കൊച്ചിയില്‍ ഡ്രെയിനേജ് പൈപ്പ് വൃത്തിയാക്കാനിറങ്ങിയ രണ്ട് അന്യസംസ്ഥാനത്തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു

single-img
14 April 2014

കൊച്ചി: ഡ്രെയിനേജ്  പൈപ്പ് വൃത്തിയാക്കുന്നതിനായി മാൻഹോളിൽ ഇറങ്ങിയ തമിഴ്നാട്ടുകാരായ  രണ്ട് തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു. ദിണ്ടിഗൽ സ്വദേശികളും ബന്ധുക്കളുമായ മാധവ് (60), രാജു(45) എന്നിവരാണ് മരിച്ചത്.  എറണാകുളം  ജെട്ടിക്ക് സമീപമുള്ള കാനൻഷെഡ്  റോഡിലെ  കൊളംബോ ജംഗ്‌ഷന്  സമീപം  ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവമുണ്ടായത്.

രക്ഷാ ഉപകരണങ്ങളൊന്നുമില്ലാതെയാണ്   മാധവ്  12 അടി താഴ്‌ചയും ഒരു മീറ്റർ വീതിയുമുളള ഡ്രെയിനേജിലേക്ക് ഇറങ്ങിയത്. ഇറങ്ങിയയുടൻ ബോധരഹിതനായി വീണ  മാധവിനെ രക്ഷിക്കാനിറങ്ങിയ രാജുവും  ബോധരഹിതനായി വീഴുകയായിരുന്നു.
ക്ളബ്ബ് റോഡ്, ഗാന്‌ധിനഗർ എന്നിവിടങ്ങളിൽ നിന്നുളള  ഫയർഫോഴ്സ് സംഘം എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. കഷ്‌‌ടിച്ച് അര മീറ്റർ വ്യാസമുളള മാൻഹോളിലൂടെ ശ്വസനോപകരണങ്ങളുമായി ഇവർക്ക് ഇറങ്ങാനായില്ല.

തൃപ്പൂണിത്തുറ  ഫയർ സ്‌റ്റേഷനിൽ നിന്ന് സിലിണ്ടറുകൾ എത്തിച്ചശേഷമാണ് രക്ഷാപ്രവർത്തനം  പുനരാരംഭിച്ചത്.
ഏഴു സിലിണ്ടറുകളിൽ നിന്ന്  ഉളളിലേക്ക്   ഓക്‌സിജൻ  പമ്പ് ചെയ്‌ത്  വിഷവാതകം നിർവീര്യമാക്കിയ ശേഷം ലീഡിങ്ങ് ഫയർമാൻ ഷാജി കുമാർ  ദുർഗന്ധം വമിക്കുന്ന മാൻഹോളിലേക്കിറങ്ങിയത്. മാധവിനെയാണ് ആദ്യം പുറത്തേക്കെടുത്തത്. വീണ്ടും ഇദ്ദേഹം മാൻഹോളിലിറങ്ങി രാജുവിനെ  പുറത്തേക്കെടുത്തു. ഇരുവർക്കും  നേർത്ത  ഹൃദയമിടിപ്പ്  ഉണ്ടായിരുന്നതിനാൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം  എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും  ഡോക്‌ടർമാർ മരണം സ്‌ഥിരീകരിച്ചു.

വാട്ടർ അതോറിറ്റി ഡ്രെയിനേജ്  വൃത്തിയാക്കുന്നതിനായി കരാറെടുത്ത ആളിന്റെ തൊഴിലാളികളാണ് മരിച്ചത്. വർഷങ്ങൾക്ക് മുൻപ് കൊച്ചിയിലെത്തിയ ഇവർ ലായം റോഡിലെ വാടക വീട്ടിലായിരുന്നു  താമസം. സെൻ‌ട്രൽ എസ്. ഐ. ബിമലിന്റെ നേതൃത്വത്തിലുളള പൊലീസ്  സംഘം ഇൻക്വസ്‌റ്റ് നടത്തി മേൽനടപടികൾ സ്വീകരിച്ചു.  പോസ്‌റ്റ്മോർട്ടത്തിന് ശേഷം  രാത്രിയോടെ മൃതദേഹങ്ങൾ ബന്‌ധുക്കൾക്ക് വിട്ടുകൊടുത്തു.