മികച്ച നവാഗത സംവിധായകന്റെ സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം മറാത്തി ചിത്രമായ ഫാണ്ട്രിയ്ക്ക് : മഹാരാഷ്ട്രയിലെ ദളിത്‌ ജീവിതത്തിന്റെ കഥ പറയുന്ന ചിത്രമാണിത്

single-img
16 April 2014

ഇത്തവണത്തെ ദേശീയ ചലച്ചിത്രപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ അധികമാരും ശ്രദ്ധിക്കാതെ പോയ ഒന്നാണ് മികച്ച നവാഗത സംവിധായകന്റെ സിനിമയ്ക്കുള്ള ഇന്ദിരാഗാന്ധി അവാര്‍ഡ്‌. ഇത്തവണ അത് ലഭിച്ചത് മറാത്തി സംവിധായകനായ നാഗരാജ് മഞ്ചുളെയുടെ ചിത്രമായ ഫാന്ദ്രിയ്ക്ക് ആണ്.മഹാരാഷ്ട്രയിലെ ദളിത്‌ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണ്‌ ഈ സിനിമ.

മഹാരാഷ്ട്രയിലെ അടിച്ചമര്‍ത്തപ്പെട്ട ദളിത്‌ ജീവിതങ്ങളുടെ ദയനീയ മുഖം വരച്ചു കാട്ടുന്ന ഫാണ്ട്രി ഇത്തവണത്തെ ഐ എഫ് എഫ് കെ യില്‍ ഒരേ ഒരു ഷോ മാത്രം ഉണ്ടായിട്ടും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.ഫാണ്ട്രി എന്ന വാക്കിന്റെ അര്‍ത്ഥം പന്നി എന്നാണു.പന്നിയെപ്പിടിക്കുന്ന തൊഴിലില്‍ ഏര്‍പ്പെട്ടു ജീവിക്കുന്ന ദളിത്‌ കുടുംബത്തില്‍ ജനിച്ച ജബിയ എന്ന ദളിത്‌ ബാലന് ഉയര്‍ന്ന ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയോട് തോന്നുന്ന അനുരാഗവും അതിന്റെ ഭാഗമായി അയാള്‍ അനുഭവിക്കുന്ന അപകര്‍ഷതാ ബോധാവുമൊക്കെ ആണ് ഈ സിനിമയുടെ പ്രമേയം.

ചിത്രത്തിലെ ജബിയ എന്ന ദളിത്‌ ബാലന്റെ കഥാപാത്രത്തെ അവിസ്മരണീയമാക്കിയതിനു സോമനാഥ് അവഗടെ എന്ന ബാലന് മികച്ച ബാലനടനുള്ള ദേശീയ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.ഇതുകൂടാതെ ചിത്രം ദേശീയ തലത്തിലും അന്ത്രാരാഷ്ട്ര തലത്തിലും നിരവധി പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയിരുന്നു.

മഹാരാഷ്ട്രയിലെ സോലാപ്പൂര്‍ ജില്ലയിലെ ഒരു ഗ്രാമത്തില്‍ ഒരു പാറപൊട്ടിക്കുന്ന തൊഴിലാളിയുടെ മകനായി ജനിച്ച നാഗരാജ് മഞ്ചുളെ സ്തുല എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് സിനിമാരംഗത്തേയ്ക്ക് കടന്നു വരുന്നത്.നെയില്‍ നിന്നും മറാത്തി സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും അഹമ്മദ് നഗറില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദവും എടുത്ത ശേഷം ആണ്  ഇദ്ദേഹം സിനിമയിലേയ്ക്ക് വരുന്നത്.

ജാതീയതയും സംവരണവിരുദ്ധതയും സവര്‍ണ്ണ ഹിന്ദുത്വവുമെല്ലാം വീണ്ടും ഫണമുയര്‍ത്തി നില്‍ക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ വളരെയധികം പ്രസക്തമായ ഒരു സിനിമയാണ് ഫാണ്ട്രി.