൽ ഉണ്ടായ സാംസ്കരിക, സാമുഹിക, രാഷ്ട്രീയ മാറ്റങ്ങൾ, ഈ നോവൽ വരച്ചു കാട്ടുന്നുണ്ട്.

റീലിയാനോ ബുവന്ദിയോയും ഉര്‍സുലയും ജോസ് അർക്കേഡിയോയും പിന്നെ തലമുറകളിലൂടെ ഒരു സംഗീതത്തിന്റെ താളക്രമങ്ങള്‍ പോലെ ആവര്‍ത്തിച്ചു വരുന്ന നിരവധി പേരുകളും മക്കൊണ്ട എന്ന കണ്ണാടി നഗരത്തിലെ അത്ഭുതങ്ങളും സമ്മാനിച്ച വായനാനുഭവത്തെ മാര്‍ക്വേസിന്റെ മരണത്തിനു ഇല്ലാതാക്കാന്‍ കഴിയില്ല.

യുദ്ധവും മരണവും പകര്‍ച്ചവ്യാധികളും നിറഞ്ഞാടുന്ന ‘കോളറാകാലത്തെ പ്രണയ’ത്തില്‍ പ്രണയത്തെ കൊളറാ രോഗവുമായി ചേര്‍ത്തു വെയ്ക്കുമ്പോള്‍പ്പോലും ഏകാന്തതയുടെതായ ഒരു പശ്ചാത്തലം ഒരുക്കിക്കൊണ്ടാണ്  മാര്‍ക്വിസ് ആഖ്യാനം നടത്തുന്നത്. കോളറാകാലത്തെ പ്രണയത്തിലെ ഫെര്‍മിനയുടെ വാക്കുകള്‍ നോക്കുക : ” ജീവിതത്തെ മരണവുമായി കൂട്ടിക്കെട്ടാന്‍ ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. ജീവിതവും മരണവും നല്ല സുഹൃത്തുക്കളോ നല്ല ശത്രുക്കളോ അല്ല. അവരൊരിക്കലും കണ്ടുമുട്ടിയിട്ടുപോലുമില്ല. പിന്നെയെങ്ങെനെയാണ് ഞാനവരെ ഒരേ ഹൃദയത്തില്‍ കൊണ്ടുനടക്കുന്നത്”.

മാര്‍ക്വിസ് പറയുന്നു..”സമുദ്രസംഗീതംപോലെ ആസ്വദിക്കപ്പെടേണ്ട ഒന്നാണ് ഏകാന്തത. ഞാനിപ്പോഴും അതില്‍ സ്നാനപ്പെടാറുണ്ട്. ആഴങ്ങളോട് സംസാരിക്കാറുമുണ്ട്’.ഓര്‍മയുടെ ആഴങ്ങളില്‍ മാര്‍ക്വേസ് സുഖനിദ്രയിലാണ്.