ബോബി ചെമ്മണ്ണൂരിനെതിരെ ഡി ജി പിയ്ക്ക് പരാതി

single-img
14 April 2014

തിരുവനന്തപുരം : ‘രക്തം നല്‍കൂ ജീവന്‍ രക്ഷിക്കൂ’ എന്ന സന്ദേശവുമായി കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരം വരെ ചെമ്മണ്ണൂര്‍ ജുവലറി ഉടമ, ബോബി ചെമ്മണ്ണൂര്‍ നടത്തുന്ന കൂട്ട ഓട്ടത്തിനെതിരെയും ഇതു സംഘടിപ്പിക്കുന്ന ലൈഫ് വിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിനെതിരെയും വിവിധ സാമൂഹികസാംസ്‌കാരിക സംഘടനകള്‍, പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡി.ജി.പിയ്ക്ക് പരാതി നല്‍കി.

കോടിക്കണക്കിന് രൂപ ധൂര്‍ത്തടിച്ചാണ് ബോബി ചെമ്മണ്ണൂര്‍ ഈ പരിപാടി നടത്തുന്നതെന്ന് പരാതിയില്‍ ആക്ഷേപമുണ്ട്.കോടിക്കണക്കിന് രൂപ ചെലവഴിച്ച് ‘രക്തം നല്‍കൂ ജീവന്‍ രക്ഷിക്കൂ’ എന്ന സന്ദേശവുമായി കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരം വരെ ഓടുന്നതിന് ദൃശ്യമാധ്യമങ്ങളിലും അനുയായികളെ കൂട്ടുന്നതിനും ചിലവഴിക്കുന്ന കോടിക്കണക്കിന് രൂപയുടെ സ്രോതസ്സ് എവിടെനിന്നാണ് എന്നന്വേഷിക്കനമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. കഴിഞ്ഞ 15 വര്‍ഷമായി ബോബി ചെമ്മണ്ണൂര്‍ ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി നടത്തിവരുന്ന സാമ്പത്തിക ഇടപാടുകള്‍, ബോബി ചെമ്മണ്ണൂരിന്റെയും ലൈഫ് വിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും പേരിലുള്ള സ്ഥാവരജംഗമ വസ്തുക്കള്‍, മണി ചെയിന്‍ മാതൃകയില്‍ സ്വര്‍ണ വ്യാപാരം, തുടങ്ങിയ കാര്യങ്ങളെപ്പറ്റി ഒരു സമഗ്ര അന്വേഷണം നടത്തണമെന്നു പരാതിയില്‍ പറയുന്നു.

ജ്വല്ലറിയുടെ ലൈസന്‍സ് ആരുടെ പേരിലാണ് നല്‍കിയിരിക്കുന്നത്? മറഡോണയെപ്പോലെയുള്ള ഒരു ഉന്നത വ്യക്തിയെ കേരളത്തില്‍ എത്തിച്ച് ചെമ്മണ്ണൂര്‍ ജ്വല്ലറിയുടെ പരസ്യം നല്‍കുവാന്‍ The Press and Registration of Book Act, 1867 ല്‍ സെക്ഷന്‍ 14,15 പ്രകാരം ഉള്ള കാര്യങ്ങള്‍ അനുസരിച്ചാണോ പ്രവര്‍ത്തിക്കുന്നത്? ലൈഫ് വിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഇന്ത്യന്‍ ട്രസ്റ്റ് ആക്ട് 1882 അനുസരിച്ചാണോ പ്രവര്‍ത്തിക്കുന്നത്? ലൈഫ് വിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നാളിതുവരെയുള്ള ഓഡിറ്റഡ് ബാലന്‍സ്ഷീറ്റ് ബന്ധപ്പെട്ട ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ടുമെന്റില്‍ ഹാജരാക്കിയിട്ടുണ്ടോ?  എന്നിങ്ങനെ നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുള്ള പരാതിയില്‍ ഇതിനെക്കുറിച്ചെല്ലാം വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നു.

സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുള്ള എല്ലാവിധ സഹായസഹകരണങ്ങളും നിര്‍ത്തിവെക്കുന്നതോടൊപ്പം മാരത്തോണ്‍ ഓട്ടവും നിര്‍ത്തിവെപ്പിക്കണമെന്നും വിവിധ സംഘടനാ ഭാരവാഹികളായ കെ.ബി.അജികുമാര്‍, ഡോ. വി. ബിജു, എ. ഫ്രാന്‍സിസ്, ഹരീന്ദ്രന്‍ നായര്‍, എന്നിവര്‍ ആവശ്യപ്പെട്ടു. അടുത്ത ദിവസങ്ങളിലായി യഥാര്‍ത്ഥ ബോബി ചെമ്മണ്ണൂര്‍ ആരെന്ന് അറിയിക്കുന്ന തെളിവുകള്‍ പുറത്തുവരുമെന്നും പരാതിക്കാര്‍ പറഞ്ഞു.