ബാബറി മസ്ജിദ് : കൊബ്രാപോസ്റ്റിന്റെ റിപ്പോര്‍ട്ട്‌ കോണ്‍ഗ്രസ്‌ ഗൂഢാലോചനയെന്നാരോപിച്ചു ബിജെപി പരാതി നല്‍കി

single-img
4 April 2014

ന്യൂഡൽഹി: ബാബറി മസ്ജിദ് തകർത്തത് ആസൂത്രിതമായിട്ടായിരുന്നുവെന്നും ആകസ്മികമല്ലായിരുന്നുവെന്നും കാണിച്ചു കോബ്ര പോസ്റ്റ് എന്ന വെബ്സൈറ്റ് പുറത്തുവിട്ട ഒളിക്യാമറാ റിപ്പോർട്ടിനെതിരെ ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ഈ റിപ്പോര്‍ട്ട്‌ കോണ്‍ഗ്രസ്‌ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ബി ജെപിയുടെ ആരോപണം.

തെരഞ്ഞെടുപ്പ് സമാധാനപരമായി നടക്കുന്നതിന് കോബ്രാ പോസ്റ്റിന്റെ പ്രക്ഷേപണം തടയണമെന്ന് ബിജെപി നേതാവ് മുക്താര്‍ അബ്ബാസ് നഖ്‌വി കമ്മീഷനോട് ആവശ്യപ്പെട്ടു. ബാബ്‌റി മസ്ജിദ് തകര്‍ത്തതിനു പിന്നില്‍ ഗൂഡാലോചന നടന്നിരുന്നുവെന്ന വെളിപ്പെടുത്തലാണ് കോബ്രാ പോസ്റ്റ് ഇന്ന് പുറത്തുവിടുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. സംഭവത്തില്‍ പങ്കാളികളായ ശിവസേന, വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകരുമായി കോബ്രാ പോസ്റ്റ് ലേഖകര്‍ നടത്തിയ സംഭാഷണത്തിന്റെ ഒളികാമറ ദൃശ്യങ്ങളാണ് ഇന്ന് പുറത്തുവിടാനിരിക്കുന്നത്.

റിപ്പോർട്ട് പുറത്തുവിട്ടതിന്റെ സമയം ഇതിനുപിന്നിലെ ഗൂഡാലോചനയാണ് കാണിക്കുന്നതെന്നും വോട്ടർമാരെ ധ്രുവീകരിക്കാനാണ് ഇങ്ങനെ ചെയ്‌തതെന്നും ബിജെപി വക്താവ് മുക്താർ അബ്ബാസ് നഖ്‌വി പത്രസമ്മേളനത്തിൽ ആരോപിച്ചു. ഇത്തരം സംപ്രേഷണങ്ങൾ തടയണമെന്ന് പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷനോടഭ്യർത്ഥിച്ചു. കോൺഗ്രസ് ആണ് ഇതിനു പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു.

വിശ്വഹിന്ദു പരിഷത്ത്,​ ശിവസേന,​ ബജ്രംഗ് ദൾ എന്നിവ ചേർന്നാണ് സംഭവം ആസൂത്രണം ചെയ്തതെന്നും എൽ.കെ.അദ്വാനി,​ മുരളി മനോഹർ ജോഷി തുടങ്ങിയ സീനിയർ ബിജെപി നേതാക്കൾക്ക് ഇതിനെക്കുറിച്ച് നേരത്തെതന്നെ അറിയാമായിരുന്നുവെന്നും 23 പ്രമുഖ കർസേവകരെ ഉദ്ധരിച്ചാണ് കോബ്ര പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നത്.