ദി ഹിന്ദു ദിനപ്പത്രത്തിന്റെ ഓഫീസ് കാന്റീനില്‍ മാംസാഹാരത്തിനു വിലക്ക്

single-img
15 April 2014

കൊച്ചി: പ്രമുഖ ഇംഗ്ലീഷ് ദിനപ്പത്രമായ ദ ഹിന്ദുവിലെ ജീവനക്കാർക്ക് മേൽ സസ്യാഹാരശീലം അടിച്ചേൽപ്പിക്കുന്നുവെന്ന് ആരോപണം. ഹിന്ദുവിന്റെ ഓഫീസിലും കാന്റീനിലും മാംസാഹാരം കൊണ്ടുവരുന്നതിന്, മാനേജ്‌മെന്റ് കഴിഞ്ഞ ദിവസം മുതൽ വിലക്കേർപ്പെടുത്തി. ഇത് സംബന്ധിച്ചുള്ള സര്‍ക്കുലര്‍ നോട്ടീസ് പതിപ്പിച്ചത് തൊഴിലാളികള്‍ ക്യാമറയില്‍ പകര്‍ത്തി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് സംഭവം പുറത്താകുന്നത്.

ഓഫീസിലെ ഭൂരിപക്ഷമാളുകളും സസ്യാഹാര ശീലമുള്ളവർ ആയതിനാലാണ് മാംസാഹാരം നിരോധിച്ചിരിക്കുന്നതെന്നാണ് ന്യായീകരണം. ഹിന്ദുവിന്റെ ചെന്നൈ മേഖലാ ഓഫീസ് ഹ്യൂമൻ റിസോഴ്‌സ് വൈസ് പ്രസിഡന്റ് സി.ശ്രീധരന്റെ ഒപ്പോട് കൂടിയ സർക്കുലറാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ചെന്നൈ യൂണിറ്റിൽ മാത്രമാണോ മാംസാഹാരത്തിന് വിലക്ക് എന്ന് വ്യക്തമല്ല.

സർക്കുലറിന്റെ കോപ്പി സോഷ്യൽമീഡിയയിലുടെ പുറത്തായതിനെ തുടർന്ന് പ്രതിഷേധ സ്വരങ്ങളും ഉയരുന്നുണ്ട്. ദ ഹിന്ദു സവർണഹിന്ദുക്കളുടെ  ആഹാര ശീലത്തെ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുകയാണെന്നും, ഇതിനുപിന്നിൽ ജാതീയതയാണെന്നും ചര്‍ച്ചകളില്‍ അഭ്പ്രായമുയരുന്നുണ്ട്‌.

മതേതര-സോഷ്യലിസ്റ്റ് കാഴ്ചപ്പാടില്‍ ഇടതുപക്ഷത്ത് നില്‍ക്കുന്നു എന്ന് വായനക്കാര്‍ വിശ്വസിക്കുന്ന എന്നവകാശപ്പെടുന്നവർ തന്നെ ബ്രാഹ്മണിക് ഭക്ഷണ ശീലങ്ങൾ അടിച്ചേൽപ്പിക്കുകയാണെന്നാണ് ഫേസ്ബുക്ക് ഗ്രൂപ്പുകൾ ആരോപിക്കുന്നത്. ഇന്ത്യയിലെ മുഖ്യധാരാ ദിനപ്പത്രങ്ങളിൽ ഒരു ദളിത് ജേണലിസ്റ്റുപോലും ഇല്ലാത്ത പത്രമാണ് ഹിന്ദുവെന്നും ചിലർ ആരോപിക്കുന്നു.