മലേഷ്യന്‍ വിമാനം : ബ്ലാക്ക്‌ ബോക്‌സില്‍ നിന്നുള്ള സിഗ്നലുകള്‍ ചൈനീസ്‌ കപ്പലിന്‌ ലഭിച്ചതായി സൂചന

single-img
5 April 2014

flightകാണാതായ മലേഷ്യന്‍ വിമാനത്തിന്റെ ബ്ലാക്ക്‌ ബോക്‌സില്‍ നിന്നുള്ള സിഗ്നലുകള്‍ ചൈനീസ്‌ കപ്പലിന്‌ ലഭിച്ചതായി സൂചന . വിമാനത്തിനായി തിരച്ചില്‍ നടത്തുന്ന ചെനയുടെ ഹയ്‌ക്സണ്‍ 01 കപ്പലിന്‌ 37.5 കിലോഹെര്‍ട്‌സിലുള്ള സിഗ്നലാണ്‌ ലഭിച്ചിരിക്കുന്നത്‌. ചൈനയുടെ വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയാണ്‌ വിവരം പുറത്തുവിട്ടിരിക്കുന്നത്‌. എന്നാൽ ഇതു സംബന്ധിച്ച്‌ ഇതുവരെ ഔദ്യോഗിക സ്‌ഥിരീകരണം ഉണ്ടായിട്ടില്ല.

വിമാനത്തിന്റെ റെക്കോര്‍ഡറുകളുടെ ബാറ്ററികള്‍ ഉടന്‍ നിര്‍ജീവമാകുമെന്ന ആശങ്ക നിലനില്‍ക്കെ ഊര്‍ജിതമായ തിരച്ചിലാണ് നിരവധി കപ്പലുകളും വിമാനങ്ങളും ചേര്‍ന്ന് നടത്തുന്നത്. കണാതായ മലേഷ്യന്‍ വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നു വീണുവെന്നാണ് കരുതുന്നത്. എന്നാല്‍ വിമാനത്തിന്റെ അവശിഷ്ടങ്ങളൊന്നും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മലേഷ്യ തലസ്ഥാനമായ ക്വലാലംപൂരില്‍നിന്ന് ചൈന തലസ്ഥാനമായ ബെയ്ജിങ്ങിലേക്കുപോയ വിമാനം വഴിതെറ്റി പറന്നത് സംബന്ധിച്ച ദുരൂഹതയും ഇനിയും നീങ്ങിയിട്ടില്ല. 239 പേര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു.

കടലിനടിയില്‍ തിരച്ചില്‍ നടത്താനുള്ള സംവിധാനങ്ങളുള്ള കപ്പലുകളാണ് 217,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് വിമാനത്തിനുവേണ്ടി തിരച്ചില്‍ നടത്തുന്നത്. അമേരിക്കന്‍ നാവികസേനയുടെ ഉപകരണങ്ങള്‍ ഉപയോഗിച്ച് ഓസ്‌ട്രേലിയന്‍ നാവികസേനാ കപ്പലായ ഓഷ്യന്‍ ഷീല്‍ഡും എച്ച് എം എസ് എക്കോയെന്ന മറ്റൊരു കപ്പലും തിരച്ചിലിന് നേതൃത്വം നല്‍കുന്നു. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സില്‍നിന്നുള്ള സിഗ്നലുകള്‍ കണ്ടെത്താനുള്ള ശ്രമമാണ് കപ്പലുകള്‍ പ്രധാനമായി നടത്തുന്നത്.

പ്രവര്‍ത്തനം നിലച്ച്‌ ഒരു 30 ദിവസം മാത്രമേ വിമാനത്തെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്ന ബ്ലാക്ക്‌ ബോക്‌സ് സിഗ്നലുകള്‍ പുറപ്പെടുവിക്കൂ. അതിനാല്‍ ഏപ്രില്‍ ഏഴിന്‌ ശേഷം ബ്ലാക്ക്‌ ബോക്‌സ് കണ്ടെത്തുക കൂടുതല്‍ ദുഷ്‌ക്കരമാകും. വിമാനം തകര്‍ന്നതിന്റെ കാരണവും തകരുന്നതിന്‌ മുന്‍പ്‌ വിമാനത്തില്‍ എന്താണ്‌ സംഭവിച്ചതെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങളുടെ ചുരുളഴിയണമെങ്കില്‍ ബ്ലാക്ക്‌ ബോക്‌സ് വീണ്ടെടുക്കേണ്ടതുണ്ട്‌