ദില്ലിയിലെ പ്രചാരണ റാലിക്കിടെ കെജരിവാളിനു വീണ്ടും മര്‍ദ്ദനമേറ്റു

single-img
8 April 2014

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന് നേരെ വീണ്ടും കയ്യേറ്റം. തെരഞ്ഞെടുപ്പ് പരസ്യ പ്രചരണത്തിന്റെ അവസാന ദിവസമായ ഇന്ന് തെക്കു പടിഞ്ഞാറന്‍ ദില്ലിയിയിലെ സുല്‍ത്താന്‍പൂരില്‍  നടന്ന റോഡ്‌ഷോയ്ക്കിടെ അക്രമി കെജ്‌രിവാളിന്റെ കരണത്തടിക്കുകയായിരുന്നു. ആക്രമണത്തില്‍ കെജ്രവാളിന്റെ കണ്ണിന് പരിക്കേറ്റതായി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയ ട്വിറ്ററിലൂടെ അറിയിച്ചു. നേരത്തെ കെജ്രിവാളിന് നേരെ പല തവണ ആക്രമണമുണ്ടായിരുന്നു.

സുല്‍ത്താന്‍പുരിയിലൂടെ റോഡ് ഷോ കടന്നുപോകുന്നതിനിടെ ഒരു ഓട്ടോറിക്ഷാ ഡ്രൈവറാണ് കെജ്രിവാളിനെ കൈയ്യേറ്റം ചെയ്തത്. ആക്രമണത്തിന് പിന്നാലെ ഇയാളെ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്തു. ഓട്ടോറിക്ഷ തൊഴിലാളികള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സുല്‍ത്താന്‍പുരി സ്വദേശിയായ ലാലി എന്നയാളാണ് ആക്രമണം നടത്തിയത്. ഇയാളെ പൊലീസ് കസ്റഡിയിലെടുത്തു.

എന്തിനാണ് താനിങ്ങനെ നിരന്തരം ആക്രമിക്കപ്പെടുന്നതെന്ന കാര്യമാണ് ആലോചിക്കുന്നതെന്ന് കെജ്രിവാള്‍ ട്വിറ്ററില്‍ പറഞ്ഞു. ‘ആരൊക്കെയാണ് ഇതിന് പിന്നില്‍, അവര്‍ക്കെന്താണ് വേണ്ടത്? ഇതു കൊണ്ട് എന്താണ് അവര്‍ നേടുന്നത്? അവര്‍ സമയവും സ്ഥലവും പറയട്ടെ, ഞാനങ്ങോട്ട് ചെല്ലാം. അവരെന്നെ വേണ്ടത്ര തല്ലിച്ചതക്കട്ടെ. അതു കൊണ്ട് പക്ഷേ എങ്ങിനെയാണ് രാജ്യത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുക?’-ഇതായിരുന്നു അപകടത്തിന് ശേഷം കെജ്രിവാള്‍ നടത്തിയ ട്വീറ്റ്.

അടുത്തിടെ ഡല്‍ഹിയിലെ ദക്ഷിണ്‍പുരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കെജ്‌രിവാളിന് മര്‍ദ്ദനമേറ്റിരുന്നു. സൗത്ത് ഡല്‍ഹിയിലെ ആം ആദ്മി സ്ഥാനാര്‍ത്ഥി ദേവീന്ദ്ര ശെഖാവത്തിനു വേണ്ടി പ്രചാരണം നടത്തവെയായിരുന്നു സംഭവം. അക്രമി പുറകില്‍ നിന്നും കെജ്‌രിവാളിന്‍റെ പുറത്ത് ഇടിക്കുകയായിരുന്നു.

ഏഴ് ലോക്‌സഭ മണ്ഡലങ്ങളുള്ള ഡല്‍ഹിയില്‍ അരവിന്ദ് കെജ്‌രിവാള്‍ ഓരോ ദിവസം ഓരോ മണ്ഡലത്തില്‍ റോഡ് ഷോ നടത്തുണ്ട്.

ദിവസങ്ങള്‍ക്ക് മുമ്പ് ഹരിയാനയില്‍ വെച്ചും കെജ്‌രിവാളിനു നേരെ കയ്യേറ്റശ്രമമുണ്ടായിരുന്നു. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്രമോദിക്ക് എതിരായ കെജ്‌രിവാള്‍ മത്സരിക്കുന്ന വാരാണസിയില്‍ നടന്ന പ്രചാരണത്തിനിടെ അരവിന്ദ് കെജ്‌രിവാളിന് നേരെ മഷിപ്രയോഗവും നടന്നിരുന്നു.