അനക്കോണ്ട പാമ്പുകൾ ഇനി തിരുവനന്തപുരം മൃഗശാലയിലും

single-img
8 April 2014

ana അനക്കോണ്ട പാമ്പുകളെ ഇനി നേരിട്ടുകാണാന്‍ മലയാളികള്‍ക്ക്‌ അവസരം. ഈമാസം പത്തിന്‌ തിരുവനന്തപുരം മൃഗശാലയിലേക്ക്‌ എത്തുന്നത്‌ ഒന്നോ രണ്ടോ അനക്കോണ്ടകൾ അല്ല ഏഴ്‌ അനക്കോണ്ടകളാണ്‌. ലോകത്തിലെ ഏറ്റവും വലിയ പാമ്പ്‌വര്‍ഗത്തെ സ്വന്തമാക്കുന്ന, ഇന്ത്യയിലെ രണ്ടാമത്തെ മൃഗശാലയാണ്‌ തിരുവന്തപുരത്തേത്‌.

ശ്രീലങ്കയിലെ ദെഹിവാല മൃഗശാലയില്‍ നിന്നാണ്‌ ഇവയെ എത്തിക്കുന്നത്‌. ബുധനാഴ്‌ച ഇവയെ വിമാനമാര്‍ഗം ചെന്നയിലെത്തിക്കും. അന്നു തന്നെ ആനിമല്‍ ക്വാറന്റൈന്‍ സെന്ററിന്റെ പരിശോധന പൂര്‍ത്തിയാക്കി അവയെ പ്രത്യേക ട്രക്കില്‍ തിരുവനന്തപുരത്തേക്ക്‌ കൊണ്ടുവരും. എയര്‍കണ്ടീഷന്‍ ചെയ്‌തട്രക്കിലാണ്‌ യാത്ര.

അനക്കോണ്ടകള്‍ക്ക്‌ ഒരു ബുദ്ധിമുട്ടും വരാത്തവിധമാണ്‌ ട്രക്കില്‍ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്‌. ചെന്നൈ-തിരുവനന്തപുരം സെക്‌ടറില്‍ ചെറിയ വിമാനങ്ങളാണ്‌ സര്‍വീസ്‌ നടത്തുന്നത്‌. ടേക്കോഫ്‌ സമയത്തും ലാന്‍ഡിംഗ്‌ സമയത്തും ഇവയ്‌ക്കുണ്ടാകുന്ന കുലുക്കം പാമ്പുകളെ ബാധിക്കുമെന്നതിനാലാണ്‌ ട്രക്കില്‍ ഇവയെ അയക്കുന്നത്‌.

രണ്ടു വയസുള്ള ആണ്‍ പാമ്പും ആറു പെണ്‍പാമ്പുകളുമാണ്‌ എത്തുന്നത്‌. പൂര്‍ണവളര്‍ച്ചയെത്തുമ്പോള്‍ 22 അടി നീളവും 100 കിലോ ഭാരവും ഉണ്ടാകും. ഇവയെ പാര്‍പിക്കാന്‍ പ്രത്യേക കൂടുകള്‍ ഒരുക്കുന്നുണ്ട്‌. സര്‍ക്കാരിന്റെ അനുമതി കിട്ടിക്കഴിഞ്ഞാല്‍ തിരുവനന്തപുരത്തു നിന്ന്‌ ശ്രീലങ്കയ്‌ക്ക് ഇന്ത്യന്‍ കാട്ടുപോത്തുകളെ സമ്മാനിക്കും. നിലവില്‍ ഇന്ത്യയില്‍ മൈസൂര്‍ മൃഗശാലയില്‍ മാത്രമാണ്‌ അനക്കോണ്ടകളുള്ളത്‌. 2011-ല്‍ ഇവയെയും ശ്രീലങ്കയില്‍ നിന്നു തന്നെയാണ്‌ കൊണ്ടുവന്നത്‌.