നരേന്ദ്രമോഡിയുടെ ഭാര്യയെ കാണാനില്ല

single-img
12 April 2014

Yasodhaബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയുടെ ഭാര്യയായി ഒടുവില്‍ അദ്ദേഹം തന്നെ വെളിപ്പെടുത്തിയ യശോദ ബെന്നിനെ കാണാനില്ല. ഗുജറാത്തിലെ ഉള്‍നാടന്‍ ഗ്രാമമായ ഉജാനില്‍ നിന്ന് നരേന്ദ്രമോഡിയുടെ വെളിപ്പെടുത്തല്‍ വന്ന ശേഷമാണ് യശോദ ബെന്‍ അപ്രത്യക്ഷമായിരിക്കുന്നത്.

യശോധ ബെന്‍ തീര്‍ഥാടനത്തിനു പോയതാണെന്നാണു അവരുടെ ബന്ധുക്കളുടെ വിശദീകരണം. ഗ്രാമത്തിലെ നാല്‍പ്പതു സത്രീകളോടൊപ്പം അവര്‍ ചതുര്‍ധാം തീര്‍ഥാടനത്തിന് പോയിരിക്കുകയാണെന്നും അത് നരേന്ദ്രമോഡിയുടെ വിജയത്തിനായാണെന്നും ബന്ധുക്കള്‍ പറയുന്നു. തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മോഡി മാറയതോടെ അദ്ദേഹത്തിന്റെ വിജയത്തിനായി പ്രാര്‍ഥനയിലായിരുന്നു യശോദയെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതിനുവേണ്ടി കഴിഞ്ഞ ഒരു വര്‍ഷമായി അരിയാഹാരം ഉപേക്ഷിച്ചുള്ള കഠിന വ്രതത്തിലായിരുന്നു അവര്‍. ഇപ്പോഴത്തെ ചതുര്‍ധാം തീര്‍ത്ഥാടനവും അതിന്റെ ഭാഗമാണെന്നാണും ബന്ധുക്കള്‍ പറയുന്നു.

എന്നാല്‍ മോദിയുടെ ഭാര്യയെന്ന വെളിപ്പെടുത്തലിനു ശേഷം വിവാഹക്കാര്യം മാധ്യമങ്ങളിലടക്കം ചര്‍ച്ച ചെയ്യപ്പെടാതിരിക്കാന്‍ ഇവരെ സ്ഥലത്തു നിന്നു മാറ്റിയതാണെന്നും ആരോപണമുണ്ട്. ബിജെപിയിലെയും ആര്‍.എസ്.എസിലെയും ഉന്നത നേതാക്കള്‍ ഇടപെട്ടാണു യശോദയെ തീര്‍ത്ഥാടനമെന്ന കള്ളക്കഥ മെനഞ്ഞ് മാധ്യമശ്രദ്ധയില്‍ നിന്നും മാറ്റിയതെന്നാണ് ഉയര്‍ന്നുവരുന്ന ആരോപണം.